
‘സെൽഫ് ട്രോളുകളിലെ നിഷ്കളങ്കത കൊണ്ട് കെ സുരേന്ദ്രനെ മഹത്വവൽക്കരിക്കാമെന്ന് കരുതേണ്ടെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. അഡ്വ. പി ഗവാസിന്‍റെ എഴുത്തിലാണ് തമാശകളിലൂടെ അപകടകരമായ രാഷ്ട്രീയ നിലപാടുകൾ ഒളിച്ചു കടത്താൻ നടത്തുന്ന ആസൂത്രിത നീക്കത്തെ പൊളിച്ചടുക്കുന്നത്. കെ സുരേന്ദ്രൻ എന്ന ബിജെപി നേതാവ് മുൻകാലങ്ങളിൽ നടത്തിയ രാഷ്ട്രിയ പ്രസ്ഥാവനകളെ, വീണ്ടും ശരീരഭാഷയിലും സംസാര ഭാഷയിലും സരസവും ലളിതവുമായ ക്രമീകരണങ്ങൾ വരുത്തി മലയാളി മനസിൽ ഉറപ്പിക്കാനുള്ള ശ്രമമാണ് അഭിമുഖത്തിലൂടെ ഒരു ചാനൽ നടത്തിയതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
‘ഉള്ളിക്ക് ഇപ്പോ എന്താ വില!’
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന സിനിമ വീണ്ടും മനസിലേക്ക് വന്നു. മമ്മൂട്ടി അവതരിപ്പിച്ച അരിപ്രാഞ്ചിയെന്ന് ആളുകൾ വിളിക്കുന്ന സി ഇ ഫ്രാൻസിസ് എന്ന വ്യവസായി പത്മശ്രീ ലഭിക്കാനായി നടത്തുന്ന നീക്കങ്ങൾ ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇതിനായി ഫ്രാൻസിസിന്റെ ജീവിത ചരിത്രം മാറ്റിയെഴുതുന്ന ഒരു രംഗമുണ്ട് സിനിമയിൽ. പ്രാഞ്ചിയേട്ടനെ മഹത്വവത്ക്കരിക്കാനായി അദ്ദേഹത്തിന്റെ ചരിത്രമെഴുതുന്ന രംഗം വീണ്ടുമോർത്തത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഏഷ്യാനെറ്റിലെ ‘ഗം’ പരിപാടിയുടെ അവതാരകൻ പ്രിയ സുഹൃത്ത് നിഷാന്ത് എം വി നടത്തിയ ‘അഭിമുഗം’ കണ്ടപ്പോഴാണ്.
ഒറ്റ നോട്ടത്തിൽ തമാശയുടെ ചുവട് പിടിച്ച സെൽഫ് ട്രോളുകൾ നിറഞ്ഞ നിഷ്ക്കളങ്കമായ ഒരു അഭിമുഖം. എന്നാൽ തമാശകളിലൂടെ അപകടകരമായ രാഷ്ട്രീയ നിലപാടുകൾ ഒളിച്ചു കടത്താൻ നടത്തുന്ന ആസൂത്രിത നീക്കമാണ് ഈ അഭിമുഖം.
കെ സുരേന്ദ്രൻ എന്ന ബിജെപി നേതാവ് മുൻകാലങ്ങളിൽ നടത്തിയ രാഷ്ട്രിയ പ്രസ്ഥാവനകളെ വീണ്ടും , ശരീരഭാഷയിലും സംസാര ഭാഷയിലും സരസവും ലളിതവുമായ ക്രമീകരണങ്ങൾ വരുത്തി മലയാളി മനസിൽ ഉറപ്പിക്കാനുള്ള ശ്രമമാണ് ഈ മാധ്യമ സ്ഥാപനം നടത്തിയത്. സുരേന്ദ്രനെതിരെയുള്ള കോഴക്കേസും അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ യാത്രയും ഉൾപ്പെടെ സ്വതസിദ്ധമായ ശൈലിയിൽ നിഷാന്ത് വീണ്ടും ചോദ്യങ്ങളായി ഉയർത്തുമ്പോൾ നാളിതുവരെയുള്ള തന്റെ ഭാവങ്ങളെയെല്ലാം മാറ്റിവെച്ച് അതിലും സരസമായി ഉത്തരം നൽകുകയാണ് കെ സുരേന്ദ്രൻ ചെയ്യുന്നത്.
രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പൊള്ളുന്ന ഏടുകളായ ശബരിമല വിഷയവും മുപ്പത്തഞ്ച് സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദവും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയുമെല്ലാം ചോദ്യങ്ങളായി വീണ്ടും മുന്നിലെത്തുമ്പോൾ പുഞ്ചിരിയോടെ, നിഷ്ക്കളങ്കത ഭാവിച്ചുകൊണ്ട് സുരേന്ദ്രൻ അതിനെല്ലാം ഉത്തരം നൽകുന്നു. മലയാളികൾക്ക് രസകരമായി കേട്ടിരിക്കാൻ പറ്റുന്ന ഒരു അഭിമുഖം തന്നെയാണിത്. എന്നാൽ നിഷ്ക്കളങ്കതയിലൂടെ അപകടകരമായ രാഷ്ട്രീയത്തെയും അതിന് നേതൃത്വം നൽകുന്ന മനുഷ്യരെയും മഹത്വവത്ക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നിഷാന്തിലൂടെ ഏഷ്യാനെറ്റ് നടത്തുന്നതെന്ന് പറയാതെ വയ്യ. ശ്രീനിവാസൻ കഥാപാത്രത്തെപ്പോലെ തന്നെത്തന്നെ ട്രോളിക്കൊണ്ടാണ് സുരേന്ദ്രന്റെ സംസാരം. ഉള്ളിയെന്ന പരിഹാസ വിളിയെക്കുറിച്ചുള്ള ചോദ്യത്തിന് വീട്ടിലിപ്പോൾ ഉള്ളി വേണ്ടെന്നാണ് പറയുന്നതെന്നും തന്റെ മകനെ ചെറിയ ഉള്ളിയെന്നാണ് ആളുകൾ വിളിക്കുന്നതെന്നുമെല്ലാം സുരേന്ദ്രൻ പറയുമ്പോൾ മുൻകാലങ്ങളെ ഭാവങ്ങൾ മറന്ന് സുരേന്ദ്രനെ സരസനും നിഷ്ക്കളങ്കനുമായ ഒരാളായി മലയാളികളുടെ ഉള്ളിലേക്ക് പ്രതിഷ്ഠിക്കുകയാണ് ഏഷ്യാനെറ്റ്.
വയനാട് ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ടിട്ടും മുഖം തിരിച്ച കേന്ദ്ര സർക്കാർ നിലപാട് മലയാളികൾ മറന്നിട്ടില്ല. അങ്ങേയറ്റം ക്രൂരമായ രീതിയിൽ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് തന്നെയാണ് ഈ അഭിമുഖത്തിലും സുരേന്ദ്രൻ ആവർത്തിക്കുന്നത്. പക്ഷെ സംസാരത്തിൽ മധുരം കയറ്റി സംസാരിക്കുന്ന സുരേന്ദ്രനോട് മറുചോദ്യങ്ങൾ ഒഴിവാക്കി കേന്ദ്ര അവഗണനയെന്ന യാഥാർത്ഥ്യത്തെ കേരളം കണക്ക് നൽകിയിലെന്ന വിഢിത്തത്തെ ഇവിടെ മഹത്വവൽകരിക്കുന്നു.
