തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഭരണസമിതി ശബരിമലയിൽ നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹെെക്കോടതി

HIGH COURT

യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഭരണസമിതി ശബരിമലയിൽ നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹെെക്കോടതി. 2017-ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ സ്വർണ്ണവും പണവും ദുരുപയോഗം ചെയ്തുവെന്ന ദേവസ്വം വിജിലൻസും എസ്ഐടിയും സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. കൊടിമരക്കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിജിലൻസ് ഡയറക്ടർക്കു കൈമാറാനും ത്വരിത പരിശോധന നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവും മുന്‍ ബോർഡ് അംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തില്‍ 2017ലാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്.വിജയ് മല്യയുടെ മക്ഡൊവൽ ഗ്രൂപ്പ് നേരത്തെ സ്വർണം പൊതിഞ്ഞിരുന്ന കൊടിമരമാണ് ദ്രവീകരണത്തിന്റെ പേരിൽ പൊളിച്ചുപണിതത്. ഹൈദരാബാദ് ഫീനിക്സ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ചെലവിൽ പുനർനിർമ്മിക്കാനായിരുന്നു തീരുമാനം. സംഭാവന സ്വീകരിക്കാൻ പത്തനംതിട്ട ധനലക്ഷ്മി ബാങ്കിൽ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസറുടെ പേരിൽ അക്കൗണ്ടും തുറന്നിരുന്നു. കൊടിമരം മാറ്റുമ്പോൾ പഴയ കൊടിമരത്തിലെ സ്വർണ്ണവും വിലപ്പെട്ട വസ്തുക്കളും സൂക്ഷിക്കണമെന്ന് അന്ന് കോടതി നിർദ്ദേശിച്ചിരുന്നു. പുതിയ കൊടിമരത്തിനായി 2017 മാർച്ച് 22ന് കസ്റ്റംസിൽനിന്ന് 9.161കിലോ സ്വർണം വാങ്ങിയിരുന്നു.

Also read: സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ല, നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ്

കൂടാതെ വിശ്വാസികൾ സംഭാവനയായി നല്‍കിയതുള്‍പ്പടെ 9573.010 ഗ്രാം സ്വർണം ലഭിച്ചു. എന്നാല്‍ 9340.200 ഗ്രാംആണ് പുതിയ കൊടിമരത്തില്‍ ഉപയോഗിച്ചത്. ഇതിനു പുറമെ വ്യക്തിഗത സംഭാവനകളായി 326.440 ഗ്രാം സ്വർണം ലഭിച്ചതായി പറയുന്നുണ്ട്. എന്നാൽ വ്യക്തിഗത സംഭാവനകൾക്ക് രസീത് കൃത്യമായി നൽകിയിട്ടില്ല. ഈ സ്വർണം കെെകാര്യം ചെയ്തതിൽ ഗുരുതരമായ ചട്ടലംഘനവും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തില്‍ കണ്ടെത്തിയ പൊരുത്തക്കേടുകൾ ഗുരുതരമാണെന്നും ക്രിമിനൽ ദുരുപയോഗം, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ബോധിപ്പിച്ചതായും കോടതി ഉത്തരവില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ഡിവിഷന്‍ ബെഞ്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്വർണം സംഭാവന നൽകിയ 27 പേരുടെ മൊഴിയെടുക്കണം.

അക്കാലത്തെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിനായി ഉടൻ സമർത്ഥരായ ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിക്കാനും വിജിലന്‍സ് ഡയറക്ടറോട് കോടതി നിർദേശിച്ചു. കൊടിമരക്കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിജിലൻസ് ഡയറക്ടർക്കു കൈമാറാനും ത്വരിത പരിശോധന നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.അതേ സമയം ശബരിമലയിലെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിന്റെ അളവും പഴക്കവും നിർണ്ണയിക്കാൻ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News