
രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ കേവലഭൂരിപക്ഷം മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 82 ഇടങ്ങളിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. എന്നാൽ 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആകെ നാല് സീറ്റുകളിൽ മാത്രമാണ് ഇപ്പോൾ മുന്നേറാൻ കഴിഞ്ഞിരുന്നത്. ദയനീയമായ അവസ്ഥയിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്.
ഇതിനിടെ ഫേസ്ബുക്കിൽ ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ച നയങ്ങളെക്കുറിച്ച് ജിതിൻ ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സിന് ബീഹാർ തെരഞ്ഞെടുപ്പിൽ ആരാണ് തങ്ങളുടെ ശത്രുവെന്ന ധാരണയുണ്ടായിരുന്നില്ലെന്നും ബിജെപി സഖ്യത്തെ വിജയിപ്പിച്ചത് കോൺഗ്രസാണ് എന്നും അദ്ദേഹം എഫ് ബി പോസ്റ്റിൽ പറഞ്ഞു. ദീർഘകാലത്തേക്കായി ആവിഷ്ക്കരിക്കേണ്ട സ്ട്രാറ്റജിയില്ലാതെ ഹ്രസ്വകാല പൊടിക്കൈകളുമായി തെരഞ്ഞെടുപ്പ് ജയിക്കാമെന്നാമാണ് ഇന്നും കോൺഗ്രസ്സ് കരുതുന്നത്. അതിന്റെ ക്ലാസിക്ക് ഉദാഹരണമായിരുന്നു ഇത്തവണത്തെ ബീഹാർ തെരഞ്ഞെടുപ്പ്. പത്തിലേറെ സീറ്റുകളിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ആർജെഡിക്കെതിരെ കോൺഗ്രസ്സ് കൈപ്പത്തി ചിഹ്നത്തിൽ സൗഹൃദ മത്സരമെന്ന പേരിൽ റിബലുകളെ നിർത്തി മത്സരിപ്പിച്ചു. അത്രയും സീറ്റുകളിൽ ബിജെപി സഖ്യത്തിന് നോമിനേഷൻ കൊടുക്കേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബിഹാറിൽ മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തിയത് കോൺഗ്രസാണ് എന്നും ഈ പോസ്റ്റിൽ ജിതിൻ ഗോപാലകൃഷ്ണൻ പറയുന്നു.
ALSO READ: ‘ബീഹാറില്‍ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചിട്ട് കേരളത്തിൽ വന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്നത് മാത്രമല്ല സംഘടനാപ്രവർത്തനം’: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഉല്ലേഖ് എൻ പി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബീഹാറിൽ ബിജെപി സഖ്യത്തെ വിജയിപ്പിച്ചത് കോൺഗ്രസാണ്.
1.കോൺഗ്രസ്സിന് ബീഹാറിൽ ആരാണ് തങ്ങളുടെ ശത്രുവെന്ന ധാരണയുണ്ടായിരുന്നില്ല.
ബിജെപി സഖ്യത്തെ പരാജയപ്പെടുത്തണം എന്ന ലക്ഷ്യമേ കോൺഗ്രസ്സിനുണ്ടായിരുന്നില്ല. പത്തിലേറെ സീറ്റുകളിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ആർജെഡിക്കെതിരെ കോൺഗ്രസ്സ് കൈപ്പത്തി ചിഹ്നത്തിൽ റിബലുകളെ നിർത്തി. എന്നിട്ടതിന് സൗഹൃദമത്സരമെന്നു പേരുമിട്ടു. അത്രയും സീറ്റുകളിൽ ബിജെപി സഖ്യത്തിന് നോമിനേഷൻ കൊടുക്കേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബീഹാറിൽ മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തിയത് കോൺഗ്രസാണ്.
2.കോൺഗ്രസ്സിന് ബീഹാറിൽ ആരാണ് തങ്ങളുടെ സുഹൃത്തുക്കളെന്ന ധാരണയുണ്ടായിരുന്നില്ല.
ചുരുക്കം സീറ്റുകളിലാണ് ഇടതുപക്ഷം ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. അഞ്ചു സീറ്റുകളിൽ ഇടതുപക്ഷത്തിനെതിരെയും കോൺഗ്രസ്സ് റിബലുകളെ ഇറക്കി. പാർടി ചിഹ്നത്തിൽ തന്നെ. ഫലമോ? ബിജെപി സഖ്യത്തിന് കാര്യങ്ങൾ എളുപ്പമായി. അപ്പോഴും ഫലം വരുമ്പോൾ ബീഹാറിൽ കോൺഗ്രസ്സിനേക്കാൾ സീറ്റ് ഇടതുപക്ഷത്തിനുണ്ട്. കോൺഗ്രസ്സ് നിർത്തിയ റിബൽ സ്ഥാനാർഥികളെപ്പോലും അതിജീവിച്ചാണ് ഇടതുപക്ഷം വിജയിച്ചത്.
