കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ‘രക്ഷിക്കാൻ’ രക്ഷക വേഷം കെട്ടാൻ വരട്ടെ സതീശൻ ജി…; ഇതുകൂടി കേട്ടിട്ട് പോകൂ – ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

vd satheeshan + kerala health + fb post

തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ വിവിധ മേഖലകൾക്ക് തന്റെ സംരക്ഷണം ആവശ്യമാണ് എന്ന തോന്നലിൽ രക്ഷക വേഷം അണിഞ്ഞ് മാധ്യമങ്ങൾക്ക് മുമ്പിൽ കറങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. ഹെൽത്ത് കമ്മീഷൻ, ഷി ഹോസ്പിറ്റൽ, യൂണിവേഴ്സൽ ഹെൽത്ത് ആക്സസ് എന്നിങ്ങനെ കേരളത്തിലെ ആരോഗ്യമേഖലയെ ‘രക്ഷിക്കാൻ’ പലതരം അജണ്ടകളാണ് പ്രതിപക്ഷനേതാവിന്‍റെ കൈവശമുള്ളത്.

എന്നാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ പേരുകളുടെ ആവശ്യമില്ലെന്നും, ഈ നേട്ടങ്ങളൊക്കെ കേരളം ഇടത് സർക്കാരിന്റെ പിന്തുണയോടെ എന്നേ കൈവരിച്ചു കഴിഞ്ഞെന്നും പോസ്റ്റിൽ അക്കമിട്ട് നിരത്തുന്നുണ്ട്. സതീശൻജിയുടെ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങും മുമ്പേ പൊളിച്ച, ഗോപകുമാർ മുകുന്ദന്റെ ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ശ്രീ വി. ഡി. സതീശന്റെ യാത്രയിൽ നിന്നും ആദ്യമായിട്ടാണ് കേരളത്തിന്റെ ഭാവി അജണ്ട സംബന്ധിച്ച ഒരു പ്രഖ്യാപനം കേട്ടത്. അത് ആരോഗ്യ മേഖലയിലെ അജണ്ടയാണ്.

1. ഒരു ഹെൽത്ത് കമ്മീഷൻ നടപ്പിലാക്കും.

2. She hospitals കൊണ്ടു വരും

3. യൂണിവേഴ്സൽ ഹെൽത്ത് ആക്സസ് നടപ്പിലാക്കും

എന്താണ് ഈ ഹെൽത്ത് കമ്മീഷൻ എന്നത് ഒരു പിടിയുമില്ല.

കഴിഞ്ഞ 10 കൊല്ലമായി കേരളത്തിൽ വന്ന മാറ്റം നോക്കാം. അപ്പോൾ സതീശന്റെ കമ്മീഷൻ എന്താണ് എന്നു വ്യക്തതയോടെ ചോദിക്കാം. കേരളത്തിലെ പൊതു ജനാരോഗ്യ സ്ഥാപനങ്ങളുടെ പരിവർത്തനം ലക്ഷ്യമിട്ട് 2016 ൽ LDF സർക്കാർ രൂപപ്പെടുത്തിയ ആർദ്രം മിഷൻ സർക്കാർ ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും കൊണ്ട് വന്ന മാറ്റം പ്രകടമാണ്.

o ആകെ 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 740 എണ്ണവും നവീകരിക്കപ്പെട്ടു, അവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തപ്പെട്ടു. 53 എണ്ണത്തിൽ പ്രവർത്തികൾ പുരോഗമിക്കുന്നു.

o 152 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകലിൽ 105 എണ്ണം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർന്നു. 17 എണ്ണത്തിന്റെ പണികൾ പുരോഗമിക്കുന്നു

o ആകെ 17 ജില്ലാ / ജെനറൽ ആശുപത്രികളിൽ 14 എണ്ണത്തിന്റെയും out patient transformation പൂർത്തിയായി. ഒന്നിൽ ജോലികൾ പുരോഗമിക്കുന്നു. ഇവയുടെ ചെലവ് മനസിലാക്കാൻ ഒരുദാഹരണം പറയാം. ആലപ്പുഴ ജനറൽ ആശുപത്രിയുടെ OP നവീകരണത്തിന് KIIFB മുതൽ മുടക്ക് 73.468 കോടി രൂപയാണ്. ഇതാണ് ഇതിന്റെ വലുപ്പം.

