‘തൃശൂരിൽ 80,000 വോട്ട് മറിച്ചു; രാജ്യസഭാ സീറ്റ് ആർഎസ്എസിന് സമ്മാനിച്ചു’; ഹിന്ദുത്വ പ്രോജക്ടിന്റെ ഫെസിലിറ്റേറ്റർമാരായി കോൺഗ്രസ് മാറുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ

bjp congress mattahur

കോൺഗ്രസ് പാർട്ടി ഇന്ത്യൻ ഹിന്ദുത്വ പ്രോജക്ടിന്റെ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുകയാണെന്ന രൂക്ഷവിമർശനവുമായി ഗോപകുമാർ മുകുന്ദൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോൺഗ്രസിനും അതിന്റെ നേതൃത്വത്തിനുമെതിരെ രംഗത്തെത്തിയത്.

ഭരണം ലഭിച്ചാലും ഇല്ലെങ്കിലും വലിയൊരു വിഭാഗം കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനായി മണിപ്പൂർ, ഗോവ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അദ്ദേഹം ഉദാഹരണമായി നിരത്തുന്നു. ത്രിപുരയിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് വിറ്റുകൊണ്ടാണ് മാറ്റം ഉണ്ടായതെന്നും, മണിപ്പൂരിലും ഗോവയിലും ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസ് പാർലമെന്ററി പാർട്ടിയെ ആർഎസ്എസിന് കാഴ്ചവെക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റിൽ കടുത്ത പരാമർശങ്ങളുണ്ട്.

ALSO READ: ആദ്യം വൈബെന്ന് പറയുക, പിന്നെ ചുമ്മാതാണെന്ന് പറയുക; സ്വന്തം വാക്കുകളെ നുണയെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ്, എങ്ങനെ ജനങ്ങൾ ഇവരെ വിശ്വസിക്കും ?

ദേശീയ നേതാവ് കെ. സി. വേണുഗോപാൽ ഒരു രാജ്യസഭാ സീറ്റ് ആർഎസ്എസിന് സമ്മാനിച്ചുവെന്നും തൃശൂരിൽ 80,000 കോൺഗ്രസ് വോട്ടുകൾ മറിച്ചാണ് ബിജെപിയെ വിജയിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. വി. ഡി. സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വണങ്ങി തിരിതെളിച്ചതിനെയും, ശ്രീനാരായണ ഗുരുവിനെ ‘ഒറിജിനൽ സനാതനി’ എന്ന് വിശേഷിപ്പിച്ചതിനെയും കുറിപ്പിൽ വിമർശിക്കുന്നു. സനാതന ധർമ്മം കോൺഗ്രസ് നേതാക്കളുടെ സിരകളിൽ നുരയുന്നതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കോൺഗ്രസിലെ ഈ മാറ്റം സംഭവിക്കുന്നതെന്നും, ഇതൊരു തുടർച്ചയായ പ്രക്രിയയാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

