‘അധികാരത്തോടുള്ള ആർത്തി കാരണം പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ഐ ബി സതീഷ് എംഎൽഎ

I B SATHEESH MLA

അധികാരത്തോടുള്ള അത്യാർത്തി കാരണം കേരളത്തിലെ പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണെന്ന് ഐ ബി സതീഷ് എംഎൽഎ. നന്ദി പ്രമേയത്തെ പിന്തുണച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുന്ന പ്രതിപക്ഷം, എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ നേട്ടങ്ങൾ കാണാൻ വിസമ്മതിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016-ന് മുമ്പുള്ള യുഡിഎഫ് ഭരണകാലത്തെ അഴിമതിയും ഭരണസ്തംഭനവും മലയാളികൾ മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അഞ്ചാം മന്ത്രി വിവാദവും, രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കങ്ങളും കാരണം അന്ന് ഭരണയന്ത്രം നിലച്ചുപോയ അവസ്ഥയിലായിരുന്നു. കെ കരുണാകരനെയും എ കെ ആന്റണിയെയും പോലുള്ള മുതിർന്ന നേതാക്കളെ പോലും പുകച്ചുപുറത്താക്കിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ കരുണാകരന്റെ ‘പതറാതെ മുന്നോട്ട്’ എന്ന ആത്മകഥയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട്, നൂറുവർഷത്തെ ചരിത്രമുള്ള കോൺഗ്രസിൽ അദ്ദേഹം കണ്ട ‘ചതിയന്മാരാണ്’ ഇന്ന് പ്രതിപക്ഷത്തിരുന്ന് മലയാളികളെ വഞ്ചിക്കുന്നതെന്ന് ഐ ബി സതീഷ് ആരോപിച്ചു.

ALSO READ: പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ പത്ത് വർഷമായി വർഗീയ കലാപങ്ങളില്ലാത്ത കേരളത്തെ വീണ്ടെടുക്കാൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃത്വമാണ് ഇതിന് കാരണം. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പാഠപുസ്തകങ്ങൾക്കായി ഫോട്ടോസ്റ്റാറ്റിനെ ആശ്രയിച്ചിരുന്ന കാലത്തുനിന്ന് മാറി, അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ പുസ്തകങ്ങൾ ലഭിക്കുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണെന്ന് ഐ ബി സതീഷ് പറഞ്ഞു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകിയത് സമാനതകളില്ലാത്ത നടപടിയാണ്. എന്നാൽ ഔട്ടർ റിങ് റോഡ് വികസനത്തിനായി ഭൂമി വിട്ടുനൽകിയ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കോൺഗ്രസ് എംപിയും ബിജെപിയും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ കേരളത്തിന് നൽകേണ്ട സഹായങ്ങളിൽ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം സാമ്പത്തികമായി മുന്നേറുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 17,000 കോടി രൂപയുടെ കേന്ദ്രസഹായം കുറഞ്ഞു. എന്നിട്ടും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം (GDP) 9.97 ശതമാനമായി വർധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ സുഗന്ധവ്യഞ്ജന-മത്സ്യ കയറ്റുമതി മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, ഇത്തരം വെല്ലുവിളികളെ നേരിടാൻ അഴിമതിയില്ലാത്ത ഇടതുപക്ഷ നേതൃത്വം തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരളം കെട്ടിപ്പടുക്കാൻ ഇടതുപക്ഷ നേതൃത്വത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News