
കൈക്കൂലി ആരോപണങ്ങൾ നേരിട്ട എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. കൊച്ചിയിൽ സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു. നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് രാധാകൃഷ്ണനെ ചെന്നൈയിലേക്കും പിന്നീട് ശ്രീനഗറിലേക്കും സ്ഥലം മാറ്റിയിരുന്നു. നിലവിൽ ശ്രീനഗറിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു വരവെയാണ് ധനമന്ത്രാലയത്തിൻ്റെ നിർണ്ണായക നടപടി. രാധാകൃഷ്ണനെതിരെയുള്ള പരാതികളിൽ ഇ ഡി നടത്തിയ പ്രാഥമികാന്വേഷണത്തിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിർബന്ധിത വിരമിക്കലിന് മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയം കളിച്ചെന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ കൂടിയാണ് ഇ ഡി സർവീസിൽ നിന്നും നീക്കിയ പി രാധാകൃഷ്ണൻ. കൊച്ചി സോണൽ ഓഫീസിൽ അസിസ്‌റ്റന്റ് ഡയറക്‌ടറായിരിക്കെയാണ് രാധാകൃഷ്‌ണൻ സ്വർണക്കടത്ത് കേസന്വേഷണ ചുമതലയേറ്റത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരാഴ്‌ചയ്‌ക്കകം കേസ് രജിസ്‌റ്റർ ചെയ്‌തു. പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരും അറസ്‌റ്റിലായതിന് പിന്നാലെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിലേക്ക് അന്വേഷണമെത്തിച്ചു. തുടർന്നാണ് അന്വേഷണം മുഖ്യമന്ത്രിയിലേക്കും ഓഫീസിലേക്കും എത്തിക്കാൻ നീക്കമാരംഭിച്ചത്. ജയിലിൽ വെച്ച് സ്വപ്നയുടെ മൊഴിയെടുക്കുമ്പോൾ
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പറയാൻ നിർബന്ധിച്ചതായി അവർതന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇഡി ഇതേ ആവശ്യം തന്നോടും ഉന്നയിച്ചതായി മറ്റൊരു പ്രതി സന്ദീപ് നായരും പിന്നീട് സ്‌പെഷ്യൽ കോടതിക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തി.
Also read; മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന് എതിരെ സ്വന്തം നാട്ടിൽ സേവ് യുഡിഎഫ് എന്ന പേരിൽ പോസ്റ്ററുകൾ
റെഡ് ക്രസന്റ് ഉൾപ്പെട്ട കേസ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നീക്കവും രാധാകൃഷ്‌ണൻ നടത്തി. ലൈഫ് പദ്ധതിയെ തകർക്കാൻ ലക്ഷ്യമിട്ട നീക്കം അതിരുവിട്ടതോടെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി രാധാകൃഷ്‌ണനോട് അന്വേഷണത്തിന്റെ വിശദാംശങ്ങൾ തേടി. അതിന് രേഖാമൂലം വിശദീകരണം നൽകേണ്ടിയും വന്നു. കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽനിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിരിയാണി ചെമ്പിൽ സ്വർണം കടത്തി, ഖുർ ആനിലും ഇൗന്തപ്പഴത്തിനുള്ളിൽ വച്ചും സ്വർണം കടത്തി തുടങ്ങിയ കഥകൾ ഇഡി റിപ്പോർട്ടുകളായി കോടതിയിലെത്തിച്ചതും രാധാകൃഷ്‌ണനായിരുന്നു. കേസിൽ ഇഡി രാഷ്‌ട്രീയം കളിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ഇഡിയുടെ നീക്കങ്ങൾ നിറംപിടിപ്പിച്ച് ഒരുപറ്റം മാധ്യമങ്ങൾക്ക് പങ്കിട്ടിരുന്നതും രാധാകൃഷ്‌ണനാണ്. ഇദ്ദേഹം ഇടപെട്ട മറ്റു കേസുകളിലെ വഴിവിട്ടുള്ള നീക്കങ്ങളും പരാതിയായി ഉയർന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

