
ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂചലനങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ അധികാരമോഹങ്ങൾക്ക് വിഘാതമായത് സ്ത്രീ വോട്ടർമാരുടെ രാഷ്ട്രീയ ജാഗ്രതയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്കുള്ള സാഹചര്യത്തിൽ, ബംഗ്ലാദേശിൽ ഭരണം പിടിക്കാനിറങ്ങിയ ജമാഅത്തെ ഇസ്ലാമിയെ പരാജയപ്പെടുത്താൻ സ്ത്രീകൾ എങ്ങനെ ഒന്നിച്ചു എന്നതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സിലെ മുഖ്യവാർത്ത, ബംഗ്ലാദേശിൽ രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി സ്ത്രീ വോട്ടർമാർ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയെ തോൽപ്പിക്കാൻ ഒത്തുചേർന്നത് എന്നതിനെ കുറിച്ചാണ്….
വനിതാ വോട്ടർമാരുടെ ഉദ്ധരണികൾ കൂടി ചേർത്തുകൊണ്ടാണ് മുതിർന്ന മാധ്യമപ്രവർത്തക മോനിദീപ ബാനർജി ഈ വാർത്ത തയ്യാറാക്കിയിരിക്കുന്നത്.
“ഞാൻ അവാമി ലീഗിന്റെ ഉറച്ച വോട്ടറാണെങ്കിലും ബി.എൻ.പിക്കാണ് വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്ലാമി അധികാരത്തിൽ വരാതിരിക്കാൻ എന്റെ മുന്നിലുണ്ടായിരുന്ന മാർഗം ഇതായിരുന്നു”
ALSO READ : സതീശന്റേത് ‘സസ്പെൻസ്’ രാഷ്ട്രീയവും പച്ചക്കള്ളങ്ങളും; കണക്കുകൾ നിരത്തി ആഞ്ഞടിച്ച് അഡ്വ. കെ. അനിൽകുമാർ
പൊതുജീവിതത്തിലും സാമൂഹിക-സാമ്പത്തിക രംഗങ്ങളിലും സ്ത്രീകളുടെ ഇടം ജമാഅത്തെ ഇസ്ലാമിയുടെ വരവോടെ ചുരുങ്ങുമെന്ന ആശങ്കയിലാണ് സ്ത്രീ വോട്ടർമാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സ്ത്രീകളുടെ വസ്ത്രധാരണത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ജമാഅത്തെ ഇസ്ലാമി മാറിയെന്നും… സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഒരൊറ്റ സ്ത്രീയെപ്പോലും അവർ സ്ഥാനാർത്ഥിയാക്കിയില്ല…
“ഞങ്ങളുടെ പൊതുജീവിതവും ഇടവും ഉപാധികളാൽ നിർണ്ണയിക്കപ്പെടുന്നതും പരിമിതികളാൽ ചുരുങ്ങുന്നതുമായ ഒരു രാഷ്ട്രീയത്തെ തോൽപ്പിക്കേണ്ടത് അനിവാര്യമായിരുന്നു,”ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ വിലക്കുണ്ടായതുകൊണ്ടുതന്നെ, ഭരണം പിടിക്കാമെന്ന ലക്ഷ്യവുമായാണ് ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധികാരത്തിലെത്തി.
അയൽരാജ്യത്തെ ‘ജെൻ സി’ (Gen Z) പ്രക്ഷോഭമൊക്കെ നമ്മളും കൗതുകത്തോടെ നിരീക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ എക്സ്പ്രസ്സിലെ ഈ മുഖ്യവാർത്തയും അതിലെ അനുരണനങ്ങളും ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