തങ്ങൾക്കെതിരെ സംസാരിക്കുന്ന കലാരൂപങ്ങളെ തകർത്തെറിയാൻ എന്നും നീക്കം നടത്തിയ പ്രസ്ഥാനമാണ് ബിജെപിയും സംഘപരിവാറും അടുത്തിടെ എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള നീക്കങ്ങൾ ഉൾപ്പെടെ നാട് കണ്ടതാണ്.
ഇടതുപക്ഷാഭിമുഖ്യ, പുരോഗമനാത്മക സിനിമയെയും സാഹിത്യത്തെയും എന്നും കടന്നാക്രമിച്ച കെ സുരേന്ദ്രൻ അഭിമുഖത്തിൽ മറ്റൊരു മുഖം എടുത്തണിയുന്നതും കാണാതിരുന്നുകൂടെ. സിനിമയുടെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിലും നരിവേട്ട എന്ന സിനിമ തനിക്കിഷ്ടമായി എന്നാണ് സുരേന്ദ്രൻ പറയുന്നത്. വിയോജിപ്പുകൾ ഉള്ളപ്പോഴും ആത്രേയകം ഗംഭീരമായ വായനാനുഭവമായിരുന്നു എന്നും സുരേന്ദ്രൻ പറയുന്നു. വിയോജിപ്പുള്ള സിനിമയെയും നോവലിനെയും വരെ ഇഷ്ടപ്പെടുന്ന ഒരു മഹാനായ മനുഷ്യനായി കെ സുരേന്ദ്രൻ സ്വയം ചിത്രീകരിക്കുമ്പോൾ, അത് ശരിയല്ലെന്നും നേരത്തെ ഇങ്ങനെയായിരുന്നില്ലല്ലോ നിലപാടുകളെന്നും ചോദിക്കാൻ നിഷാന്ത് ശ്രമിക്കുന്നില്ല.
എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന, വിയോജിപ്പുകൾക്കിടയിലും സ്നേഹത്തിന്റെ ഭാഷ കൈവശമുള്ള ഒരാളായി കെ സുരേന്ദ്രനെ ബോധപൂർവം ചിത്രീകരിക്കുമ്പോൾ ഇത് സുരേന്ദ്രനെ മാത്രം വെള്ളപൂശാനുള്ള നീക്കമല്ല. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെയും സംഘപരിവാർ പ്രസ്ഥാനങ്ങളെയാകെയും വെള്ളപൂശാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തിലാണ് ഏഷ്യാനെറ്റ് എന്ന് വ്യക്തം. ലീഗും കേരള കോൺഗ്രസും മാത്രമല്ല സിപിഐ ഉൾപ്പെടെ മുന്നണികളിൽ വീർപ്പ് മുട്ടി നിൽക്കുകയാണ് എന്നാണ് ചിരിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ മറ്റൊരു വാദം. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വർഗീയതയ്ക്കെതിരെ എന്നും പോരാടിയ ചരിത്രമുള്ള പ്രസ്ഥാനമാണ് സിപിഐ. വിരൾ നഖത്തിന്റെ കനത്തിൽ പോലും സംഘപരിവാറുമായി യോജിക്കുന്ന മുഹൂർത്തങ്ങൾ സിപിഐയ്ക്ക് ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല.
എന്തടിസ്ഥാനത്തിലാണ് സിപിഐയെ സംസാരത്തിൽ കെ സുരേന്ദ്രൻ കൂട്ടുപിടിക്കുന്നത്. സിപിഐ മുന്നണിയിൽ വീർപ്പു മുട്ടി നിൽക്കുകയാണെന്ന് സുരേന്ദ്രനോട് ആരാണ് പറഞ്ഞത്. ബിജെപിക്കൊപ്പം ചേരാൻ സിപിഐയ്ക്ക് മനസുണ്ട് എന്ന് എവിടെ നിന്നാണ് സുരേന്ദ്രൻ വായിച്ചെടുത്തത്. ലീഗിനെയും കേരള കോൺഗ്രസിനെയും പോലെ സിപിഐയെ വിലയിരുത്തുന്ന കെ സുരേന്ദ്രൻ വിഡ്ഡിത്തം നിറഞ്ഞ ഉത്തരത്തിനും പക്ഷെ പ്രിയപ്പെട്ട നിഷാന്ത് മറുചോദ്യം ഉന്നയിക്കുന്നില്ല.
