
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീക്ക്. ബിഹാറിൽ കോൺഗ്രസിനെ നിലംപരിശാക്കിയതിന് ശേഷം വയനാട്ടിലെത്തിയ കെ സി വേണുഗോപാൽ സ്ഥലകാല ബോധമില്ലാതെയാണ് സംസാരിക്കുന്നതെന്ന അമ്പരപ്പിലാണ് വയനാട്ടുകാർ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
വന്യമൃഗങ്ങളുടെ ശല്യത്തെ നേരിടാൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ കെ.റഫീക്ക് പ്രകീർത്തിച്ചു. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. വയനാട്ടിലെ കർഷക ജനസാമാന്യത്തിന് വലിയ ആശ്വാസമായി മാറാൻ പോകുന്ന പുതിയ നിയമനിർമ്മാണത്തിനാണ് എൽഡിഎഫ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. ഈ നീക്കത്തെ വന്യമൃഗ ശല്യത്തിന് ഇരയാകുന്ന മലയോര മേഖലയിലെ ജനങ്ങൾ സന്തോഷത്തോടെയാണ് പിന്തുണയ്ക്കുന്നതെന്നും രാജ്യത്തെ സംബന്ധിച്ച് ഇതൊരു വിപ്ലവകരമായ നിയമനിർമ്മാണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം
ബിഹാറിൽ കോൺഗ്രസിനെ നിലംപരിശാക്കിയതിന് ശേഷം ചുരം കയറി വയനാട്ടിലെത്തിയ കെ സി വേണുഗോപാൽ സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയാണ് പറയുന്നതെന്ന അമ്പരപ്പിലാണ് വയനാട്ടുകാർ.
വയനാട്ടിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എന്താണ് ചെയ്തിരിക്കുന്നത്, ഇടതുപക്ഷം എന്താണ് ചെയ്യുന്നത് എന്ന് വയനാട്ടിലെ ജനങ്ങൾക്ക് അറിയാം. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലുമായി സംസ്ഥാന സർക്കാർ മുന്നോടു പോകുകയാണ്. വന്യമൃഗ ശല്യത്തിന് ഇരയാകുന്ന വയനാട്ടിലെ അടക്കമുള്ള മലയോര മേഖലയിലെ ജനങ്ങൾ ഏറ്റവും സന്തോഷത്തോടെയാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നത്. വയനാട്ടിലെ കർഷക ജനസാമാന്യത്തിന് വലിയ ആശ്വാസമായി മാറാൻ പോകുന്നതാണ് പുതിയ നിയമനിർമ്മാണത്തിനുള്ള എൽഡിഎഫ് സർക്കാരിൻ്റെ നീക്കം. രാജ്യത്തെ സംബന്ധിച്ചും വിപ്ലവകരമായ ഒരു നിയമ നിർമ്മാണത്തിനാണ് ഇടതുപക്ഷ സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
വയനാട്ടിലെ അടക്കമുള്ള വന്യജീവി ശല്യത്തെ നേരിടാൻ സംസ്ഥാന സർക്കാരിന് തടസ്സമായി നിൽക്കുന്ന 1972ലെ വനം വന്യജീവി നിയമത്തെക്കുറിച്ച് കെ സി വേണുഗോപാലിന് എന്താണ് പറയാനുള്ളത്. ബിജെപിക്ക് സ്വന്തം സീറ്റ് താലത്തിൽ വെച്ച് കൊടുക്കുന്നത് വരെ രാജ്യസഭ എം പി ആയിരുന്നല്ലോ കെ സി വേണുഗോപാൽ. അതിന് പ്രത്യുപകാരമായി കിട്ടിയ ആലപ്പുഴ എം പി സ്ഥാനവും ഇപ്പോൾ കെ സി വേണുഗോപാലിനുണ്ട്. ഈ വിഷയത്തിൽ പാർലമെൻ്റിൽ കെ സി വേണുഗോപാൽ നടത്തിയ ഒരു ഇടപെടലെങ്കിലും ചൂണ്ടി കാണിക്കാൻ കഴിയുമോ?
വയനാട്ടിലെ ചായക്കടകൾ തോറും സ്ഥലം എം പിയായിരുന്ന രാഹുൽ ഗാന്ധിയെയും ഇപ്പോൾ പ്രിയങ്ക ഗാന്ധിയെയും കൈ പിടിച്ച് ആനയിക്കുന്ന കെ സി വേണുഗോപാൽ ഒരു വട്ടമെങ്കിലും 1972ലെ വനം വന്യജീവി നിയമത്തിനെതിരെ പോരാടണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ഈ വിഷയത്തിൽ ഇവരെന്താണ് പാർലമെൻ്റിൽ വാ തുറക്കാത്തത്.
ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഈ നിയമം ഏഴ് തവണയാണ് പിന്നീട് ഭേദഗതി ചെയ്തതത്. അതിൽ അഞ്ച് തവണയും കോൺഗ്രസ് സർക്കാരുകളാണ് ഭേദഗതിയ്ക്ക് മുൻകൈ എടുത്തത്. രണ്ടുതവണ ബി ജെ പി സർക്കാരുകളും ഇത് ഭേദഗതി ചെയ്തു. ഏറ്റവും ഒടുവിൽ നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരാണ് ഈ നിയമം 2022ൽ ഭേദഗതി ചെയ്യുന്നത്. അന്ന് കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എം പിയെങ്കിലും ഭേദഗതിക്കെതിരെ ഒരക്ഷരം ഉരിയാടിയോ? ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൻ്റെ രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസാണ് ജനപക്ഷ ഭേദഗതി അവതരിപ്പിച്ചത്. എന്നാൽ അതിനെയൊന്ന് പിന്തുന്നയ്ക്കാൻ പോലും കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എം പിമാരും തയ്യാറായില്ല.
വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെ നടത്തിയിട്ടുണ്ട്. മലയോര മേഖലയിൽ കൃഷി അസാധ്യമാക്കുന്ന കാട്ടുപന്നി പോലെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം എന്ന്
കേരളം നിരവധി തവണയാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ കടുവയുടെ പ്രധാന ഭക്ഷണം കാട്ടുപന്നിയാണെന്നും അതിനാൽ ക്ഷുദ്ര ജീവി ആക്കാൻ പറ്റില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് നൽകി. എന്നിട്ടും കേന്ദ്രം പ്രതികരിച്ചില്ല.
വസ്തുതകൾ ഇതായിരിക്കെ മലർന്ന് കിടന്ന് തുപ്പാൻ കെ സി വേണുഗോപാലിന് ലജ്ജയില്ലേ എന്നാണ് വയനാട്ടുകാർക്ക് ചോദിക്കാനുള്ളത്.
വനം-വന്യജീവി നിയമവുമായി ബന്ധപ്പെട്ട് ജനവിരുദ്ധമായ ചില ഭേദഗതി നിർദേശങ്ങൾ 2013ൽ യുഡിഎഫ് സർക്കാർ ആവിഷ്കരിച്ചത് ദേശീയ വാർറൂമിൻ്റെ ചുമതലയുള്ളതിനാൽ കെ സി വേണുഗോപാലിൻ്റെ ശ്രദ്ധയിൽ പെടാതെ പോയതാണോ? എന്നാൽ മനസ്സിലാക്കുക പിന്നീട് എൽഡിഎഫ് സർക്കാരാണ് വയനാട്ടിലെ ജനങ്ങളെ അടക്കം ബാധിക്കുമായിരുന്ന ഈ നിർദ്ദേശങ്ങൾ ഒഴിവാക്കിയത്.
വയനാട്ടിലെ ജനങ്ങളെ അടക്കം ബാധിക്കുന്ന വന്യമൃഗ ശല്യം പരിഹരിക്കാൻ തടസ്സമായി നിൽക്കുന്ന 1972ലെ വനം വന്യജീവി നിയമം കൊണ്ടു വന്നതും പലകാലങ്ങളിലായി ജനദ്രോഹപരമായി ശക്തിപ്പെടുത്തിയതും കോൺഗ്രസാണ്. ഇന്ന് ആ നിയമം കൂടുതൽ കാർക്കശ്യത്തോടെ നടപ്പിലാക്കുന്നത് ബിജെപി സർക്കാരാണ്. ഒരു ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ എന്ന നിലയിൽ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് വന്യമൃഗ ശല്യത്തിൽ നിന്ന് വയനാട്ടിലെ അടക്കമുള്ള ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രായോഗികവും അടിയന്തരവുമായ നടപടികളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച് വരുന്നത്. അത് വയനാട്ടിലെ ജനങ്ങൾക്കും കർഷകർക്കും ബോധ്യമുള്ളതാണ്. അതിനാൽ ഇടതുപക്ഷത്തിന് കെ സി വേണുഗോപാലിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ വിഷയത്തിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ആർക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടതെന്ന് രാജസ്ഥാനിലും, മഹാരാഷ്ട്രയിലും ബീഹാറിലുമെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് മറന്ന് പോയത് പോലെ കോൺഗ്രസിൻ്റെ ‘വാർറൂം സ്പെഷ്യലിസ്റ്റ്’ ഇവിടെയും മറക്കുന്നുണ്ട് എന്ന് കാണാതെ പോകണ്ട.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

