
വിടപറഞ്ഞ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ചും അനുശോചനം രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ചും നടൻ മോഹൻലാൽ. അമ്മയുടെ വിയോഗത്തിൽ ഒപ്പം നിന്ന എല്ലാവരോടും നടൻ നന്ദി അറിയിച്ചു. ജീവിതയാത്രയിൽ എക്കാലവും സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും കരുത്തായിരുന്നു അമ്മയെന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
‘എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..’, മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ ജീവിതത്തിലെന്നപോലെ സിനിമാ യാത്രയിലും വലിയൊരു സ്വാധീന ശക്തിയായിരുന്നു അമ്മ ശാന്തകുമാരി. പല അഭിമുഖങ്ങളിലും വേദികളിലും അദ്ദേഹം അത് തുറന്നുപറഞ്ഞതും മലയാളികൾ കേട്ടിട്ടുണ്ട്. ഈ അമ്മ-മകൻ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് മറ്റ് പലരും പറഞ്ഞതും നമ്മൾ കേട്ടു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന താരത്തിന്റെ അമ്മയെ കുറിച്ചുള്ള വാക്കുകൾ ആരാധകർ എപ്പോഴും ഹൃദയം കൊണ്ടാണ് കേട്ടിരുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഡിസംബർ 30) ഉച്ചയ്ക്കാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. 90 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇവർ ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മൂത്തമകനാണ്. 2000ൽ ആണ് ഇദ്ദേഹം മരണപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

