
ലോകം ഇന്നേവരെ കാണാത്ത വംശീയ ഉന്മൂലനമാണ് ഇസ്രയേല്‍ ഗാസയില്‍ നടപ്പിലാക്കുന്നത്. 65000 പലസ്തീനികളെ ഇതിനോടകം ഇസ്രയേല്‍ കൊന്നു തള്ളി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് യുഎന്‍ തുറന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇനിയും ഈ കൂട്ടക്കുരുതിയില്‍ മൗനം തുടരുന്നവര്‍ അത് വെടിയണമെന്ന് ഓര്‍മപ്പെടുത്തുകയാണ് എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും ഗവേഷകനുമായ ഡോ. നിതീഷ് നാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ചലവും ചോരയും ഒഴുകുന്ന ശരീരത്തിലേക്ക് ഒരു ദിനം നിങ്ങൾ ഉണർന്നെഴുന്നേൽക്കുന്നു.
വീട് നിലംപൊത്തിയിരിക്കുന്നു. പൊടി പടലങ്ങൾക്കിടയിൽ, കോൺക്രീറ്റ് പാളികൾക്കുള്ളിൽ നിങ്ങളുടേതെന്ന് ഉറപ്പിച്ചു കരുതിയിരുന്ന വീട്ടിലെ എല്ലാവരും മരിച്ചു കിടക്കുന്നു.
ആർത്തലച്ച് നിലവിളിച്ചാലും വരാൻ ആരുമില്ല.
അടുത്തുണ്ടായിരുന്ന വീടുകൾ, അയൽക്കാർ, കൂട്ടുകാർ, കുഞ്ഞുങ്ങൾ എല്ലാവരും മരിച്ചു പോയിരിക്കുന്നു.
അയൽ നാടും അയൽ ദേശവും മരിച്ചു പോയിരിക്കുന്നു.
മരിക്കാത്തവർ മരിക്കാത്തവരെ പ്രതീക്ഷിച്ച് അലയുന്നു. മരിച്ചവരെ മാത്രം കണ്ടെത്തുന്നു.
മരണം, മരണം എന്ന് ആവർത്തിച്ച് എഴുതുമ്പോൾ നെഞ്ചിൽ ഒരു പർവതം കൊണ്ടുവച്ച കനമുണ്ട്.
ഇരുപത്തി ഏഴായിരമാണ് കേരളത്തിലെ ഒരു പഞ്ചായത്തിലെ ശരാശരി ജനസംഖ്യ. 32 ചതുരശ്ര കിലോമീറ്റർ ആണ് ശരാശരി വലിപ്പം.
കേരളത്തിലെ പത്ത് പഞ്ചായത്തുകളുടെ വലിപ്പം മാത്രമേ ഗാസ എന്ന പ്രദേശത്തിനുള്ളൂ.
നിങ്ങളുടെ വീട്ടിലെ, തൊട്ടടുത്ത വീട്ടിലെ, നാട്ടിലെ, വാർഡിലെ, പഞ്ചായത്തിലെ, അടുത്ത പഞ്ചായത്തിലെ, അതിനുമപ്പുറത്തെ പഞ്ചായത്തിലെ എല്ലാ മനുഷ്യരും 22 മാസത്തിനുള്ളിൽ മരിച്ചു പോകുന്നത് ഓർത്തുനോക്കൂ എന്ന വാചകം എഴുതി പൂർത്തീകരിക്കാൻ എനിക്കാവുന്നില്ല.
പ്രിയരേ,
നമ്മുടെ മൂന്ന് പഞ്ചായത്തുകളിലെ മുഴുവൻ മനുഷ്യരും മരിച്ചുപോയ നാടാണ് ഗാസ.
കൊന്നതാണ്,
സിയോണിസ്റ്റ് ഭീകരത
സാമ്രാജ്യത്വം.
അവർക്ക് ആ നാട്ടിൽ പുതിയ നഗരം നിർമ്മിക്കണമത്രേ. ആ നഗരത്തിൻ്റെ തറക്കല്ലുകൾ ഉറപ്പിക്കുന്നത് ഇന്നുവരെ അവിടെ ജീവിച്ച എല്ലാ മനുഷ്യരുടെയും മാംസത്തുണ്ടുകൾ കൊണ്ടാണ്.
അതിൽ കുഞ്ഞുങ്ങളുണ്ട്, പിറന്നു വീണവർ. പിറക്കാനിരുന്നവരുടെ കണക്കില്ല. മരിച്ചുപോയ അമ്മമാരുടെ വയറ്റിൽ തന്നെ അവർ ഒടുങ്ങി.
പലായനം ചെയ്യുന്ന മനുഷ്യരെക്കണ്ടോ?
അതിനകത്തിരിക്കുന്ന മനുഷ്യർ ആലോചിക്കുന്നതെന്താവും? അവർ എന്തെങ്കിലും ആലോചിക്കുന്നുണ്ടാകുമോ? ആലോചിച്ചാൽ അവർക്ക് ജീവിക്കാനാകുമോ?
ഗാസയിൽ പിറക്കാതിരുന്നത് കൊണ്ട് നമ്മൾ ബാക്കിയായി.
മിണ്ടാതിരുന്നത് കൊണ്ട് നമ്മൾ ഗാസയിലെ കുഞ്ഞുങ്ങൾ മരിക്കും മുൻപ് മരിച്ചും പോയി.
അവർ പലായനം ചെയ്യുന്നു.
നമ്മൾ നമ്മളെ മൗനത്തിൽ കുഴിച്ചു മൂടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

