
തദ്ദേശ തെരഞ്ഞെടുപ്പിന് കഴിഞ്ഞ ദിവസം യു ഡി എഫ് പ്രകടന പത്രിക ഇറക്കുകയുണ്ടായി. പ്രകടന പത്രിക കണ്ടവർക്കെല്ലാം മനസിലാകും, അതും വെറും പൊള്ളത്തരങ്ങളാണെന്ന്. പ്രകടന പത്രികയിലെ പൊള്ളത്തരങ്ങളെ കുറിച്ച് വിശദമായി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗോപകുമാർ മുകുന്ദൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യു ഡി എഫ് ന്റെ പൊള്ളത്തരങ്ങൾ കൃത്യമായി പൊളിച്ചടുക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
UDF പ്രകടന പത്രികയുടെ പൊള്ളത്തരത്തെക്കുറിച്ചാണ്. കുറച്ചു ദീർഘമായ കുറിപ്പാണ്. ക്ഷമിക്കുമല്ലോ പതിവു പോലെ വി.ഡി. സതീശൻ ‘പഠിച്ച് ‘ ഒരു പ്രകടന പത്രിക തയ്യാറാക്കിയിട്ടുണ്ട്.
- അതിദാരിദ്ര്യം അഭിസംബോധന ചെയ്യാൻ ‘ആശ്രയ 2.0 നടപ്പിലാക്കും എന്നതാണ് ഒരു പ്രധാന വാഗ്ദാനം. 2002 ൽ കൊണ്ടുവന്ന ആശ്രയ തീർത്തും പരാജയമായിരുന്നതിനാലാണ് Destitute Free kerala എന്ന മറ്റൊരു പദ്ധതി നിലവിൽ വന്നത്. അതിദാരിദ്ര്യത്തിൻ്റെ ബഹുമുഖ സ്വഭാവത്തെ അഡ്രസ് ചെയ്യാൻ ഇവ രണ്ടും അപര്യാപ്തമാണ് എന്ന ബോദ്ധ്യത്തിൽ നിന്നാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി ( EPEP) രൂപപ്പെടുന്നത്. പല ഘടകങ്ങൾ ചേർന്ന് ദാരിദ്ര്യക്കെണിയിൽ പെട്ടുപോകുന്ന കുടംബത്തെ അതിൽ നിന്നും മോചിപ്പിക്കണമെങ്കിൽ വിവിധ തലങ്ങളുടേയും വകുപ്പുകളുടേയും ഏകോപിതമായ പ്രവർത്തനം സമയബന്ധിതമായി നടക്കണം എന്നതു കണ്ടാണ് EP EP രൂപപ്പെടുന്നത്. മാത്രമല്ല അതിൻ്റെ അടിസ്ഥാന യൂണിറ്റ് ഓരോ കുടുംബവുമാകണം. അവയ്ക്ക് ഓരോന്നിനും ചേരുന്ന മൈക്രോ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. ഏറ്റവും കടുത്ത വിമർശകർ പോലും ഈ രീതി ഫലപ്രദമാണെന്നു പറഞ്ഞു കഴിഞ്ഞു.
ആക്ഷേപം under estimation ഉണ്ടായോ എന്നതു മാത്രമാണ് . UDF 2002 ലെ ആശ്രയയിലേയ്ക്ക് തിരികെ പോകും എന്നതു എത്ര പിന്തിരിപ്പൻ നിലപാടാണ് എന്നു നോക്കൂ. - മാദ്ധ്യമങ്ങൾ ഏറ്റവും ആഘോഷപൂർവ്വം അവതരിപ്പിച്ചത് ആശമാർക്ക് UDF പഞ്ചായത്തുകൾ 2000 രൂപ അധിക ആനുകൂല്യം നൽകും എന്ന വാഗ്ദാനമാണ്. ആശമാരുടെ സെക്റ്റേറിയൻ സമരക്കാലത്ത് UDF പഞ്ചായത്തുകളും നഗരസഭകളും പ്രഖ്യാപിച്ച അധിക ആനുകൂല്യം ഏറ്റവും സെൻസേഷണലായ വാർത്തയായിരുന്നല്ലോ? അതെന്തായി? ആരെങ്കിലും കൊടുക്കുന്നുണ്ടോ? ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാൻ നടന്നിട്ടു കാര്യമില്ല. ആശ എന്ന കേന്ദ്ര സ്കീം ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക എന്ന കേന്ദ്ര പ്രശ്നം വിട്ട് കണ്ണിൽ പൊടിയിടാൻ നടക്കുകയാണ് UDF
- അതേ സമയം അങ്കണവാടി ജീവനക്കാരോട് UDF പ്രകടന പത്രിക വാചകമടിയിൽ പോലും ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. അവർക്ക് അധിക ആനുകൂല്യം കൊടുക്കും എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകുകയാണ് ചെയ്യുന്നത്. സ്കൂൾ പാചക തൊഴിലാളികളോട് അതുമില്ല.
