
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). ഇന്നും എപ്പോഴും അവൾക്കൊപ്പമെന്നാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു.
അതിജീവിതയുടെ പോരാട്ടയാത്രയെ കഴിഞ്ഞ ദിവസം ഡബ്ല്യുസിസി ഓർത്തെടുത്തിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് കുറിച്ച ഡബ്ല്യുസിസി അതിജീവിതയുടെ പ്രതിരോധം സാമൂഹിക മനസാക്ഷിയിൽ പൊളിച്ചെഴുത്ത് നടത്തിയെന്നും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തിയെന്നും പറഞ്ഞു. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന തലക്കെട്ടോടെയാണ് ഡബ്ല്യുസിസി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്.
ദിലീപിനെ അടക്കം കുറ്റവിമുക്തനാക്കിയ വിധിയിൽ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നേരത്തെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഇതെന്ത് നീതിയാണെന്നു ചോദിച്ച അവർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണമാണിതെന്നും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം നിയമം നീതിയുടെ വഴിക്ക് പോകട്ടെ എന്നാണ് താരസംഘടന അമ്മയുടെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു പാർവതിയുടെ പോസ്റ്റ്. എന്നും അവൾക്കൊപ്പമാണെന്നു നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു കോടതി വിധിയോട് എഴുത്തുകാരി സാറാ ജോസഫിന്റെ പ്രതികരണം. വർഷങ്ങളോളം വിധി പറയാതെ വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം എന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ട്. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെനാണ് കോടതിയുടെ കണ്ടെത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

