
ഇടതുപക്ഷം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെന്ന അവകാശവാദം വൈരുദ്ധ്യമാണെന്ന വിമർശനങ്ങൾക്ക് സംവാദ വേദിയിൽ ശക്തമായ മറുപടികൾ നൽകി ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്ന സുപ്രീം കോടതി വിധികൾ കോൺഗ്രസ് കാലത്താണെന്ന വാദത്തെ ഖണ്ഡിച്ച അദ്ദേഹം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങളെ അടിവരയിട്ടു നിരത്തി
“നിങ്ങൾ മോദിക്കൊപ്പമാണെങ്കിൽ ദേശീയവാദിയും, മോദിക്കെതിരെയാണെങ്കിൽ രാജ്യദ്രോഹിയുമാണ്” എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ഭരണഘടനാ ജനാധിപത്യത്തിൽ രാജ്യസ്‌നേഹത്തെ ഒരൊറ്റ നേതാവിൽ പരിമിതപ്പെടുത്തുന്നത് അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ : Union Budget 2026: പ്രഖ്യാപനങ്ങൾ ഇവയൊക്കെ
മലയാളികൾ തൊഴിൽ തേടി ബാംഗ്ലൂരിലേക്ക് പോകുന്നത് കേരളത്തിന്റെ പരാജയമാണെന്ന വിമർശനത്തിനും അദ്ദേഹം കൃത്യമായ മറുപടി നൽകി. ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളുടെ നിർമ്മാണത്തിൽ മലയാളികൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. യു.എ.ഇ പോലുള്ള രാജ്യങ്ങൾ മലയാളി അധ്വാനത്തെ അംഗീകരിക്കുന്നത് പോലെ മറ്റുള്ളവരും ഉദാരമനസ്കത കാണിക്കണം. ഭാരതം എല്ലാവരുടേതുമാണെന്നും, കേരളത്തിലെത്തുന്ന 35 ലക്ഷത്തോളം ഇതരസംസ്ഥാനക്കാരെ ‘അതിഥി തൊഴിലാളികൾ’ എന്നാണ് കേരളം വിളിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ വികസന നേട്ടങ്ങളെ പരിഹസിക്കുന്നവർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ജീവിതസാഹചര്യങ്ങൾ താരതമ്യം ചെയ്യണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളം എല്ലാവർക്കും മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കിയതിലൂടെയാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ : തുടരുന്ന അവഗണന: കേരളത്തിന് അതിവേഗ റെയിൽ ഇല്ല
കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തിന് 5 എന്ന നിലയിലാണെന്നും ഇത് അമേരിക്കയെക്കാൾ മികച്ചതാണെന്നും അദ്ദേഹം കണക്കുകൾ നിരത്തി സമർത്ഥിച്ചു. ബി.ജെ.പിയുടെ മാതൃകാ സംസ്ഥാനമായ ഉത്തർപ്രദേശിൽ ശിശുമരണ നിരക്ക് 37-ഉം ദേശീയ ശരാശരി 27-ഉം ആണെന്നിരിക്കെ, കേരളത്തെ പരിഹസിക്കുന്നത് വസ്‌തുതകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തിൽ ഇടം നൽകാത്തതാണ് ഇത്തരം സാമൂഹിക നേട്ടങ്ങൾ കൈവരിക്കാൻ ആ കൊച്ചു സംസ്ഥാനത്തെ സഹായിച്ചതെന്നും ജോൺ ബ്രിട്ടാസ് എം.പി. പരിഹാസരൂപേണ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

