‘ഒരു അബദ്ധമൊക്കെ പറ്റാം, പക്ഷേ രക്ഷപ്പെടാൻ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത് സമ്മതിക്കണം’; രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

John Brittas

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക സൂചികകളെച്ചൊല്ലി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ഉയർത്തിയ ആരോപങ്ങൾക്ക് വസ്തുതകൾ നിരത്തി വീഡിയോയിലൂടെ മറുപടി നൽകി ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളത്തിലെ കുറഞ്ഞ ശിശുമരണ നിരക്ക് യുവാക്കളുടെ കുടിയേറ്റം മൂലമാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ, അടിസ്ഥാനപരമായ വിവരമില്ലായ്മ എന്ന് വിശേഷിപ്പിച്ചാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി നേരിട്ടത്. കേന്ദ്രമന്ത്രിയായിരുന്ന ഒരു വ്യക്തിയിൽ നിന്ന് ഇത്ര വലിയ മണ്ടത്തരങ്ങൾ പ്രതീക്ഷിച്ചില്ലെന്നും, ഒരു അബദ്ധം പറ്റിയാൽ അത് സമ്മതിക്കുന്നതാണ് അന്തസ്സെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി തുറന്നടിച്ചു.

ഇൻഫന്റ് മോർട്ടാലിറ്റി (ശിശുമരണ നിരക്ക്) എന്നാൽ ജനസംഖ്യയിലെ കുറവല്ലെന്നും, മറിച്ച് ആയിരം തത്സമയ ജനനങ്ങളിൽ ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. യുവാക്കൾ നാടുവിടുന്നത് കൊണ്ട് ഇവിടെ ശിശുമരണ നിരക്ക് കുറയുന്നു എന്ന് പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റത്തിന്റെ കാര്യത്തിൽ ഗുജറാത്തും കർണാടകവും ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തേക്കാൾ മുന്നിലാണെന്ന നീതി ആയോഗിന്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക കണക്കുകൾ നിരത്തിയാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി രാജീവ് ചന്ദ്രശേഖറിനെ പ്രതിരോധത്തിലാക്കിയത്.

ALSO READ : ഇസ്രയേലും അമേരിക്കയും സാധാരണക്കാരെ കൊല്ലുന്നു, നടക്കുന്നത് കടുത്ത അനീതിയെന്ന് മുഖ്യമന്ത്രി

മാതൃമരണ നിരക്കിലും (MMR) കേരളം കൈവരിച്ച നേട്ടം ബിജെപി ഭരിക്കുന്ന ‘മാതൃകാ’ സംസ്ഥാനങ്ങളുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി താരതമ്യം ചെയ്തു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മാതൃമരണ നിരക്ക് 140-ന് മുകളിൽ നിൽക്കുമ്പോൾ കേരളത്തിൽ അത് കേവലം 19-നും 30-നും ഇടയിലാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് ഡോ. ജോൺ ബ്രിട്ടാസ് എം പി എടുത്തുപറഞ്ഞു. ഒരു അബദ്ധം പറ്റിയാൽ അതിൽ നിന്ന് രക്ഷപ്പെടാൻ മണ്ടത്തരങ്ങളുടെ ഘോഷയാത്ര നടത്താതെ, ‘ക്ലീൻ സ്ലേറ്റിൽ’ നിന്ന് കാര്യങ്ങൾ വീണ്ടും പഠിക്കണമെന്ന ഉപദേശവും ഡോ. ജോൺ ബ്രിട്ടാസ് എം പി രാജീവ് ചന്ദ്രശേഖറിനു നൽകുന്നുണ്ട്.

കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ഡബിൾ എൻജിൻ സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ദയനീയ സാഹചര്യം കൂടി കണക്കിലെടുക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി ഓർമ്മിപ്പിച്ചു. കേവലം രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം കൃത്യമായ ഡാറ്റകൾ ഉപയോഗിച്ചുള്ള ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ഇടപെടലിന് വൻ തോതിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ALSO READ : ‘കേരളത്തിൽ19 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം’: എം വി ജയരാജൻ

“പ്രിയപ്പെട്ട രാജീവ് ചന്ദ്രശേഖർ, ഒരു അബദ്ധം പറ്റിയാൽ അത് അബദ്ധമായിരുന്നു എന്ന് സമ്മതിക്കുക. അതിനെ ന്യായീകരിക്കാൻ വീണ്ടും അബദ്ധങ്ങൾ പറയാതിരിക്കുക. അബദ്ധം സമ്മതിച്ചു കഴിഞ്ഞാൽ ‘ക്ലീൻ സ്ലേറ്റിൽ’ നിന്ന് വീണ്ടും ആരംഭിക്കാം എന്നൊരു ഗുണമുണ്ട്.
നിങ്ങൾ ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. താങ്കൾ പറഞ്ഞു എന്നതുകൊണ്ട് മാത്രം ഈ മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന കുറച്ച് അണികളും ഉണ്ടാകാം… അതുകൊണ്ട് ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. സാമൂഹ്യ സൂചകങ്ങളുടെ കാര്യത്തിൽ താങ്കളുടെ പാർട്ടിയുടെ ഡബിൾ എൻജിൻ സർക്കാരുകൾ ഭരിക്കുന്ന “മാതൃകാ” സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളം. ഭാഗികമായെങ്കിലും താങ്കൾ അത് അംഗീകരിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ, കേരളത്തെ ഇകഴ്ത്തിക്കാണിക്കാൻ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കുക.. എന്റെ പേര് പല തവണ അങ്ങ് പരാമർശിച്ചതുകൊണ്ടാണ് ഇതൊക്കെ പറയാൻ നിർബന്ധിതമായത്. മനസ്സിലാക്കുമല്ലോ…
ആശംസകൾ..” എന്ന കുറിപ്പ് പങ്കുവച്ചാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി രാജീവ് ചന്ദ്രശേഖറിനുള്ള മറുപടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News