
ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഒരു പാട് സ്ത്രീകൾ കെപിസിസി നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കോൺഗ്രസ് നേതൃത്വം ഈ പരാതികളെല്ലാം പൂഴ്ത്തി വയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ. എൽഡിഎഫ് മീനങ്ങാടി പഞ്ചായത്ത് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാഹുലിനെതിരെ ആദ്യ ഘട്ടത്തിൽ പരാതിയുമായി വന്ന നടി റിനിക്ക് എതിരെ സൈബർ ആക്രമണം ഉണ്ടായി. രാഹുലും ഷാഫിയും നയിക്കുന്ന സൈബർ ടീം ഉണ്ട്. ഇവരുടെ നേതൃത്വത്തിൽ ആണ് പരാതി പറയുന്ന സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. ഇതിന് തക്കതായ ശിക്ഷ കോടതി നൽകട്ടെയെന്നും ഈ വിഷയത്തിൽ കോൺഗ്രസ് കാണിച്ച അമാന്തം ജനങ്ങൾ ചർച്ച ചെയ്യുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
അതേസമയം ‘LDF ന് തെരഞ്ഞെടുപ്പിൽ ജയിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വേണ്ട എന്നും സർക്കാർ ചെയ്ത കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി ജയിക്കാൻ എന്നും’ ശൈലജ ടീച്ചർ പറഞ്ഞു.
‘രാജ്യത്ത് ഏറ്റവും പട്ടിണി കുറവ് കേരളത്തിൽ ആണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഏറെ വർഷം ഭരിച്ച കോൺഗ്രസിന് എന്താണ് പറയാൻ ഉള്ളത്? എത്ര വർഷക്കാലം കോൺഗ്രസ് ഉത്തരേന്ത്യ ഭരിച്ചു. എന്നിട്ട് എന്ത് കൊണ്ട് പട്ടിണി ഇല്ലാതെയാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അതിദാരിദ്യം കേരളത്തിൽ ഇല്ലാതെയാക്കി. റേഷൻ കാർഡ് ഇല്ലാത്തവർക്ക് കാർഡ് നൽകി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുമോ? ശൈലജ ടീച്ചർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

