
കേരളം അതിദാരിദ്ര്യമുക്തം എന്ന ചരിത്രനേട്ടം കൈവരിക്കുമ്പോൾ പൊള്ളയായ വിമർശനങ്ങളും ചോദ്യങ്ങളും ഉന്നയിച്ച കത്തെഴുതിയ ‘വിദഗ്ധരുടെ’ വൈദഗ്ധ്യം ചോദ്യം ചെയ്തുകൊണ്ടുള്ള മാധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. കത്തെഴുതി അതിൽ ഒപ്പിട്ടിരിക്കുന്നവർ പത്രം വായിക്കാറില്ല, വാർത്ത കാണാറില്ല, വിമർശിക്കാൻ വേണ്ടി പോലും സർക്കാർ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ഗവൺമെന്റ് ഉത്തരവുകൾ നോക്കുകയോ ചെയ്യാറില്ലെന്ന് കത്ത് വായിച്ചപ്പോൾ മനസിലായതായി മാധ്യമപ്രവർത്തക ഷാഹിന കെ കെ ഫേസ്‌ബുക്കിൽ കുറിച്ചു.
സാമ്പത്തിക വിദഗ്ധരടക്കം 24 പേരാണ് സർക്കാരിന് പത്ത് ചോദ്യങ്ങളുന്നയിച്ച് കൊണ്ട് കത്തയച്ചത്. എന്നാൽ ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം പോലും ഇവർക്കറിയില്ലെന്ന് കത്ത് വായിച്ചാൽ മനസിലാകുമെന്ന് ഷാഹിന കെ കെ പറയുന്നു. ഉന്നയിച്ച ചോദ്യങ്ങളിലെ പൊള്ളത്തരം അക്കമിട്ട് നിരത്തിയുള്ള മറുപടി പോസ്റ്റിന് സോഷ്യൽമീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം:
വിദഗ്ധർ എഴുതിയ കത്ത് ഇന്നാണ് കണ്ടത്. അതുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ഇന്നലെ കണ്ടിരുന്നുവെങ്കിലും. കഴിഞ്ഞ നാലര വർഷമായി നടന്നു വന്ന അതി വിപുലമായ ഒരു പ്രോസസ്സ്. UDF ഭരിക്കുന്നതടക്കമുള്ള വാർഡ് തല ഭരണ സമിതികളെയും പങ്കെടുപ്പിച്ച്, ഗ്രാമ സഭകളിൽ ചർച്ച ചെയ്ത്, അതി ദരിദ്രരെ കണ്ടെത്തുന്നത് മുതലുള്ള ഓരോ ഘട്ടത്തിലും അതിന്റെ മെത്തഡോളജി പ്രസിദ്ധീകരിച്ച്, വാർത്താ കുറിപ്പുകൾ മാധ്യമങ്ങൾക്ക് നൽകി നടന്നു വന്ന ഒരു പ്രവർത്തനം. ഈ ഘട്ടത്തിലൊന്നും ഈ വിദഗ്ധർ ആരും ഒരു ചോദ്യമോ വിമർശനമോ ഉന്നയിച്ചില്ല. ഒരക്ഷരം മിണ്ടിയില്ല.
എനിക്ക് മനസ്സിലായ കാര്യങ്ങൾ.
വിദഗ്ധർ എന്ന പേരിൽ ആ ഒപ്പിട്ടിരിക്കുന്നവർ പത്രം വായിക്കാറില്ല, വാർത്ത കാണാറില്ല. വിമർശിക്കാൻ നാല് പോയിന്റ് കിട്ടാൻ വേണ്ടി പോലും സർക്കാരിന്റെ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ഗവൺമെന്റ് ഉത്തരവുകൾ നോക്കുകയോ ചെയ്യാറില്ല. എന്നെ ഹഠാദാകർഷിച്ച കാര്യം, ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം ഇവർക്കറിയില്ല എന്നതാണ്. സർക്കാർ കണ്ടെത്തിയ 64000 കുടുംബങ്ങൾ ഏത് കേന്ദ്ര പദ്ധതിയിലാണ് ഉൾപ്പെട്ടിട്ടുള്ളത് എന്ന മില്യൻ ഡോളർ ചോദ്യം ഈ വിദഗ്ധർ ചോദിച്ചിട്ടുണ്ട്. ഒരു പദ്ധതിയിലും ഉൾപ്പെടാത്ത, ഒരു രേഖയുമില്ലാത്ത തികച്ചും അദൃശ്യരായ മനുഷ്യർ ഈ നാട്ടിലുണ്ട് എന്നവർക്ക് അറിയില്ല.