സുരേന്ദ്രന്റെ ഉത്തരത്തിലൂടെ എല്ലാ ചോദ്യങ്ങളും പൂർത്തിയാക്കപ്പെടുമ്പോൾ അപകടകരമായ ഒരു രാഷ്ട്രീയ ദൗത്യ നിർവ്വഹണത്തിൽ അറിയാതെ (എന്നുപറയാനാണ് എനിക്കിഷ്ടം) നിഷാന്ത് കൂടിപങ്കാളിയാവുന്നു.
നിഷാന്ത് എന്റെ അടുത്ത സുഹൃത്താണ്. തമാശ നിറഞ്ഞ അദ്ദേഹത്തിന്റെ ‘ഗം’ പരിപാടിയുടെ കാഴ്ചക്കാരനുമാണ് ഞാൻ. പലപ്പോഴും പരിപാടി കണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കാറുമുണ്ട്. നിഷാന്ത് ചിലപ്പോൾ പ്രത്യേക ലക്ഷ്യമൊന്നും ഇല്ലാതെ തയ്യാറാക്കിയ അഭിമുഖം ആയിരിക്കാം ഇത്. എന്നാൽ ഇതിന് പിന്നിൽ വലിയൊരു അപകടം പതിയിരിപ്പുണ്ട് എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു.
നിഷാന്തിലൂടെ സംഘപരിവാർ അനുകൂല നിലപാടുകൾ വളർത്താൻ കച്ചകെട്ടിയിറങ്ങിയ വരുടെ ഉദ്ദേശം തിരിച്ചറിയാതെ പോകുന്നത് അപകടകരമായിരിക്കും. എന്ത് രസകരമായ അഭിമുഖം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ‘ഉള്ളി’ ട്രോൾ പല ഇടതുപക്ഷ സോഷ്യൽ മീഡിയാ ഭാഗങ്ങളിലും കറങ്ങി നടക്കുന്നുമുണ്ട്. 50 രൂപയുടെ പെട്രോളും രാജീവ് ചന്ദ്രശേഖറിൻ്റെ മംഗ്ലീഷും ഒന്നും കേവലമായ ട്രോൾ മാറ്ററുകൾ അല്ല. തമാശ നിറഞ്ഞ അഭിമുഖ ഭാഷണത്തിലൂടെ രസിപ്പിക്കലിനപ്പുറം, തന്റെ ഇമേജ് മാറ്റിമറിക്കുന്നതിനപ്പുറം സുരേന്ദ്രൻ പുഞ്ചിരിയോടെ നടത്തുന്നത് രാഷ്ട്രീയ കേരളം ഏറെ ജാഗ്രതയോടെ കാത്തു സൂക്ഷിച്ച കേരളത്തിന്റെ നന്മയുടെ പാലങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണ്.
അവസാന കമ്മ്യൂണിസ്റ്റ് എന്ന് സഖാവ് വി എസ് നെ ആദ്യം വിശേഷിപ്പിച്ചത് ബി.ജെ.പി വാദങ്ങൾ ചാനലിൽ നിരത്തുന്ന ശ്രീജിത്ത് പണിക്കരായിരുന്നു എന്നതും പിന്നിടത് വലതുപക്ഷ മാധ്യമങ്ങളുടെ ഏകീകൃത ഭാഷാ പ്രയോഗമായി എന്നതും ഇവിടെ നിർബന്ധമായും കൂട്ടിവായിക്കണം.
… ആയതിനാൽ നമ്മൾ കൂടുതൽ ജാഗ്രതയുള്ളവരായിരിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