3.തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ സ്ട്രാറ്റജിയും ടാക്റ്റിക്സും പരസ്പര പൂരകമാവണമെന്ന അടിസ്ഥാന പാഠത്തെപ്പറ്റി കോൺഗ്രസ്സിന് ധാരണയുണ്ടായിരുന്നില്ല.
ദീർഘകാലത്തേക്കായി ആവിഷ്ക്കരിക്കേണ്ട സ്ട്രാറ്റജിയില്ലാതെ ഹ്രസ്വകാല പൊടിക്കൈകളുമായി തെരഞ്ഞെടുപ്പ് ജയിക്കാമെന്നാമാണ് ഇന്നും കോൺഗ്രസ്സ് കരുതുന്നത്. അതിന്റെ ക്ലാസിക്ക് ഉദാഹരണമായിരുന്നു ഇത്തവണത്തെ ബീഹാർ തെരഞ്ഞെടുപ്പ്.
രാജ്യത്താകമാനം വ്യാജവോട്ടർമാർ കുടിയേറിയിരിക്കുന്നു എന്ന വ്യാജ നറേറ്റീവാണ് ബിജെപി കുറച്ചു കാലമായി പ്രചരിപ്പിച്ചു പോരുന്നത്.
ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരണം എന്ന പേരിൽ സിസ്റ്റമാറ്റിക്കായി ന്യൂനപക്ഷങ്ങളുൾപ്പെടെ കുറെയധികം പേരെ വോട്ടവകാശത്തിൽ നിന്നും പുറന്തള്ളാനാണ് ബീഹാറിൽ എസ്ഐആർ കൊണ്ടുവന്നത്.
എസ്ഐആറിനെതിരെ ജനങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാവണമായിരുന്നു കോൺഗ്രസ്സ് സ്വീകരിക്കേണ്ട സ്ട്രാറ്റജി. എന്നാൽ എസ്ഐആറിനെതിരെ ബീഹാറിൽ വലിയ രീതിയിൽ പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നതിനിടെയാണ്
രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തി വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടിനെക്കുറിച്ചും വ്യാജ വോട്ടർമാരെപ്പറ്റിയും പറഞ്ഞത്. അതായത്, ഒരു യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ വേറൊരു യുദ്ധമുഖം തുറന്നു. വോട്ട് ചോരി വിഷയത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയം വസ്തുതയാണോ അല്ലയോ എന്നത് വേറെകാര്യം. (തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല). അപ്പോഴും, വോട്ട് ചോരി വിഷയം ഉന്നയിക്കേണ്ടത് ചുരുങ്ങിയ പക്ഷം ബീഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാവണമായിരുന്നു. അതായത് ടാക്റ്റിക്സ് പാളി. വോട്ടർ പട്ടികയുടെ ശുദ്ധീകരണം തന്നെയാണ് വോട്ട് ചോരിയിലൂടെ രാഹുലും എസ്ഐആറിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്നത് എന്ന ബിജെപിയുടെ ലളിതയുക്തി നിശബ്ദമായി വോട്ടർമാർക്കിടയിൽ പ്രചരിച്ചു. എസ്ഐആറിനനുകൂലമായ തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തെ സാധൂകരിക്കാൻ രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി പത്രസമ്മേളനങ്ങൾ താഴെ തട്ടിൽ ഉപയോഗിക്കപ്പെട്ടു. രാഹുൽ പറയുന്ന കള്ളവോട്ടുകൾ തടയാൻ എസ്ഐആർ വഴി സാധിക്കുമെന്ന തരത്തിൽ ബീഹാറിൽ സംഘപരിവാർ നറേറ്റീവിന് ശക്തിപകരുന്ന ഒന്നായി വോട്ട് ചോരി വിഷയം മാറി എന്നു ചുരുക്കം.
തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയും ടാക്റ്റിക്സും പരസ്പര പൂരകമാവണമെന്ന അടിസ്ഥാന പാഠം കോൺഗ്രസ്സ് മറന്നതിന്റെ ഫലമാണ് ഇന്നത്തെ എൻഡിഎയുടെ ബീഹാർ വിജയത്തിൽ ഒരു പ്രധാന കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

