
കൊടും കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിൽ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജെ സെല്ലിൽ നിന്ന് ഇഴഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. സെല്ലിന്റെ അഴിയുടെ താഴ്വശത്തെ കമ്പി അറുത്താണ് ഇയാൾ പുറത്തിറങ്ങിയത്. ശേഷം അതുപോലെ കമ്പി തിരിച്ച് വെയ്ക്കുന്നുമുണ്ട്.
മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു. സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി, വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി സിസിടിവിയില്‍ വ്യക്തമാണ്.
പുലര്‍ച്ചയോടെയാണ് ജയില്‍ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ തുടങ്ങിയത്. പിന്നീടാണ് ഒൻപത് മണിയോടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ നാട്ടുകാർ സംശയകരമായി കണ്ടെന്ന് വിവരം ലഭിക്കുന്നത്. ഗോവിന്ദച്ചാമീ എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. നിലവില്‍ ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

