
കേന്ദ്ര സർക്കാർ രാജ്യത്തെ ജനപക്ഷ നിയമങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പി.എം കെയർ ഉൾപ്പെടെയുള്ള ഫണ്ടുകളിൽ സുതാര്യതയില്ലാതാക്കിയ കേന്ദ്രം, ഇത് സംബന്ധിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടുകയാണെന്നും സഭയിലെ ചെയറിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.രാജ്യത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ആസാം മുഖ്യമന്ത്രിയുടെ നടപടികൾ ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കി.
മണിപ്പൂരിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് നീക്കം നടക്കുന്നത്. ന്യൂനപക്ഷ വിരുദ്ധത രാജ്യത്തുടനീളം പടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും, ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞത് ഒരു ആവേശത്തിൽ പറഞ്ഞതാകാമെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

