
കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലം കോർപ്പറേഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹംസത്ത് ബീവി. പാർട്ടിയിൽ നിന്നും താൻ നേരത്തെ തന്നെ രാജിവെച്ച ശേഷമാണ് തന്നെ പുറത്താക്കി എന്ന അറിയിപ്പ് കോൺഗ്രസ് നൽകിയതെന്നും ഇത് സാമ്പത്തികവും സ്വാർത്ഥ താൽപ്പര്യവും മുൻനിർത്തിക്കൊണ്ടുള്ള നടപടിയാണെന്നും അവർ ആരോപിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ താൻ പാർട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും രാജി വെച്ചതായി ഹംസത്ത് ബീവി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് സാറിന് താൻ രാജിക്കത്ത് നേരിട്ട് കൈമാറിയിരുന്നു.
“രാജി വെച്ചിട്ടാണ് ഞാൻ പോയി നോമിനേഷൻ കൊടുത്തത്. വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരുടെ മുമ്പിൽ വെച്ചാണ് കത്ത് നൽകിയത്. എന്നാൽ, രാജിക്കത്ത് കൊടുത്തതിന് പിറ്റേദിവസം തന്നെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഹംസത്ത് ബീവി പറയുന്നു. “രാജി വെക്കുന്ന ആളിനെ പുറത്താക്കുന്നത് എങ്ങനെയാ? അങ്ങനെ ഒരു നിയമം ഉണ്ടോ?” എന്ന് അവർ ചോദിക്കുന്നു. തന്നെ പുറത്താക്കിയെന്ന വാർത്ത ജനങ്ങളിലും വാട്‌സപ്പിലും ഫേസ്ബുക്കിലും എല്ലാം നിറഞ്ഞിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
തന്റെ രാജിക്കത്ത് അവഗണിച്ച് പുറത്താക്കിയെന്ന പ്രസ്താവനയ്ക്ക് പിന്നിൽ സ്വാർത്ഥ താല്പര്യവും സാമ്പത്തികവും മാത്രമാണ് ഉള്ളതെന്നും അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ അവർ ഇറക്കിവിട്ടുകൊണ്ടിരിക്കുന്നതെന്നും ഹംസത്ത് ബീവി ആരോപിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടാണ് ഈ സാമ്പത്തിക ഇടപാടുകൾ ഉണ്ടായതെന്നും അവർ വെളിപ്പെടുത്തി.
സാമ്പത്തികം എന്നത് പേയ്മെന്റ് സീറ്റാണ് ഉദ്ദേശിക്കുന്നതെന്നും, കാശ് കൊടുക്കുക സീറ്റ് വാങ്ങിക്കുക എന്ന പ്രവണതയാണ് അവിടെ നടന്നിട്ടുള്ളതെന്നാണ് തന്റെ അറിവെന്നും അവർ പറഞ്ഞു. ഇത് പാവങ്ങൾക്ക് വേണ്ടിയുള്ളതല്ല. കേരളത്തിലെ പല സ്ഥലങ്ങളിലും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ അവഗണിക്കുന്നു എന്ന പരാതിയുണ്ടെന്നും, 35 വർഷക്കാലം കൂടെയുണ്ടായിരുന്ന ഷാജി ഷാവൽ എന്ന പയ്യന് സീറ്റ് കൊടുത്തില്ലെന്നും അവർ പറഞ്ഞു.
കല്ലൂർവളയിൽ ഏഴു പേരുണ്ടായിരുന്ന ലിസ്റ്റ് രണ്ട് വിഷൻ കമ്മിറ്റികൾ അംഗീകരിച്ചിട്ടും ഒരാൾക്ക് മാത്രം സീറ്റ് നൽകിയെന്നും, ചർച്ചക്ക് പോലും വിളിക്കാമായിരുന്നില്ലേ എന്നും ഹംസത്ത് ബീവി ചോദിച്ചു. ഈ നീക്കങ്ങൾക്ക് പിന്നിൽ ഡിസിസിയിൽ ബിന്ദുകൃഷ്ണയും ആദിക്കാട് ഗിരീഷുമാണ് കർശനമായി നിന്നിട്ടാണ് കൊല്ലത്തെ സീറ്റ് മേടിച്ചിരിക്കുന്നതെന്നും, ഇവരാണ് തങ്ങളെ തഴഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

