കേരളം, അഭിമാനം: രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രകിയാ ഇൻസ്റ്റിസ്റ്റ്യൂട്ട് കോ‍ഴിക്കോട്; നിർമാണോദ്ഘാടനം നാളെ

Kerala Institute of Organ and Tissue Transplant

രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രകിയാ ഇൻസ്റ്റിസ്റ്റ്യൂട്ട് കോ‍ഴിക്കോട് യാഥാർത്ഥ്യമാകുന്നു. ലോകോത്തര നിലവാരമുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റിന്റെ (KIOTT) നിർമ്മാണോദ്ഘാടനം നാളെ കോഴിക്കോട് ചേവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവൽക്കരിച്ചും എല്ലാ വിഭാഗാം ജനങ്ങൾക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദലിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നായി ഇത് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

525 കോടി രൂപയുടെ ഈ ബൃഹത് പദ്ധതി കിഫ്ബി (KIIFB) ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കായി മാത്രം 99 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. രാജ്യത്തെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രകിയകളുടെ 90 ശതമാനവും നടക്കുന്നത് സ്വകാര്യ മേഖലയിലാണ്. അതിഭീമമായ ചികിത്സാചെലവു കാരണം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ ചികിത്സാസൗകര്യം സ്വകാര്യ ആശുപ്രത്രികളിലാകുന്ന ചെലവിൻ്റെ മൂന്നിലൊന്ന് നിരക്കിൽ ലഭ്യമാക്കുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്, നിസ്സഹായരായ മനുഷ്യർക്ക് മുന്നിൽ പുതു ജീവന്റെ വെളിച്ചവും പ്രതീക്ഷയും പകരാൻ ഉതകുന്ന ഇത്തരമൊരു പദ്ധതി ഇന്ത്യയിൽ പൊതുമേഖലയിൽ നടപ്പാകുന്നത് ഇത് ആദ്യമായാണ്.

ALSO READ: റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് എ എ റഹീം എം പി

യുഎസ്സിലെയും ചൈനയിലെയും സമാനമായ സംവിധാനങ്ങളിലെ അത്യാധുനിക സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയവ മാറ്റൽ ശസ്ത്രക്രിയകൾ ലക്ഷ്യമാക്കി ഇത്രയും വിപുലമായ ഒരു സമഗ്ര കേന്ദ്രം, ലോകത്തുതന്നെ മൂന്നാമത്തേതായി നമ്മുടെ കേരളത്തിൽ ഉയരാൻ പോവുകയാണെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ തുടങ്ങി സങ്കീർണ്ണമായ എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇവിടെ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും. പ്രതിവർഷം ആയിരക്കണക്കിന് മനുഷ്യർക്കാണ് ഈ കേന്ദ്രത്തിലൂടെ പുതുജീവൻ ലഭിക്കുക. വെറുമൊരു ആശുപത്രി എന്നതിനപ്പുറം, ഈ മേഖലയിലെ നൂതനമായ ഗവേഷണങ്ങൾക്കും മെഡിക്കൽ വിദഗ്ധർക്കുള്ള പരിശീലനത്തിനുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രമായും ഇത് മാറും. പൊതുമേഖലയെ ദുർബലമാക്കി ആരോഗ്യരംഗത്തെ പൂർണമായും കമ്പോളത്തിന് വിട്ടുകൊടുക്കുന്ന വലതുപക്ഷ നയങ്ങൾക്കെതിരെയുള്ള കേരളത്തിൻ്റെ ശക്തമായ മറുപടി കൂടിയാണ് പദ്ധതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ സംരക്ഷണം കച്ചവടമല്ല, മറിച്ച് ഓരോ മനുഷ്യന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റ് എന്ന് കുറിച്ച മുഖ്യമന്ത്രി നവകേരള നിർമ്മിതിക്കായി ഈ സർക്കാർ നൽകുന്ന ഓരോ വാഗ്ദാനവും സമയബന്ധിതമായി പാലിക്കപ്പെടുമെന്നും ഉറപ്പ് നൽകി. മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുമായി ഒരുമിച്ച് മുന്നേറി, നവകേരളം യാഥാർഥ്യമാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News