
ശരാശരി മലയാളിയുടെ ജീവിതം വീടും വീട്ടകവും ആണെന്ന് വിശ്വസിക്കുകയും, എന്നാൽ ലോക രാഷ്ട്രങ്ങളുടെ ദുഷ്ചെയ്തികൾ മനസ്സിലാക്കി മാനവികതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കളിയാക്കുകയും ചെയ്യുന്നവർക്ക് ചുട്ട മറുപടി നൽകുകയാണ് പ്രശസ്ത കഥാകൃത്ത് ഡോ. ജെഎസ് സമ്പത്ത്. അമേരിക്ക ഇറാഖിലോ ക്യൂബയിലോ ചൈനയിലോ വെനസ്വേലയിലോ വർഷിക്കുന്ന ബോംബുകൾക്ക് ഇങ്ങു കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മലയാളിയുടെ വിശപ്പിനെയും ബാധിക്കുന്നതാണ്.
എന്നാൽ പലപ്പോഴും ഇത്തരം തിരിച്ചറിവുകൾ ഇല്ലാതിരിക്കുകയും അതുള്ളവർ പ്രതികരിക്കുമ്പോൾ അതിനെ വിമർശിക്കുകയും ചെയ്യുന്നത് അരാഷ്ട്രീയ ബോധത്തിന്റെ ഭാഗമായാണ്. മാനവികതക്കായി ശബ്ദമുയർത്താൻ ഉയർന്ന രാഷ്ട്രീയബോധം വേണം അദ്ദേഹം പറയുന്നു. അനിൽ നമ്പിയാരെ ഒക്കെ പോലുള്ളവർക്ക് രാഷ്ട്രീയം എന്നാൽ അത് മതമാണ്, വർഗ്ഗീയതയാണ്. ആ വർഗീയത വച്ച് സാർവ്വദേശീയ സമരങ്ങളെ അവർ ട്രോളും എന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജെഎസ് സമ്പത്ത് പ്രതികരിച്ചത്. പോസറ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
Also read : പി എം നിയാസിന്‍റെ തോൽവി: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജിവെച്ച വാർഡ് പ്രസിഡന്‍റ് പ്രദീപ് മാമ്പറ്റ
വിനോദയാത്ര സിനിമയിൽ ഏറ്റവും കൂടുതൽ കൈയ്യടി കിട്ടിയ സീൻ നായികയായ മീര ജാസ്മിൻ ദിലീപിനോട് ഒരു കിലോ അരിക്കെത്ര രൂപ എന്ന് ചോദിക്കുന്നതും അതിനുത്തരം അറിയാതെ ചമ്മി നിൽക്കുന്ന നായകന്റെ ചേഷ്ടകളും തുടർന്ന് വെളിച്ചെണ്ണ കറന്റ് മുതലായ നിത്യോപയോഗസാധനങ്ങളുടെ വിലയെക്കുറിച്ച് കൂടി ചോദിക്കുമ്പോൾ ഉത്തരമില്ലായ്മയും ചമ്മലും അതിന്റെ പരകോടിയിലെത്തുന്നതുമാണ്. സദ്ദാം ഹുസൈൻ എത്ര കൊല്ലം ഇറാഖ് ഭരിച്ചു, അമേരിക്ക ഇറാഖിൽ എത്ര ബോംബിട്ടു എന്നതൊന്നും ഒരു ശരാശരി മലയാളിയുടെ വിഷയമേ അല്ലായെന്ന വലിയ സന്ദേശം കൂടി സത്യൻ അന്തിക്കാട് മീരയിലൂടെ പറഞ്ഞു വെക്കുമ്പോൾ പ്രേക്ഷകർ ഉറക്കെ കൈയ്യടിക്കുന്നു. വളരെ ശരിയാണ് നിത്യോപയോഗ സാധനങ്ങളുടെ വില അറിഞ്ഞുള്ള ജീവിതമേ ഒരു ശരാശരി മലയാളി ജീവിക്കേണ്ടതുള്ളു. പക്ഷെ ഒരു രാഷ്ട്രീയ ജീവിയെന്ന നിലയിൽ ആ ശരാശരി മലയാളി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അമേരിക്ക ഇറാഖിലോ ക്യൂബെയിലോ ചൈനയിലോ വെനസ്വലയിലോ വർഷിക്കുന്ന ബോംബുകൾക്ക് ഇങ്ങു കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മലയാളിയുടെ വിശപ്പിനെയും അവർ കഴിക്കുന്ന അരിയുടെ വിലയെയും നിർണയിക്കാൻ കഴിയും. വീടും വീട്ടകവുമാണ് ശരാശരി മലയാളിയുടെ ലോകമെന്ന അന്തിക്കാടൻ അരാഷ്ട്രീയ യുക്തിയിൽ സാർവദേശീയത എന്നൊന്നില്ല.