‘മഹാദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ ഒരിക്കൽപ്പോലും കേന്ദ്രം മനുഷ്യരായി കണ്ടിട്ടില്ല’; 260 കോടി പരിഹാസത്തുകയെന്ന് കെ റഫീഖ്

k rafeeq + wayanad disaster + modi govt

2221 കോടി രൂപ ചോദിച്ചിട്ട് വെറും 260 കോടി തന്ന കേന്ദ്ര നടപടിക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ഉരുൾപൊട്ടിയത് മുതൽ മുണ്ടക്കൈ ജനതയോട് കൊടുംക്രൂരതയാണ് കേന്ദ്രം കാണിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മഹാദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ ഒരിക്കൽപ്പോലും കേന്ദ്രം മനുഷ്യരായി കണ്ടിട്ടില്ല. കണ്ണീരൊപ്പുമെന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എല്ലാം ഫോട്ടോഷൂട്ടിലൊതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിതരുടെ ബാങ്ക് കടം എഴുതിത്തള്ളണമെന്ന ആവശ്യമടക്കം പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം നിരസിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ തുടരുന്ന ഈ ക്രൂരത മനുഷ്യത്വരഹിതവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ; സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി ഉടൻ യാഥാർഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ബിജെപി ഭരിക്കുന്ന അസമിന് കേന്ദ്രസർക്കാർ 2160 കോടി നൽകിയ അതേ ഘട്ടത്തിലാണ് മുന്നൂറോളം മനുഷ്യജീവനുകൾ പൊലിഞ്ഞ, രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ – ചൂരൽമലയ്ക്ക് 260 കോടി മാത്രം അനുവദിച്ച് പക വീട്ടിയത്. ഉരുൾപൊട്ടിയത് മുതൽ മുണ്ടക്കൈ ജനതയോട് കൊടുംക്രൂരതയാണ് കേന്ദ്രം കാണിച്ചത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് 2221 കോടി രൂപ ചോദിച്ചിട്ട് 260 കോടി നൽകിയുള്ള പരിഹാസം.

അതും ഒരു വർഷത്തിന് ശേഷം. പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) പരിശോധന പൂർത്തിയാക്കി പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി 2221.03 കോടി രൂപ ആവശ്യപ്പെട്ട് നിവേദനം നൽകി. ഒരുവർഷത്തോളം ഇതിൽ അടയിരുന്നാണിപ്പോൾ തുച്ഛമായ തുക അനുവദിച്ചത്.

മഹാദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ ഒരിക്കൽപ്പോലും കേന്ദ്രം മനുഷ്യരായി കണ്ടില്ല. കണ്ണീരൊപ്പുമെന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എല്ലാം ഫോട്ടോഷൂട്ടിലൊതുങ്ങി. ദുരന്തത്തിൽ വലിയ നഷ്ടങ്ങളാണുണ്ടായത്. അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 2024 ആഗസ്ത് 17ന് സംസ്ഥാനം നിവേദനം നൽകി. ഒരുരൂപ പോലും അനുവദിച്ചില്ല. ഈ ഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് ആവോളം പണംനൽകി. 25 പേർ മരിച്ച ത്രിപുരയ്ക്ക് ദുരന്തമുണ്ടായി ഏഴാമത്തെ ദിവസം നൽകിയത് 40 കോടി.

ALSO READ; സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി കാസർഗോഡ്

37 പേർ മരിച്ച ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കുമായി നൽകിയത് 3448 കോടി. 298 പേർ മരിച്ച മുണ്ടക്കൈയ്ക്ക് ഒരു നയാ പൈസ ഈ ഘട്ടത്തിൽ നൽകിയില്ല എന്നത് കൂടെ ചേർത്ത് വായിക്കുമ്പോളാണ് കേന്ദ്രസർക്കാരിൻ്റെ മുണ്ടക്കൈ ദുരന്ത ബാധിതരോടുള്ള ശത്രുത എത്രമാത്രമാണ് എന്നത് കൂടുതൽ വ്യക്തമാവുക. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അവഗണിച്ചായിരുന്നു ക്രൂരതയുടെ തുടക്കം. ദുരന്തം എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ ഐക്യരാഷ്ട്ര സഭയുടേതുൾപ്പെടെ സഹായം ലഭിക്കുമായിരുന്നു. രാജ്യത്തെ മുഴുവൻ എംപിമാർക്കും സഹായം നൽകാനുമാകും. നിരന്തരം ആവശ്യപ്പെട്ടിട്ടും അടിയന്തിരമായി എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഏറെ വൈകിയാണ്, സഹായം ലഭിക്കില്ലെന്ന് ഉറപ്പാക്കി അഞ്ചുമാസത്തിനു ശേഷമാണ് എൽ 3യിൽ ഉൾപ്പെടുത്തിയത്.

ഇവിടെയും തീർന്നില്ല, രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ വിട്ടുനൽകിയതിനുൾപ്പെടെ 120 കോടി രൂപ വാടക ചോദിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് കടം എഴുതിത്തള്ളണമെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം കേന്ദ്രത്തിന് ബാങ്കുകളോടിത് ആവശ്യപ്പെടാവുന്നതാണ്. ഇത് മറികടക്കാൻ സെക്ഷൻ 13 തന്നെ മാറ്റിയെഴുതിയാണ് കേന്ദ്രം പകവീട്ടിയത്. കേന്ദ്ര സർക്കാർ തുടരുന്ന ഈ ക്രൂരത മനുഷ്യത്വ രഹിതവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News