പ്രൊഫ. എം. എൻ. കാരശ്ശേരി പറഞ്ഞതിൽ പാതി ശരിയാണ് . നല്ല പങ്ക് കോൺഗ്രസുകാർ ബി ജെ പിയിൽ പോകും.
അതു ഭരണം കിട്ടിയോ ഇല്ലയോ എന്നതിൻ്റെ അടിസ്ഥാനത്തിൽ അല്ല എന്നു മാത്രം. മണിപ്പൂരിൻ്റേയും ഗോവയുടെയും ചരിത്രമെന്താണ്? തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയെ ചുമന്നെടുത്ത് RSS നു കാഴച വെച്ചതല്ലേ അനുഭവം. ത്രിപുരയിൽ കോൺഗ്രസ് വോട്ടുകൾ അപ്പാടെ RSS നു വിറ്റു കൊണ്ടാണ് ആ ട്രാൻസ്ഫർമേഷൻ നടന്നത്. മദ്ധ്യപ്രദേശ് തുടങ്ങിയ വേറേ പാറ്റേണുകളും ഉണ്ട്. ബീഹാറിൽ കോൺഗ്രസ് കാണിച്ച വകതിരിവില്ലായ്മ ഏറ്റവും അവസാനത്തെ ഉദാഹരണമാണല്ലോ? രാഹുൽഗാന്ധിയുടെ എല്ലാ പരിശ്രമങ്ങൾക്കു മൊടുവിൽ കോൺഗ്രസിൻ്റെ സ്ട്രൈക്ക് റേറ്റ് എത്രയാണ്? അവർ 6 MLA മാരുടെ സ്ഥിതി ഇപ്പോൾ എന്താണ്?
ദേശീയ നേതാവ് കെ. സി. വേണുഗോപാൽ താലത്തിൽ വെച്ച് ഒരു രാജ്യസഭാസീറ്റ് RSS നു സമ്മാനിച്ച് ഇവിടെ വന്നു വലിയ ഫാസിസ്റ്റ് വിരുദ്ധ യുദ്ധം കളിയാണ്.
തൃശൂരിൽ 80000 കോൺഗ്രസ് വോട്ട് മറിച്ചു കൊടുത്തല്ലേ കേരളത്തിനു തലയിൽ മുണ്ടിട്ടു നടക്കേണ്ട മാതിരി ഒരു ബിജെ പി കാരനെ ജയിപ്പിച്ചെടുത്തത് ?
മറ്റത്തൂർ മാതൃക മറ്റൊന്നാണല്ലോ? മാതൃഭൂമിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ KPCC പ്രസിഡൻ്റ് ശ്രീ സണ്ണി ജോസഫിൻ്റെ മുഖത്തു നോക്കി BJP നേതാവ് ശ്രീ കെ.സുരേന്ദ്രൻ ചോദിച്ച ചോദ്യം ശ്രീ കാരശ്ശേരി കേട്ടിരുന്നോ? നാലു പഞ്ചായത്തു മെമ്പർമാർ മാത്രം ഉണ്ടെങ്കിലും ഒരു പഞ്ചായത്തു ഭരിക്കുന്നതെങ്ങനെ എന്നു തെളിയിച്ചില്ലേ എന്നാണ് ശ്രീ സുരേന്ദ്രൻ ചോദിച്ചത്. ശ്രീ സണ്ണിയോ പിന്നീട് മറ്റേതെങ്കിലും കോൺഗ്രസ് നേതാവോ അതിനെ അഭിസംബോധന ചെയ്തില്ലല്ലോ?
ഇന്ത്യൻ ഹിന്ദുത്വ പ്രോജക്ടിൻ്റെ ഫെസിലിറ്റേറ്റേർസ് ഇക്കാലമത്രയും കോൺഗ്രസാണ്’ അത് അവരുടെ സിരകളിലോടുന്ന ത്വരയാണ്. ഫൈസാബാദും അയോദ്ധ്യയും എല്ലാം ഈ ത്വരയിൽ നിന്നും ഊർജ്ജം ആവാഹിച്ച് എക്സിക്യൂട്ട് ചെയ്യപ്പെട്ട നിർണ്ണായക സംഭവങളാണ്. കോൺഗ്രസിൻ്റെ ഇളമുറ തമ്പുരാക്കൾ ഇവിടം വിട്ടാൽ പ്രച്ഛന്ന വേഷധാരികളാകുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഗോവധ നിരോധനത്തെ കുറിച്ചൊക്കെ വരെ പറഞ്ഞു കളയും. കാരണം സിരകളിൽ നുരയുന്നത് സനാതന ധർമ്മമാണ്. അതാണ് ശിവഗിരിയിൽ പോയി വി. ഡി. സതീശൻ ശ്രീനാരായണൻ എന്തോ ഒറിജിനൽ സനാതനിയായ സന്യാസിയാണ് എന്നു വരെ പറഞ്ഞു പോകുന്നത്. പി. പരമേശ്വരൻ്റെ പുസ്തക പ്രകാശനവും ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ താണു വണങ്ങി തിരി തെളിയിക്കുന്നതും രണ്ടും രണ്ടാണ് . രണ്ട് പരിപാടികളാണ്. RSS , ബിജെപി പോലുമല്ല, RSS മനസിൽ കൊണ്ടു നടക്കാത്ത ആർക്കാണ് ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ തിരിതെളിക്കാനും താണു വണങ്ങാനും പറ്റുക. എന്നിട്ട് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞു കൊണ്ടേയിരിക്കുക. ശ്രീ വി. ഡി സതീശന് ഗോൾവാൾക്കറെ പോലെ ഒരു ഗുരുവാണ് ശ്രീനാരായണനും.
ശ്രീ കാരശ്ശേരി, അധികാരം കിട്ടിയാലും ഇല്ലെങ്കിലും ഈ ട്രാൻസ്ഫർമേഷൻ രാജ്യത്തു നടക്കുന്ന യാഥാർത്ഥ്യമാണ്. അപ്പോൾ
ശ്രീ കാരശ്ശേരി പറഞ്ഞതിൽ പാതി നിർദ്ദോഷകരമല്ലാത്ത പൊളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News