അത് കൊണ്ട് ഇത്തരം ഉപരിപ്ലമായ സന്ദേശങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരുന്നു. സി. ജെ. തോമസിന്റെ അവൻ വീണ്ടും വരുന്നു എന്ന മഹത്തരമായ നാടകം പണ്ടേ പറഞ്ഞു വെച്ചതാണ് ലോക മഹായുദ്ധം കുട്ടനാട്ടെ ഒരു സാധാരണ കർഷക കുടുംബത്തിന്റെ ജീവിതനിമിഷങ്ങളെ എങ്ങനെ ബാധിച്ചു എന്നത്. അനിൽ നമ്പിയാരെ ഒക്കെ പോലുള്ളവർക്ക് രാഷ്ട്രീയം എന്നാൽ അത് മതമാണ്, വർഗ്ഗീയതയാണ്. തിരോന്തരോം കേരളോം ഇന്ത്യേo അതിനപ്പുറം ലോകമില്ല. ആ അരാഷ്ട്രീയ ബോധവും വർഗ്ഗീയ മനസ്സും വെച്ച് സർവ്വദേശീയ സമരങ്ങളെ അവർ ട്രോളും. ഒന്നും ചെയ്യാനാവില്ല കാരണം ഒരാളെ വർഗ്ഗീയവൽക്കരിക്കാൻ ഒരു നിമിഷം മതി, എന്നാൽ ഒരാളെ രാഷ്ട്രീയബോധമുള്ള മനുഷ്യനാക്കാൻ വർഷങ്ങൾ വേണ്ടി വരും അതൊരു അനായാസ പ്രക്രിയയല്ല. അതിന് മെനക്കെടാനോ ചരിത്രവൽക്കരിക്കപ്പെടാനോ കഴിയാതെ ഏറ്റവും എളുപ്പമുള്ള ചില കാര്യങ്ങൾ ചെയ്ത് വ്യാജ വാർത്തയും കൊടുത്ത് സാധാരണ മനുഷ്യന്റെ സത്യസന്ധമായ മതവിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്ന പോലെ എളുപ്പമല്ലത്. ബ്രിട്ടീഷുകാർക്കെതിരെ സമരം നടക്കുമ്പോൾ ചെരുപ്പ് നക്കി നാടിനെ ഒറ്റികൊടുക്കുവാനും ഗാന്ധി എന്ന ആശയത്തെ തന്നെ കൊന്നൊടുക്കുവാനും നേതൃത്വo നൽകിയ സംഘബോധത്തിൽ ഒരിക്കലും യഥാർത്ഥ രാഷ്ട്രീയം കടന്നു വരില്ലല്ലോ. കോളനികരണത്തിലൂടെ യൂറോപ്പ് ലോകത്തെ കീഴ്പ്പെടുത്തിയത് ഒരു രാഷ്ട്രീയ വിഷയമാണ്….globalisation ലൂടെ ലോകവിപണിയെ അമേരിക്കൻ മുതലാളിത്തം കൈവെള്ളയിലൊതുക്കിയത് ഒരു രാഷ്ട്രീയ വിഷയമാണ്…. അധിനിവേശത്തിലൂടെ അമേരിക്കൻ സാമ്രാജ്യത്വo തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ സ്വതന്ത്ര രാജ്യങ്ങളെ ആക്രമിക്കുന്നതും രാഷ്ട്രീയ വിഷയമാണ്. അതിർത്തികൾ ഭേദിച്ച് മനുഷ്യരെല്ലാം ഒന്നാണെന്ന ബോധമുള്ള നന്മയുള്ള സകല മനുഷ്യരും ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കാറുണ്ട്. അത് മാനവികതയിലൂന്നി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏതൊരാളുടെയും ഉത്തരവാദിത്തമാണ്. ആ നിലപാട് കേട്ട് ട്രംപ് അങ്ങ് പേടിച്ചു പോയെന്ന് AC മുറിയിലിരുന്ന് കളിയാക്കാൻ നല്ല രസമാണ്. പക്ഷെ ഇതൊക്കെ ആഴത്തിൽ മനസിലാക്കി മാനവികതക്കായി ശബ്ദമുയർത്താൻ ഉയർന്ന രാഷ്ട്രീയബോധം വേണം. അരിയുടെയും വെളിച്ചെണ്ണയുടെയും വില മാത്രമറിഞ്ഞാൽ പോര. ആ വിലയൊക്കെ നിർണയിക്കപ്പെടുന്ന ലോക രാഷ്ട്രീയ സാഹചര്യങ്ങൾക്കൂടി അറിയേണ്ടതുണ്ട്. അത്കൊണ്ട് ഏതൊരാൾ ഏത് രീതിയിൽ കളിയാക്കിയാലും നമ്മൾ പറയും…..സാമ്രാജ്യത്വo തുലയട്ടെ… ട്രംപ് എന്ന സാമ്രാജ്യത്വ നായകൻ തുലയട്ടെ… സ്നേഹവും മാനവികതയും പരക്കട്ടെ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

