
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മുന്നണികൾ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറഞ്ഞ്, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത്. അതേസമയം വിമത ശല്യവും പാർട്ടിക്കുള്ളിലെ തമ്മിലടിയുമാണ് യുഡിഎഫ് -എൻഡിഎ മുന്നണികൾക്ക് തലവേദനയാകുന്നത്. മുന്നണി സംവിധാനം കൂടുതൽ കെട്ടുറപ്പോടെ ചലിക്കുമ്പോൾ ഒറ്റക്കെട്ടായി മുന്നേറുകയാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ.
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ അനുഭവിച്ചിട്ടില്ലാത്ത കുടുംബങ്ങൾ ഇല്ല എന്നതിനാൽ തന്നെ അക്കാര്യം ഊന്നിപ്പറഞ്ഞാണ് ഇടത് സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത്. തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർഥിനിർണയം നേരത്തെ പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ പ്രചരണവും അതിവേഗം മുന്നോട്ടു പോവുകയാണ്. പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചും ഭവന സന്ദർശനം നടത്തിയും ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം മുന്നേറുന്നത്.
യുഡിഎഫ് മുന്നണിയാകട്ടെ പ്രചരണ പ്രവർത്തനങ്ങളിൽ ഏറെ പിന്നിലാണ്. മിക്കയിടങ്ങളിലും ഭീഷണിയായി നിൽക്കുന്ന വിമത സ്ഥാനാർത്ഥികളും പൊതുവിൽ യുഡിഎഫിനും വിശേഷിച്ച് കോൺഗ്രസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരത്ത് മിക്കവാർഡുകളിലും കോൺഗ്രസിന് വിമത സ്ഥാനാർത്ഥികൾ ഉണ്ട്. ബിജെപി ആകട്ടെ പലയിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്ത സ്ഥിതിയിലാണ്. ചിലയിടങ്ങളിൽ മനപൂർവ്വം സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫുമായി വോട്ട് കച്ചവടവും നടക്കുന്നുണ്ട്. പാർട്ടിക്കും മുന്നണിക്കും ഉള്ളിലെ പ്രശ്നങ്ങൾ തീർത്തു, പ്രചരണ പ്രവർത്തനങ്ങളിൽ എൽഡിഎഫിനൊപ്പം എത്താൻ പാടുപെടുകയാണ് യുഡിഎഫും എൻഡിഎയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


