
ആകാശ് മധു
പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് കേട്ട് വീട്ടിൽ വിളക്ക് തെളിയിക്കുന്ന അമ്മമാരുടെ നാട്, പള്ളിയിൽ നിന്നുള്ള ഘോഷയാത്ര കടന്ന് പോകുമ്പോൾ സ്നേഹത്തിൽ ചാലിച്ച മധുരം കലക്കിയ വെള്ളവുമായി ഘോഷയാത്രകളെ വരവേൽക്കുന്നവരുടെ നാട്,
മത നിരപേക്ഷ മൂല്യങ്ങൾ നെഞ്ചോട് ചേർക്കുന്നു നാട് വലിയ മനുഷ്യരുടെ ഒരു വലിയ നാട്, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ പറയുന്ന കേരളം. ഇവിടത്തെ ദൈവങ്ങൾ മനുഷ്യരാണ്. സ്നേഹം കൊണ്ട് ഹൃദയം കീഴടക്കുന്ന ഒരു പിടി നല്ല മനുഷ്യർ. ഇവിടെ പറയാൻ ഒരുപാട് സ്റ്റോറികൾ ഉണ്ട്. കള്ളങ്ങൾ പടച്ചു വിട്ട് ഈ നാടിനെ വർഗീയ വത്കരിക്കാൻ ശ്രമിക്കുന്ന കാവിക്കൂട്ടങ്ങൾ പറയുന്ന കഥകൾ അല്ല. മതേതരമൂല്യങ്ങളുടെ കഥകൾ. എല്ലാ കൊള്ളരുതായ്മകളെയും തുടച്ചു നീക്കിയ ധീരന്മാരുടെ കഥകൾ.
കെട്ടിയാടുന്ന തെയ്യം നേരെ ചെന്ന് കയറുന്നത് അടുത്തുള്ള മുസ്ലീം പള്ളിയിലേക്ക്. അവിടെ നിന്നും തെയ്യം അവിടെ കൂടിയവരെ അനുഗ്രഹിക്കുന്നു, ആശിർവദിക്കുന്നു. തെയ്യത്തിന് നല്ല അത്തറിന്റെ മണമുള്ള കാണിക്കകൾ അവിടെ കൂടി നിൽക്കുന്നവർ കൊടുക്കുന്നു. കാലങ്ങളായി കേരളത്തിൽ നടന്ന് വരുന്ന ആചാരമാണത്. നീയെനിക്ക് അന്യയല്ല നീയും എന്റെ പൈതലാണെന്ന് പറഞ്ഞ് പർദ്ദയിട്ട ഉമ്മയെ ചേർത്ത് നിർത്തുന്ന മുത്തപ്പൻ ഉള്ള നാടാണ് കേരളം. ശബരിമല അയ്യപ്പനും വാവരും ഒരുമിച്ച് വസിക്കുന്ന നാടാണ് കേരളം. മലവെള്ളം നാടിനെ വിഴുങ്ങിയപ്പോൾ ഒരു നാടിനെയാകെ ഉരുളെടുത്തപ്പോൾ സ്നേഹത്തിൻറെ രാഷ്ട്രീയം മാത്രം കൈമുതലാക്കി വച്ച് ഒരു കുടക്കീഴിൽ അണിനിരന്നവരായിരുന്നു ഈ കേരളത്തിലെ ജനങ്ങൾ.
Also read: ‘വയനാട് ടൗൺഷിപ്പിൽ മുസ്ലിം ലീഗിന്റെ ഉടായിപ്പ് കാർഡ് വിലപ്പോകില്ല’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
ഈ നാട്ടിലേക്കാണ് കേരളം ഇതുവരെ ഫോട്ടോയിൽ പോലും കണ്ട് പരിചയമില്ലാത്തവർ വെറുപ്പിന്റെ സ്റ്റോറിയുമായി എത്തുന്നത്. ഈ സ്റ്റോറിക്ക് പിന്നിൽ മറ്റൊരു സ്റ്റോറി ഉണ്ടെന്നത് നിങ്ങൾക്കറിയാമോ? ഇത് കേവലം ഒരു സിനിമയല്ലേ എന്ന ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ അതിൽ ഒരു തിരുത്തുണ്ട്. ഇത് കേവലമായൊരു സിനിമ അല്ല. ഇത് കൃത്യമായ അജണ്ടയാണ്. കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് അജണ്ട. കഴിഞ്ഞ പത്ത് വർഷമായി ഒരു വർഗീയ കലാപങ്ങളും ഇല്ലാത്ത ഈ നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കാനുള്ള അജണ്ട. അതിലൂടെ കേരളത്തിൽ വേരുറപ്പിക്കാം എന്ന വ്യാമോഹത്തിന്റെ കഥയാണ് കേരള സ്റ്റോറീസ്. കേരളത്തിലെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുകൂലിച്ച് രംഗത്ത് വന്നു. അത് തന്നെയല്ലെ ഈ സിനിമയിലൂടെ ഒളിച്ച് കടത്താൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണം.
Also read: നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും; പ്രൊപ്പഗാണ്ട ഇവിടെ തകർന്നടിയും
എന്നാൽ ഇതിനെതിരെ കേരളക്കര ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിലെ കോൺഗ്രസോ വിഡി സതീശനോ ഇതിനെതിരെ ഒന്ന് പ്രതികരിക്കാൻ പോലും തയ്യാറായില്ല. അവർക്ക് പ്രതികരിക്കാൻ കഴിയില്ലല്ലോ… വാഴ നനയുമ്പോൾ ചീര കൂടി നനയുന്നത് നല്ലതാണെന്ന വ്യക്തമായ ധാരണ അവർക്കുണ്ട്. ജമാഅത്തെ മതരാഷ്ട്രം മുന്നോട്ട് വയ്ക്കുന്നില്ലെന്ന് പറയുന്ന കോൺഗ്രസിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട കാര്യവുമില്ലല്ലോ. എന്നാൽ കേരളക്കരയാകെ ഇതിനെ ചെറുക്കാൻ രംഗത്തുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ കൃത്യമായ നിലപാടെടുത്ത് മുന്നോട്ട് വരുകയും ചെയ്തിട്ടുണ്ട്. കേരളത്തനെതിരെ ഇല്ലാക്കഥകൾ പടച്ച് വിടുന്നതിലൂടെ, ഭിന്നിപ്പിക്കാനുള്ള ലക്ഷ്യത്തിൽ സിനിമകൾ ഇറക്കുന്നതിലൂടെ അവർ കരുതുന്നത് ഈ നാട് നിങ്ങൾക്ക് വഴങ്ങിത്തരുമെന്നാണ്. എന്നാൽ എത്രയൊക്കെ നിങ്ങൾ ശ്രമിച്ചാലും വർഗീയതയ പടർത്തുന്ന കാവിക്കൂട്ടത്തെ ചെറുത്ത് തോൽപ്പിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


