
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ മതിയെന്ന കർശന നിലപാടിലാണ് സണ്ണി ജോസഫ്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാൽ മത്സര രംഗത്തേക്കില്ലെന്ന സൂചന നൽകിയ സണ്ണി ജോസഫ്, തന്റെ അതൃപ്തി അറിയിക്കാൻ ഹൈക്കമാന്റിനെ കാണാൻ ദില്ലിയിലെത്തി.
കെപിസിസി അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാട് എടുത്തതോടെയാണ് സണ്ണി ജോസഫ് സമ്മർദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. അധ്യക്ഷൻ തന്നെ സ്ഥാനാർത്ഥിയായാൽ തിരഞ്ഞെടുപ്പ് ഏകോപനത്തെ ബാധിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ വാദം. എന്നാൽ അധ്യക്ഷ പദവിയിൽ ഇരുന്നു തന്നെ പോരാടാനാണ് സണ്ണി ജോസഫിന്റെ നീക്കം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പാർട്ടിക്കുള്ളിലെ ഈ കലഹത്തോടെ പൊള്ളയാണെന്ന് തെളിയുകയാണ്. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുമ്പേ പാർട്ടിയിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള ഈ പോര് പ്രവർത്തകർക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. സണ്ണി ജോസഫിന്റെ ദില്ലി സന്ദർശനവും ഹൈക്കമാന്റിന്റെ നിലപാടും വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


