
30-ാമത് ഐഎഫ്എഫ്കെയിൽ നിരവധി സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ തുറന്നെതിർത്ത് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇല്ലാത്ത ഒരു പ്രശ്നം ഇത്തവണ ബോധപൂർവമായി കേന്ദ്ര സർക്കാർ സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സെൻസർ എക്സംഷൻ ആവശ്യമുള്ള 187 സിനിമകളുടെ ലിസ്റ്റാണ് ഐഎൻബിക്ക് നൽകിയത്. എന്നാൽ, മുമ്പ് ഒരിക്കലും ഉണ്ടാകാത്തതുപോലെ, എല്ലാ സിനിമകളുടെയും അനുമതി ഐഎൻബി നിഷേധിക്കുകയായിരുന്നു.
തുടർന്ന് നിഷേധിച്ചതിന്റെ കാരണങ്ങൾ മനസിലാക്കി ആവശ്യകതകൾ വിശദീകരിച്ചുകൊണ്ട് മറുപടി നൽകിയപ്പോൾ 154 സിനിമകൾക്ക് അനുവാദം ലഭിച്ചു. പിന്നീട് വീണ്ടും ഐഎൻബിയെ സമീപിച്ചപ്പോൾ 14 സിനിമകൾക്ക് കൂടി അംഗീകാരം ലഭിച്ചു. എന്നാൽ ഇനിയും 19 സിനിമകൾക്ക് അംഗീകാരം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്ത് ഇത്രയും രാജ്യങ്ങളുടെ പ്രാതിനിധ്യവും ജന പങ്കാളിത്തവും ചലച്ചിത്രങ്ങളുടെ പങ്കാളിത്തവും വരുന്ന മേളകൾ കുറവാണ്. പതിനായിരക്കണക്കിന് ആളുകൾ വരുന്ന ഈ മേള ഇന്ത്യയിലെ ഏറ്റവും വലിയ മേളയും സിനിമാ ടൂറിസത്തിന്റെ പ്രധാന കേന്ദ്രവുമാണ്. ഇതിലാണ് കേന്ദ്രം ഇടങ്കോലിട്ടിരിക്കുന്നത്. ചലച്ചിത്രോത്സവത്തിലെ പ്രതിസന്ധി വേദനാജനകം, സങ്കടകരവുമാണ്. ക്ലാസിക്കൽ സിനിമകൾ അടക്കം വെട്ടി നിരത്തി. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