o ആകെ 43 താലൂക്ക് ആശുപത്രികളിൽ പണി നടക്കുന്നത് ഉൾപ്പടെ 34 എണ്ണമാണ് ഈ കളായലവിൽ വലിയ തോതിൽ നവീകരിക്കപ്പെട്ടത്. ചേർത്തല താലൂക്ക് ആശുപത്രിയുടെ ചെലവ് 71.19 കോടി രൂപയാണ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ ചെലവ് 83.97 കോടി രൂപയാണ് . കുണ്ടറ താലൂക്ക് ആശുപത്രി 38.66 കോടി രൂപ. ഉദാഹരങ്ങളായി പറയുന്നു എന്നു മാത്രം.

o ആധുനിക സംവിധാനങ്ങളും സങ്കേതങ്ങളും ഏർ പ്പെടുത്തിയും സേവന സമയവും സേവനത്തിന്റെ വൈപുല്യവും വർദ്ധിപ്പിച്ചും അടിസ്ഥാന സൌകര്യങ്ങളും രോഗനിർണ്ണയ സംവിധാനങ്ങളും വിപുലപ്പെടുത്തിയും നമ്മുടെ കേരളത്തിന്റെ ആരോഗ്യ രക്ഷാ ശൃംഖല നവീകരിക്കപ്പെട്ടു എന്നതാണ് ആർദ്രം മിഷൻ കൊണ്ടുവന്ന മാറ്റം

ഈ മാറ്റം പ്രായോഗികമാക്കാൻ 2016-2025 കാലത്ത് 10382 തസ്തികകളാണ് ആരോഗ്യ മേഖലയിൽ സൃഷ്ട്ടിച്ചത്. ഇതിന്റെ ഫലമായി ആധുനിക മേഖലയിൽ 1558 ജനറൽ ഡോക്ട്ടർമാരും 868 സ്പെഷ്യലിസ്റ്റ് ഡോക്ട്ടർമാരും സർക്കാർ ആശുപത്രികളിൽ അധികമായി വന്നു. ആകെ 2426ഡോക്ട്ടർമാർ പുതിയതായി വന്നു. ഇക്കാലയളവിൽ അധികമായി നിയമിക്കപ്പെട്ട നഴ്സുമാർ 3706 ആണ്. ലബോറട്ടറി പ്രൊഫഷണലുകൾ അടക്കം 2587 മറ്റു വിഭാഗം ജീവനക്കാരെയും അധികമായി നിയോഗിച്ചു.

സംസ്ഥാനത്തെ ആരോഗ്യ രക്ഷാ ശൃംഖലയുടെ പരിവർത്തനം നടന്ന വഴികളാണിത്.

2016-17 കാലയളവിൽ 6,146 കോടി രൂപയായിരുന്ന ആരോഗ്യ ബജറ്റ് 2021-22 ആയപ്പോഴേക്കും 13,124 കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) 1.24 ശതമാനത്തിൽ നിന്ന് 2.11 ശതമാനമായി ആരോഗ്യത്തിനായുള്ള ചെലവ് വർദ്ധിച്ചു. കൂടാതെ, കിഫ്ബി (KIIFB) വഴി 12,324.91 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരോഗ്യമേഖലയിൽ നടപ്പിലാക്കി വരുന്നു.

LDF കൊണ്ട് വന്ന മാറ്റത്തിന്റെ കണക്കുകളാണിത്. എന്താണ് ഹെൽത്ത് കമ്മീഷൻ എന്ന് ഇനി പറയണം.

She hospitals കൊണ്ട് വരും എന്നത് നല്ല തമാശയാണ്. കേരളത്തിൽ ഇപ്പോൾ 10 Women& Child Hospitals നിലവിലുണ്ട്. അവയിലെ ബെഡ് സ്ട്രെങ്ന്ത് 1921 ആണ്. കിഫ്ബി പദ്ധതി വഴി ഇവയുടെ സൌകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടക്കുന്നത്. അപ്പോൾ സതീശന്റെ She hospitals എന്താണ് എന്നു പറയണം? കൊച്ചി കോർപ്പറേഷനിൽ സമൃദ്ധിയുടെ സ്ഥലത്ത് ഇന്ദിരാ കാന്റീൻ പോലുള്ള എന്തോ സംഭവമാകും.

