
വിവരസാങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊച്ചിയില്‍ പുതിയ ഐടി തൊഴിലിട സംവിധാനം യാഥാര്‍ത്ഥ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ നൂതന സംരംഭമായ ‘ഐ ബൈ ഇന്‍ഫോപാര്‍ക്ക്’ എന്ന ഫ്‌ലക്സിബിള്‍ വര്‍ക്ക് സ്പെയ്‌സ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തന സജ്ജമായത്. കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വലായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് സ്‌പേയ്‌സ് എന്ന ഐടി വൈവിധ്യ മാതൃക സജ്ജമായിരിക്കുന്നത്. 48,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 582 സീറ്റുകള്‍, അതിവേഗ ഇന്റര്‍നെറ്റ്, 100% പവര്‍ ബാക്കപ്പ്, 24 മണിക്കൂറും പൂര്‍ണ്ണ സുരക്ഷ എന്നിവയ്ക്കൊപ്പം പ്രൊഫഷണല്‍ റിസപ്ഷന്‍, കഫറ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകള്‍ തുടങ്ങിയ വിപുലമായ സേവനങ്ങളും എറണാകുളം സൗത്ത് മെട്രൊസ്റ്റേഷന്‍ കെട്ടിടത്തില്‍ സജ്ജമാക്കിയ ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് സ്‌പേയ്‌സില്‍ ഒരുക്കിയിട്ടുണ്ട്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഇന്‍ഫോപാര്‍ക്കിന്റെ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വലായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ ബൈ ഇന്‍ഫോപാര്‍ക്കിലെ ആദ്യ കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ അനുമതി പത്രം സി ഇ ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.
ഗിഗ് വര്‍ക്കര്‍മാര്‍, ഫ്രീലാന്‍സര്‍മാര്‍, ബഹുരാഷ്ട്ര കമ്പനികള്‍, ഐ.ടി./ഐ.ടി. അനുബന്ധ സ്ഥാപനങ്ങള്‍, കേരളത്തില്‍ ഗ്ലോബല്‍ ക്യാപബിലിറ്റി സെന്ററുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ എന്നിവരെയാണ് ഐ ബൈ ഇന്‍ഫോ പാര്‍ക്കിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിത ഓഫീസ് അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികള്‍ക്ക് ജീവനക്കാരെ വര്‍ക് ഫ്രം ഹോമിനുപകരം പ്രീമിയം വര്‍ക് സ്പെയ്സില്‍ നിയോഗിക്കാനും കഴിയുന്നതരത്തിലാണ് ഓഫീസുകളുടെ ഘടന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

