
കൊച്ചു മാളികപ്പുറത്തിന് തുണയായി വനം വകുപ്പ് ജീവനക്കാർ. പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അഴുതക്കടവ് മുതൽ പമ്പ വരെയുള്ള കാനനപാത പരിശോധന വേളയിൽ കരിയിലാന്തോട് ഭാഗത്ത് വെച്ചാണ് പനി കൂടി അവശയായ മാളികപ്പുറത്തിനെ വനം വകുപ്പ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. എസ് എ പി പി ഇ ഡി സി സേവന കേന്ദ്രത്തിൽ മാളികപ്പുറത്തിന് വിശ്രമിക്കാൻ ഇടവും വേണ്ട പ്രാഥമിക സഹായവും നൽകി. എന്നാൽ കടുത്ത പനി കാരണം തീർത്തും അവശയായ കുഞ്ഞിനെ തുടർന്ന് വനംവകുപ്പ് വാച്ചറായ മിഥുൻ മധുവും (അമ്പാടി) ഇ ഡി സി അംഗവും ചേർന്ന് കയ്യിലെടുത്തു കൊണ്ട് മഞ്ഞപ്പൊടിത്തട്ട് ഭാഗത്തുള്ള എമർജൻസി മെഡിക്കൽ സെൻ്ററിൽ എത്തിച്ചു.
എമർജൻസി മെഡിക്കൽ സെൻ്ററിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വനംവകുപ്പ് ജീവനക്കാരും ഇക്കോ ഗാർഡുകളും എസ് എ പി പി ഇ ഡി സി അംഗങ്ങളും ചേർന്ന് സ്ട്രക്‌ചറിൽ ചുമന്ന് പമ്പയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം ഏഴു കിലോമീറ്ററോളം കുഞ്ഞിനെ കൈയിലും സ്ട്രക്‌ചറിലും ആയി ചുമന്നാണ് പമ്പയിൽ എത്തിച്ചത്.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ അഞ്ചു വയസ്സുള്ള ആത്മേയ എന്ന കുഞ്ഞു മാളികപ്പുറം പിതാവിനോടൊപ്പം ചെറിയാനവട്ടം സേവന കേന്ദ്രത്തിൽ വിശ്രമിക്കുന്നത് കണ്ട ശേഷമാണ് പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും അവിടെ നിന്നും മടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

