
സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച ഉദാഹരണമാണ് കേരളമെന്ന് സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും വനിത വികസന കേർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച എസ്കലേറ വനിതോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളുടെ ഉന്നമനവും ക്ഷേമവും കണക്കിലെടുത്ത് നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. വനിതാ പോലീസ് സ്റ്റേഷൻ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന് നല്ല ശ്രമം ഉണ്ടായി. സ്ത്രീ സംരംഭകത്വം, നേതൃപാടവം എന്നിവ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത തുടരും. വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ മുന്നോട്ട് നയിക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. വനിതോത്സവം ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
വിദ്യാഭ്യാസം, ഉപജീവന അവസരങ്ങൾ, സാമൂഹ്യബോധവൽക്കരണം എന്നിവ സംയോജിപ്പിച്ചാണ് എസ്കലേറ പോലുള്ള വേദികൾ ലിംഗനീതിക്ക് കരുത്തേകുന്നതെന്ന് ടങ്ങിൽ പങ്കെടുത്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പറഞ്ഞു .ഒരുപാട് കാണാചങ്ങലകൾക്ക് അകത്താണ് ഇന്നും സ്ത്രീകളുടെ ജീവിതമെന്നും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീധനത്തിന് ഇപ്പോഴും സ്വീകാര്യതയുണ്ടെന്നും മന്ത്രി ആർ ബിന്ദുവും പറഞ്ഞു. രാജ്യത്തിപ്പോഴും പെൺ ഭ്രൂണഹത്യ നടക്കുന്നുണ്ട്. ശുഭ വിശ്വാസം ഉണർത്തുന്ന പ്രസ്ഥാനങ്ങളാണ് ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം. സ്ത്രീകളുടെ കഴിവുകൾ വളർത്തുന്നതിന് നല്ല പ്രോത്സാഹനവും നൽകേണ്ടതുണ്ടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
എസ്കലേറ എന്ന വാക്കിന്റെ അർഥം ഏണിപ്പടി എന്നാണ്. കഴിഞ്ഞ മൂന്നു വർഷമായി എസ്കലേറ വടക്കൻ കേരളത്തിൽ നടത്തിവരുന്നുണ്ടായിരുന്നു. എസ്കലേറ ഫെബ്രുവരി 3 മുതൽ 9 വരെ കനകക്കുന്ന് കൊട്ടാര വളപ്പിലും നിശാഗന്ധിയിലുമായി നടക്കും. വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വനിതാ പർവതാരോഹക ബിന്ദു ഒ എൻ നെ ആദരിച്ചു. കോർപ്പറേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജിയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. വി. കെ. പ്രശാന്ത് എം.എൽ.എ, കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി തുടങ്ങിയവരും പങ്കെടുത്തു.

എസ്കലേറ വുമൺസ് ഫെസ്റ്റ് 2026-ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ പ്രദർശനവും ട്രേഡ് ഫെയറും ഫെബ്രുവരി 9 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക പരിപാടികളുടെ ഭാഗമായി ബുധനാഴ്ച രാത്രി 7ന് പ്രശസ്ത ഗായിക റിമി ടോമിയുടെ സംഗീത പരിപാടിയും അരങ്ങേറും. “കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം” എന്ന പ്രമേയത്തിൽ വിഷയാധിഷ്ഠിത കോൺക്ലേവുകൾ, സെമിനാറുകൾ, സംരംഭകത്വ പരിശീലനങ്ങൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവക്ക് എസ്കലേറ വേദിയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