ആരോഗ്യ നേട്ടങ്ങൾ,ആരോഗ്യഭരണ നിർവ്വഹണവും വിവരണങ്ങളുടെ വിശ്വാസ്യതയുംസമഗ്രതയും,സ്ഥാപനങ്ങൾ,സൌകര്യങ്ങൾ,ആരോഗ്യപ്രവർത്തകർ,എന്നിങ്ങനെ എല്ലാ തലങ്ങളിലെയും സൂചകങ്ങൾ സമാഹരിച്ചാണ് നിതി ആയോഗ് സംയോജിത ആരോഗ്യ റാങ്ക് തയ്യാറാക്കുന്നത്. കേരളം 82.2 ശതമാനം സ്കോർ നേടി തുടർച്ചയായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ് നാടിന്റെ സ്കോർ 72.42 ആണ് എന്നതും പ്രസക്തമാണ്.

കേരളം യൂണിവേഴ്സൽ ഹെൽത്ത് ആക്സസ് കൈവരിച്ച സംസ്ഥാനമാണ് സർ. ഒരു കണക്കു കൂടി നോക്കാം.നമ്മുടെ ആശുപത്രി പ്രസവ നിരക്ക് 99.8% ആണ്.നഗരത്തിലും ഗ്രാമത്തിലും വ്യത്യാസമില്ല. നമ്മുടെ immunisation നിരക്ക് പൂർണ്ണമാണ്. അതായത് 95 % നു മുകളിൽ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് പൊതു ആശുപത്രികളിലെ OP റെജിസ്ട്രേഷൻ 80 ശതമാനമാണ് കൂടിയത്. അതു ആശുപത്രികളിൽ വന്ന നാടകീയമായ upgradation വരുത്തിയ മാറ്റമാണ്. എന്താണ് സതീശൻ ഉദ്ദേശിക്കുന്നത്?

തീരദേശ ആശുപത്രികൾ കൊണ്ട് വരും എന്നോ മറ്റോ പറയുന്നുണ്ട്.

ആലപ്പുഴ ചെട്ടികാട് എന്ന ഒരു തീര ദേശ ഗ്രാമം ഉണ്ട്. അവിടെ ഉണ്ടായിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റി പുനർ നിർമ്മിക്കുകയാണ്. എത്രയാണ് ചെലവ് എന്നറിയുമോ? 102 കോടി രൂപ. പണി പൂർത്തിയാകുകയാണ്.

കരുനാഗപ്പള്ളി- 83.97 കോടി രൂപ, തുറവൂർ-34.9 കോടി രൂപ, ചേർത്തല -71.95 കോടി രൂപ, ആലപ്പുഴ 73.46 കോടി രൂപ , കായംകുളം-71 കോടി രൂപ, കരുവേലിപ്പടി ( കൊച്ചി) താലൂക്ക് ആശുപത്രി-29.67 കോടി രൂപ,എറണാകുളം ജെനറൽ ആശുപത്രി- 76.5 കോടി രൂപ, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി- 333 കോടി രൂപ, പൊന്നാനി താലൂക്ക് ആശുപത്രി 11.8 കോടി രൂപ, താലൂക്ക് ആശുപത്രി ഫെറോക്- 21 കോടി രൂപ— ഇതാണ് തീരദേശ ആശുപത്രികളുടെ സാമ്പിൾ. എന്താണ് സതീശനും സംഘവും ചെയ്യാൻ പോകുന്നത് എന്നു പറയണം.

എന്തായാലും കിഫ്ബി നിങ്ങൾ നിർത്തുമല്ലോ? എന്താണ് UDF ന്റെ ഫിനാൻസിങ് പദ്ധതി?

ചുമ്മാ സ്നേഹ തള്ളലു നടത്താതെ കാര്യം നേരെ പറയൂ സർ. ജനങ്ങൾ താരതമ്യം ചെയ്യട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News