
അതിരപ്പിള്ളിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയില്‍ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ തോടില്‍ നിന്നും റോഡിലേക്ക് വെള്ളം കയറി ചൂഴില്‍മേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
മഴ കനക്കുന്നു: ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

