
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവവും എടുത്തു പറഞ്ഞ് ഡോ. ജോ ജോസഫ്. അടുത്തിടെ നടന്ന ദുർഗ്ഗ കാമിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയും അതിനോടനുബന്ധിച്ചുള്ള ചികിത്സാ രീതികളും ഇതിന് ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ വശം അദ്ദേഹം പറയുന്നത്.
ദുർഗ്ഗ കാമിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 28 ദിവസത്തോളമാണ് ആ പെൺകുട്ടിയെ ‘എക്മോ’ (ECMO) എന്ന മെഷീന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയത്. ഹൃദയത്തിന്റെ വലിയ ട്യൂബുകൾ വഴി ആദ്യം സെൻട്രൽ എക്മോ സംവിധാനമാണ് ഉപയോഗിച്ചത്. നെഞ്ചുകൂട് തുറന്ന് പൈപ്പുകൾ വഴി മെഷീനുമായി ഘടിപ്പിക്കുകയായിരുന്നു. പിന്നീട് നില മെച്ചപ്പെട്ടപ്പോൾ ഇത് പെരിഫറൽ എക്മോയിലേക്ക് മാറ്റി.
ALSO READ: ‘തൃത്താലയിൽ വികസനോത്സവം തുടരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്
രക്തം കട്ടപിടിക്കാനും അമിത രക്തസ്രാവത്തിനും ഇൻഫെക്ഷനും സാധ്യതയുള്ള ഈ പ്രക്രിയയിൽ, ഒരു തവണ പോലും സർക്യൂട്ട് മാറ്റാതെ 28 ദിവസം ഒരു ജനറൽ ആശുപത്രിയിൽ ചികിത്സിക്കാൻ സാധിച്ചത് നമ്മുടെ സിസ്റ്റത്തിന്റെ വലിയ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ‘ഹൃദ്യം’ പദ്ധതിയുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക്, പ്രത്യേകിച്ച് അതിഥി തൊഴിലാളികളിലേക്ക് വരെ എത്തുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളിയുടെ കുട്ടിക്ക് ബാധിച്ച ‘ട്രൈക്കസ്‌പിഡ് അട്രീഷിയ’ എന്ന രോഗത്തിന് ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ നൽകാൻ സാധിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡൽഹി എയിംസിലെ തന്റെ പഠനകാലത്തെ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പരിമിതികളെ അദ്ദേഹം വിമർശിച്ചു. ബീഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും ‘എക്ടോപ്പിയ കോഡിസ്’ (ഹൃദയം നെഞ്ചുകൂടിന് പുറത്ത് നിൽക്കുന്ന അവസ്ഥ) ബാധിച്ച ഒരു കുഞ്ഞിനെ 2000 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്‌മെന്റിൽ കൊണ്ടുവരേണ്ടി വന്ന സാഹചര്യം അദ്ദേഹം വിവരിച്ചു,. ശസ്ത്രക്രിയയ്ക്ക് ശേഷം ഇൻഫെക്ഷൻ മൂലം ആ കുട്ടി മരിക്കാനിടയായത് യാത്രാമധ്യേ ഹൃദയം ഒരു തുവാല കൊണ്ട് മൂടിയതിനാലാണെന്ന് പിന്നീട് കണ്ടെത്തി.
എന്നാൽ കേരളത്തിൽ ഒരു കുട്ടിക്ക് അസുഖമാണെന്നറിഞ്ഞാൽ ഗ്രീൻ ചാനൽ ഒരുക്കിയും വാട്സ്ആപ്പ് സന്ദേശങ്ങൾ വഴി ആംബുലൻസുകൾക്ക് വഴിയൊരുക്കിയും മികച്ച ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് ജോ ജോസഫ് പറഞ്ഞു. ഈ കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

