
ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതിനെ തുടർന്ന് 70 വയസുള്ള വയോധികൻ രോഗിയായ ഭാര്യയെയും കൊണ്ട് 300 കി. മീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്ക് പോയത് സ്വയം സൈക്കിൾ റിക്ഷ ചവിട്ടി. ബിജെപി ഭരണമുള്ള ഒഡിഷയിലാണ് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി.
ഒഡീഷയിലെ സാംബൽപൂരിൽ നിന്ന് കട്ടക്കിലെ ഒരു ആശുപത്രിയിലേക്കാണ് 300 കിലോമീറ്റർ വീതം അങ്ങോട്ടും തിരിച്ചും 70കാരൻ സൈക്കിൾ ചവിട്ടിയത്. പ്രായത്തെയും അസ്ഥി മരവിപ്പിക്കുന്ന തണുപ്പിനെയും അവഗണിച്ചാണ് ഭാര്യയെയും വഹിച്ച് ആ മനുഷ്യൻ സൈക്കിൾ ചവിട്ടിയത്. ഇതാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ന് മലയാളികൾക്ക് വാഗ്ദാനം ചെയ്ത “ഡബിൾ എഞ്ചിൻ സർക്കാർ” എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇതേ ഒഡീഷയിൽ മൃതദേഹം ചുമന്ന് കിലോമീറ്ററുകൾ താണ്ടുന്ന ദാരുണ സംഭവങ്ങൾ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നതായി എംപി കുറിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ തന്നെ ബിജെപിയുടെ മാതൃക സംസ്ഥാനമായ ഉത്തർപ്രദേശിലെ ഒരു ആശുപത്രി വാർഡിന്റെ ദൃശ്യങ്ങൾ ഡോ. ജോൺ ബ്രിട്ടാസ് എംപി പങ്കുവെച്ചിരുന്നു. എലികള്‍ തലങ്ങുംവിലങ്ങും പായുന്ന മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വാർഡിന്റെ നടുക്കുന്ന, ദാരുണമായ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ ഒപ്പം എത്തണമെങ്കിൽ നാല് പതിറ്റാണ്ടെങ്കിലും പരിശ്രമിക്കേണ്ടി വരുമെന്ന് എംപി കുറിച്ചു. കേരളത്തിൽ വന്ന് പുകമറ സൃഷ്ടിക്കാനും വാചക കസർത്ത് നടത്താനും കണ്മുന്നിലെ ഈ യാഥാർത്ഥ്യങ്ങളൊന്നും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ആൾക്കാർക്ക് തടസം ആകുന്നില്ല എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