LDF സർക്കാരാകട്ടെ ശരാശരി 1000 രൂപ വെച്ച് എല്ലാ വിഭാഗങ്ങൾക്കും ഇപ്പോൾ വർദ്ധിപ്പിച്ചു. - EPEP യിലെന്ന പോലെ ഏകോപിതവും സമയബന്ധിതവുമായ പ്രവർത്തനം കൊണ്ടാണ് ലൈഫ് മിഷൻ അതിൻ്റെ ലക്ഷ്യമായ 5. 29 ലക്ഷം വീടുകൾ ഇപ്പോൾ പൂർത്തിയാകുന്നത്. ലൈഫ് ഒരു പ്രത്യേക ബിസിനസ് മോഡലിലൂടെയാണ് ഈ നേട്ടം കൈവരിക്കുന്നത്. സർക്കാരിൻ്റെയും തദ്ദേശ ഭരണ സ്ഥാപനത്തിൻ്റേയും ഭാവി വരവ് ഒരു പങ്ക് തിരിച്ചടവിനു നീക്കി വെച്ച് വായ്പ എടുത്ത് ഇപ്പോൾ വീടുകൾ പണിയുക എന്നതാണ് ലൈഫ് മാതൃക. ഈ ലൈഫാണ് പിരിച്ചുവിടും എന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് UDF വാഗ്ദാനം ചെയ്തത് എന്നു മറക്കരുത്. ഇപ്പോൾ പറയുന്നത് വായ്പ കൂടി ഉപയോഗപ്പെടുത്തി ഇനിയും വേണ്ട വീടുകൾ നിർമ്മിക്കും എന്നതാണ് . ലൈഫ് ഇല്ലാതാക്കും എന്നു പറയുക മാത്രമല്ല തങ്ങളുടെ ഭരണത്തിലുള്ള, ആവശ്യത്തിനു വരുമാനമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ അവർ തകർത്തു കാണിച്ചതാണ് അനുഭവം. കളമശ്ശേരി നഗരസഭ , തൃക്കാക്കര നഗരസഭ എന്നിവ മാത്രം എടുത്തു നോക്കിയാൽ ഇതു വ്യക്തമാകും. ഇവരാണ് പുതിയ ഭവന പദ്ധതി കൊണ്ടുവരാൻ പോകുന്നത്.
- എന്തോ അത്യാധുനികമായ മാലിന്യ സംസ്കരണ മാതൃക നടപ്പിലാക്കും എന്നതാണ് മറ്റൊരു വാഗ്ദാനം. എന്താണാവോ അത് ? കേരളം നടപ്പിലാക്കി വിജയിപ്പിക്കുന്ന മാതൃക വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ രീതി’കളുടെ അനുയോജ്യമായ മിക്സാണ്. തിരുവനന്തപുരം, കൊച്ചി , തൃശൂർ ലാലൂർ, ആലപ്പുഴ, ഗുരുവായൂർ, കുന്നംകുളം’ തുടങ്ങിയ നഗരങ്ങളും നിരവധി ഗ്രാമപഞ്ചായത്തുകളും ഈ മാതൃകയുടെ ദേശീയതല അംഗീകാരം നേടിയവയാണ്. ഒരിക്കലും രാഷ്ട്രീയമായി UDF ഈ മാതൃകയെ പിന്തുണച്ചിട്ടില്ല. എന്നാൽ താഴെ തലത്തിൽ വ്യക്തികൾക്ക് മാറി നിൽക്കുക സാദ്ധ്യമായിരുന്നില്ല എന്നു കാണണം. UDF ൻ്റെ ഈ രംഗത്തെ കെടുകാര്യസ്ഥത കാണാൻ കളമശ്ശേരി തൃക്കാക്കര നഗരസഭകൾ നോക്കിയാൽ മാത്രം മതി.
- യൂണിഫൈഡ് അർബൻ ട്രാൻസ്പ്പോർട്ട് സിസ്റ്റം എന്തോ പുതിയ കണ്ടുപിടുത്തമായി അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയിൽ എങ്ങനെയാണ് അതു നടപ്പിലാകുന്നത് എന്ന് നോക്കിയാണ് രാജ്യം ഇതിലേയ്ക്കു കടക്കുന്നത് എന്നു മനസിലാക്കണം. മെട്രോ , വാട്ടർ മെട്രോ, മെട്രോയിൽ നിന്നുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി തുടങ്ങി ആർക്കും മാതൃകയാക്കാവുന്ന രീതികളാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം മെട്രോയും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതൊക്കെ തുടരാൻ ജനം വിധി എഴുതുകയാണ് ചെയ്യുക.
