
യുഡിഎഫ് കാലത്ത് ശബരിമലയിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിന്റെ വിവരങ്ങൾ കൈരളി ന്യൂസിനോട് പങ്കുവച്ച് ദേവസ്വം മുൻ ചീഫ് വിജിലൻസ് ഓഫീസർ വി ഗോപാൽ കൃഷ്ണൻ. ശബരിമലയിലെ കാണിക്ക വരുമാനത്തിൽ നിന്നടക്കം വൻതോതിൽ പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് വിജിലൻസ് പിടിച്ചെന്നും അദ്ദേഹം കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കാണിക്കയെണ്ണുന്ന മൂന്ന് ദിവസവേതന ജീവനക്കാർ ചേർന്ന് 40 ലക്ഷം രൂപ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെ പിടിക്കപ്പെട്ട കാര്യവും വി ഗോപാൽ കൃഷ്ണൻ പങ്കുവെച്ചു. ശബരിമലയിൽ ദിവസേന 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ കാണിക്ക വരുമാനം ലഭിക്കുമ്പോൾ അതിൽ നിന്ന് 15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കടത്തപ്പെടാറുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ശബരിമലയിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബാങ്കായ ധനലക്ഷ്മി ബാങ്കിന് പണം കടത്തുന്നതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് തടയാനായി ബാങ്ക് അധികൃതർക്ക് താക്കീത് നൽകുകയും ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. കാണിക്ക എണ്ണുന്നത് നിരീക്ഷിക്കാൻ കാമറകൾ മാത്രം പോരാ എന്നുള്ളത് കൊണ്ട് 50 യുവ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചു.
ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇതിനെ ശക്തമായി എതിർത്തുവെങ്കിലും ഹൈക്കോടതി ഇടപെടൽ ചൂണ്ടിക്കാട്ടി വിജിലൻസ് ആവശ്യത്തിൽ ശക്തിയുക്തം ഉറച്ചു നിന്നതോടെ പൊലീസുകാരെ വിന്യസിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും, പണം മോഷ്ടിക്കുന്നതിനായി ക്യാമറകൾ ഇടയ്ക്കിടെ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഓഫ് ചെയ്തും തട്ടിപ്പ് പിന്നീട് തുടർന്നതായി അറിഞ്ഞതായും വി ഗോപാൽ കൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

