കേരള സർവ്വകലാശാലയിലെ ഡീൻ നിയമനത്തിൽ പ്രതിഷേധവുമായി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്. സർവകലാശാലയുടെ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായാണ് കേരളയിലെ ഡീൻമാരുടെ നോമിനേഷൻ ചാൻസിലർ നടത്തിയതെന്നും, കേരള സർവ്വകലാശാലയിലെ സീനിയർ പ്രൊഫസർമാരെ ബോധപൂർവ്വം ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമെന്നും എഫ്.യു.ടി.എ പ്രസ്താവനയിൽ പറഞ്ഞു.
അഭിമാനകരമായ പ്രവർത്തന ചരിത്രമുള്ള പഠനഗവേഷണ വകുപ്പുകളാണ് കേരള സർവകലാശാലയുടെ മാനേജ്‌മെൻ്റ്,കോമേഴ്സ് വിഭാഗങ്ങൾ. പ്രസ്തുത പഠന വകുപ്പുകളിൽ മികവുറ്റ അക്കാദമിക സംഭാവനകളുള്ള സീനിയർ പ്രൊഫസർമാരും അനവധി പ്രമുഖ പ്രൊഫസർമാരും ഉള്ളപ്പോഴാണ് അവരെയെല്ലാം ഒഴിവാക്കി, അക്കാദമിക മികവിനെ കാറ്റിൽപറത്തിക്കൊണ്ട് പ്രത്യേകതാല്പര്യക്കാരെ ഇറക്കുമതിചെയ്ത് നിയമിക്കുന്നതിനുള്ള ശുപാർശ വൈസ്ചാൻസിലർ ചാൻസിലർക്ക് നല്കുന്നത്. വൈസ്ചാൻസിലർ സമർപ്പിക്കുന്ന പാനലിൽനിന്നാണ് ചാൻസിലർ നോമിനേഷൻ നടത്തുന്നത്. കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഇക്കാര്യത്തിൽ തികച്ചും പക്ഷപാതപരമായ രാഷ്ട്രീയനിലപാട് സ്വീകരിച്ചതായേ കാണാനാകൂ എന്നും എഫ്.യു.ടി.എ അഭിപ്രായപ്പെട്ടു.
സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ള ഡീൻ നിയമനം കേരളസർവ്വകലാശാലയുടെ അക്കാദമിക ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി തീരുമെന്നുറപ്പാണ്. ഇത്തരം നോമിനേഷനുകൾ സർവ്വകലാശാലയുടെ അക്കാദമിക മികവിനേയും മുന്നേറ്റത്തെയും തടസ്സപ്പെടുത്താനേ ഉപകരിക്കൂ .കേരളത്തിലെ സർവ്വകലാശാലകൾ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടുന്നത് അക്കാദമിക നിയമനങ്ങളും മെരിറ്റും ചട്ടങ്ങളും പൂർണ്ണമായി പാലിച്ചതിന്റെയും ഫലമായാണ്. തന്നിഷ്ടക്കാരെ കീഴ് വഴക്കങ്ങൾ ലംഘിച്ച് ഉന്നതഅക്കാദമിക സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നത് സർവ്വകലാശാലയെ പിറകോട്ട് നടത്താനുള്ള ശ്രമമായേ കാണാനാകൂ. സർവ്വകലാശാലകളിലെ ഏതുനോമിനേഷനുകൾക്കും ഒരു മാനദണ്ഡമുണ്ടാവുകയെന്നത് പ്രധാനമാണ്. ജനാധിപത്യപരമായി പ്രവർത്തിക്കേണ്ട മാതൃകാ സ്ഥാപനങ്ങളാണ് സർവ്വകലാശാലകളെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്നും തെറ്റായ തീരുമാനങ്ങൾ എടുത്തവർ തന്നെ അതു തിരുത്തണമെന്നും എഫ്.യു.ടി.എ പ്രസിഡൻറ് ഡോ.ബി.എസ്.ഹരികുമാരൻ തമ്പിയും ജനറൽസെക്രട്ടറി ഡോ.എസ്.നസീബും പ്രസ്താവനയിൽ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