- വൻ നഗരങ്ങളിലെ ആധുനിക മാർക്കറ്റ് കോംപ്ലക്സാണ് മറ്റൊരു വാഗ്ദാനം. കൊച്ചിയിലെ മാർക്കറ്റ് കോംപ്ലക്സ് UDF കാണാതിരിക്കുമോ? കോഴിക്കോടും തിരുവനന്തപുരത്തും UDF ഈ ആധുനികരണത്തെ പരമാവധി എതിർക്കുകയാണ് ചെയ്തത് എന്നു മറക്കരുത്.
- വന്യജീവി സംഘർഷത്തിലെ പ്രധാന പ്രശ്നം മനുഷ്യവിരുദ്ധമായ wild life Act ആണെന്നതും തെരുവു നായ പ്രശ്നത്തിൽ ABC Act പ്രായോഗിക പരിഹാരമല്ല എന്നതും എന്തു കൊണ്ടാണ് UDF അംഗീകരിക്കാത്തത്? ഇതെല്ലാം കോൺഗ്രസിൻ്റെ സൃഷ്ടികളാണ്. ഇവ അഭിസംബോധന ചെയ്യാതെ ഫലപ്രദമായ പ്രായോഗിക പരിഹാരം പ്രയാസമാണ് എന്നതു കാണണ്ടേ.
- എന്തായാലും ജനകീയാസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വലിയ പുഷ് കൊടുത്തു എന്നത് അറച്ചാണെങ്കിലും UDF ഒടുവിൽ അംഗീകരിക്കുകയാണ്. അക്കാലത്തെ ഹസൻ കമ്മിറ്റിയെ ഓർമ്മയുണ്ടോ? ജനകീയാസൂത്രണ പ്രക്രിയയുടെ പ്രധാന ശക്തി സ്രോതസുകളിൽ ഒന്നായ സന്നദ്ധ സേവനത്തേയും സന്നദ്ധ സാങ്കേതിക സേനയേയും പിറകോട്ടടിപ്പിച്ച UDF ൻ്റെ സമര കോലാഹലങ്ങൾ! വിവിധ തലങളുടെയും വകുപ്പുകളുടേയും ഏകോപനത്തേയും UDF എതിർത്തു. എന്തിനു പഞ്ചായത്തുകളുടെ സംയുക്ത സമിതികളെ തന്നെ എതിർത്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിനു മുകളിൽ അഥോറിറ്റികളെ പ്രതിഷ്ഠിക്കാനാണ് എന്നും UDF മുൻഗണന നൽകിയത്. തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തം ഉറപ്പാക്കുന്നത് ഭരണഘടനാ ബാഹ്യമായ ഇടപെടലായിട്ടാണ് UDF കാണുന്നത്. ഇൻ്റഗ്രേഷനെ പോലും “തങ്ങളുടെ ” അധികാരത്തിലുള്ള കടന്നു കയറ്റമായിട്ടാണ് UDF എന്നും കാണുന്നത്. അതാണ് അവർക്ക് EPEP യും LIFE ഉം പോലെയുള്ള പദ്ധതികളെ കുറിച്ച് ആലോചിക്കാൻ പോലും പറ്റാത്തത്. മൂക്കിനപ്പുറം വികേന്ദ്രീകരണത്തിൻ്റെ രാഷ്ട്രീയം മനസിലാകാത്തവരാണ് UDF
- കുടുംബശ്രീ യെ ശക്തിപ്പെടുത്തുമത്രേ! കുടുംബശ്രീയും ” ഭരണഘടനാ ബാഹ്യ ” കടന്നുകയറ്റക്കാരായി കാണുന്നവരാണ് UDF . സ്വന്തമായി മറ്റൊരു ശ്രീ ഉണ്ടാക്കി കുടുംബശ്രീയെ അവസാനിപ്പിക്കാൻ നടന്നവർ. തദ്ദേശഭരണവും ആസൂത്രണ വികേന്ദ്രീകരണവും UDF ൻ്റെ നിക്ഷിപ്തവും സങ്കുചിതവുമായ രാഷ്ട്രീയത്തിനു ചേരുന്ന ഏർപ്പാടേയല്ല എന്നതാണ് യാഥാർത്ഥ്യം’

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

