
ഇന്ത്യൻ കാർഷികോൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന താരിഫ് മൂലം രാജ്യത്തെ കാർഷിക മേഖലയ്ക്കുണ്ടായ യഥാർത്ഥ നഷ്ടം കേന്ദ്ര സർക്കാർ ലോക്‌സഭയിൽ മറച്ചുവെക്കുന്നു. കെ. രാധാകൃഷ്ണൻ എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കൃഷി മന്ത്രാലയം അവ്യക്തമായ കണക്കുകൾ അവതരിപ്പിച്ച് പ്രതിരോധത്തിലായത്.
കാർഷിക മേഖലയ്ക്കുണ്ടായ കൃത്യമായ നഷ്ടം എത്രയെന്നുള്ള കെ. രാധാകൃഷ്ണൻ്റെ ചോദ്യത്തിന് ഉത്തരം നൽകാതെയും, യുഎസിനോട് താരിഫ് ഇളവോ നഷ്ടപരിഹാരമോ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെയും കൃഷി മന്ത്രാലയം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. നേരിയ വളർച്ച നേട്ടമായി ചിത്രീകരിക്കുന്നു. കാർഷിക മേഖലയ്ക്ക് നഷ്ടമുണ്ടായില്ലെന്ന് സ്ഥാപിക്കാൻ സർക്കാർ മുന്നോട്ടുവെച്ച കണക്കുകൾ, വൻതോതിലുള്ള താരിഫ് വർധനയുടെ ആഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നു. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) യുഎസിലേക്കുള്ള കാർഷിക, അനുബന്ധ ഉൽപ്പന്ന കയറ്റുമതിയിൽ വെറും 0.43% മാത്രമാണ് വർദ്ധനവുണ്ടായത്.മുൻവർഷം ഇതേ കാലയളവിലെ 2818.62 മില്യൺ ഡോളറിൽ നിന്ന് കയറ്റുമതി 2830.79 മില്യൺ ഡോളറിലേക്ക് മാത്രമാണ് ഉയർന്നത്. ഉയർന്ന താരിഫ് ബാധിച്ച നിർണ്ണായകമായ പല മേഖലകളിലെയും നഷ്ടം മറച്ചുവെച്ച്, മൊത്തത്തിലുള്ള നേരിയ വളർച്ചാ നിരക്ക് മാത്രം ഉയർത്തിക്കാട്ടുന്നത് കർഷകരെയും കയറ്റുമതിക്കാരെയും കബളിപ്പിക്കാനാണെന്ന് എം പി പറഞ്ഞു.
നിലവിലെ താരിഫ് പ്രതിസന്ധി മറികടക്കുന്നതിനായി ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു എന്ന് മാത്രമാണ് മറുപടിയിൽ പറയുന്നത്. താരിഫ് വർധന മൂലം ബുദ്ധിമുട്ടിലായ കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക ആശ്വാസമോ നഷ്ടപരിഹാരമോ നൽകുന്നതിനെക്കുറിച്ച് മറുപടിയിൽ പരാമർശമില്ല. ആഭ്യന്തര ആവശ്യകത വർദ്ധിപ്പിക്കാൻ “അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കരണങ്ങൾ” പോലുള്ള അവ്യക്തവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയത്. പ്രതിസന്ധി മുൻകൂട്ടി കാണുന്നതിലും ഉടനടി പ്രതിരോധം തീർക്കുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഈ മറുപടി സൂചിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

