
പാണക്കാട് കുടുംബത്തിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെപോലുള്ളവർ മോശമായി അഭിപ്രായ പ്രകടനം നടത്തുകയാണെങ്കിൽ ലീഗിൻ്റെയോ സമസ്തയുടെയോ പ്രവർത്തകർ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാൻ കഴിയില്ലെന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ഭീഷണി തനി ഗുണ്ടായിസമാണെന്ന് ഐ.എൻ.എൽ. പാണക്കാട് തങ്ങള്‍മാരടക്കമുള്ള ലീഗ് നേതൃത്വം അത് അംഗീകരിക്കുന്നുണ്ടോ എന്നും ഐ എൻഎൽ ചോദിച്ചു.
പാണക്കാട് തങ്ങള്‍മാരെ വിമർശിച്ച ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് എടുത്ത് പുറത്തേക്ക് വലിച്ചെറിയണമെന്നാണ് ഷാഫിയുടെ ആവശ്യം. രാഷ്ട്രീയ എതിരാളികളോട് വിയോജിക്കാം. അവരുടെ രീതി ശരിയല്ലെന്ന് വാദിക്കുകയും ചെയ്യാം. എന്നാൽ തങ്ങളുടെ നേതാക്കന്മാരുടെ കുറവുകളോ കുറ്റങ്ങളോ ചൂണ്ടിക്കാട്ടിയാൽ അണികൾ അവരെ കൈകാര്യം ചെയ്യുമെന്ന ആഹ്വാനത്തിന് ഷാഫിക്കെതിരെ കേസെടുക്കണമെന്ന് ഐഎൻ എല്‍ പറഞ്ഞു.
നിയമം കെെയ്യിലെടുക്കാൻ ലീഗുകാർക്ക് ആരാണ് അധികാരം നൽകിയത്? ലീഗിൻ്റെ നിലപാടുകളെ എതിർക്കുന്ന ഉമർ ഫൈസിയെ പോലുള്ളവരെ കൈകാര്യം ചെയ്യാൻ ഷാഫിയെ പോലുള്ളവർ മുതിരുമ്പോൾ എന്താണ് അതിൻ്റെ പ്രത്യാഘാതമെന്ന് ചിന്തിച്ചിട്ടുണ്ടോ? രാഷ്ട്രീയ ബോധമോ അച്ചടക്കമോ സംയമനമോ കൊണ്ട് അനുഗ്രഹിക്കപ്പെടാത്ത ലീഗിൻ്റെ സാദാ അണികളെ അക്രമത്തിലേക്ക് കൊണ്ട് ചാടിച്ചാൽ ഷാഫി ഉത്തരവാദിത്വം ഏൽക്കുമോയെന്ന് ഐഎൻഎല്‍ ചോദിച്ചു.
സമസ്തയിൽ നിന്ന് ആരെ പുറത്താക്കണമെന്നും ആരെ അകത്താക്കണമെന്നും തീരുമാനിക്കുന്നത് ലീഗിൻ്റെ ഭാരവാഹികളല്ല. അവർ പാർട്ടിയുടെ കാര്യം നോക്കിയാൽ മതി. സ്വന്തം അന്തസ്സും അസ്തിത്വവും കാത്തുസൂക്ഷിക്കുന്ന പണ്ഡിത സഭയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് ഞങ്ങളാണെന്ന മിഥ്യാധാരണ കൈവെടിയുകയാണ് ഷാഫിയെ പോലുള്ളവർക്ക് നല്ലതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