രേഖകൾ ഉണ്ടെങ്കിലും, ഭൂമിയോ നല്ല വീടോ സ്വന്തമായി ഉണ്ടെങ്കിലും അതിദരിദ്രർ ആയിരിക്കുന്ന അവസ്ഥയുണ്ട് എന്ന് ഈ വിദഗ്ധർക്കറിയില്ല. രോഗം മൂലമോ, വീട്ടിൽ കിടപ്പ് രോഗികൾ ഉള്ളത് കൊണ്ടോ പുറതിറങ്ങാൻ പോലും കഴിയാത്ത, ജോലി ചെയ്യാൻ കഴിയാത്ത, പരസഹായം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത മനുഷ്യർ ഈ നാട്ടിലുണ്ട് എന്ന് ഈ വിദഗ്ധർക്കറിയില്ല. അവർ യൂണിയൻ സർക്കാരിന്റെ അതിദരിദ്രരുടെ കണക്കെടുപ്പിൽ വരില്ല എന്നും ഈ വിദഗ്ധക്കറിയില്ല.
ഇങ്ങനെ ഒരു കത്ത് എഴുതിയത് നന്നായി. ഇവരുടെയൊക്കെ എലിറ്റിസത്തിന്റെയും അജ്ഞതയുടെയും ലവൽ നാട്ടുകാർക്ക് മനസ്സിലായി. യൂണിയൻ സർക്കാർ അതി ദരിദ്രരെ നിർണയിക്കുന്ന മാനദണ്ഡം വെച്ചല്ല ഈ പ്രക്രിയ നടന്നിട്ടുള്ളത് എന്ന് ഈ പ്രവർത്തനങ്ങൾ തുടക്കം മുതൽ നിരീക്ഷിച്ചിട്ടുള്ളവർക്ക് അറിയാം. എങ്ങനെയാണ് അതിദരിദ്രരെ കണ്ടെത്തിയതെന്ന സർക്കാരിന്റെ വിശദീകരണം ഒന്ന് വായിച്ചു നോക്കാൻ എങ്കിലും മെനക്കെട്ടിരുന്നുവെങ്കിൽ ഇങ്ങനെ നാണം കെടേണ്ടി വരില്ലായിരുന്നു. ഇങ്ങനെ exposed ആവില്ലായിരുന്നു.
പിന്നെ, പ്രിയ വിദഗ്ധർ ഇനിയെങ്കിലും കേന്ദ്ര സർക്കാർ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നത് നിർത്തണം. യൂണിയൻ സർക്കാർ ആണ്, യൂണിയൻ സർക്കാർ, കേന്ദ്രസർക്കാരല്ല. It is something very basic about our battle to protect Federalism.
അതി ദാരിദ്ര്യം തുടച്ച് നീക്കാം. അതി വൈദഗ്ധ്യം പക്ഷേ ഇച്ചിരി ബുദ്ധിമുട്ടാണ്.
വിദഗ്ധർ എന്ന് ഇങ്ങനെയല്ല എഴുതേണ്ടത് എന്നറിയാം. എന്റെ ഫോണിൽ ഇങ്ങനെയേ പറ്റുന്നുള്ളൂ. പിന്നെ ആ ഒപ്പിട്ട വിദഗ്ധർക്ക് ഇത്രയൊക്കെ മതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

