
സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (ഡിസംബർ 17) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രത്യേക തിരഞ്ഞെടുപ്പുള്ള വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും.
വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി തെന്നൂർകോണം അഞ്ജു നിവാസിൻ ജസ്റ്റിൻ ഫ്രാൻസിസ് (60) വാഹനാപകടത്തിലാണ് മരിച്ചത്. എടക്കര മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡായ പായിംപാടത്തെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കുറ്റിക്കാട് വട്ടത്ത് ഹസീന (52) ഡിസംബർ ഏഴിന് രാത്രിയാണ് മരിച്ചത്. ഹസീന 2000– 2005ൽ എടക്കര മൂത്തേടം പഞ്ചായത്ത് കുറ്റിക്കാട് വാർഡ് അംഗമായിരുന്നു. പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി എസ് ബാബു ഡിസംബർ ഒമ്പതിന് പുലർച്ചെ 2.30 ടെയാണ് മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

