
ചൂരൽമല ദുരന്ത ബാധിതർക്കായി ശേഖരിച്ച ഫണ്ടിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. ചൂരൽമല ഫണ്ട് പിരിവിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് “ഹീനകൃത്യങ്ങൾ” ആണെന്നും ഇതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ചൂരൽമല ദുരന്ത ഫണ്ട് ശേഖരണത്തിന്റെ പേരിൽ ഒരു അതിജീവിതയെ പോലും രാഹുൽ മാങ്കൂട്ടത്തിൽ ദുരുപയോഗം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ദുരന്തത്തിന്റെ മുറിവുകളിൽ “ഉപ്പുതേക്കുന്ന” നടപടിയാണിതെന്ന് റഫീഖ് വിമർശിച്ചു. രക്ഷാപ്രവർത്തനത്തിനായി ലോകം മുഴുവൻ ഒന്നിച്ചു നിന്ന സമയത്ത്, രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള “അധോലോക സംഘം” ചൂരൽമലയിലെ മനുഷ്യരുടെ ജീവിതം വെച്ച് ചൂതാടുകയായിരുന്നുവെന്ന് പോസ്റ്റിൽ ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം
ഏതെല്ലാം രീതിയിലാണ് കോൺഗ്രസ് ചൂരൽമല ദുരന്തത്തെ ദുരുപയോഗം ചെയ്തിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ചൂരൽമല ദുരന്ത ഫണ്ട് ശേഖരണത്തിൻ്റെ പേരിൽ പോലും അതിജീവിതയെ ദുരുപയോഗപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ചൂരൽമല ദുരന്തത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്, അവസാനത്തെ ജീവനും വാരിയെടുക്കാനും രക്ഷപ്പെട്ട മനുഷ്യരെ ഹൃദയത്തോട് ചേർത്തുനിർത്താനും എല്ലാ മനുഷ്യരും ഒന്നിച്ചു നിന്നകാലത്ത് രാഹുൽ മാങ്കൂട്ടവും അയാളുടെ അധോലോക സംഘവും ചൂരൽമലയിലെ മനുഷ്യരുടെ ജീവനെവെച്ച് ചൂതാടുകായായിരുന്നത്രെ ?
പുറത്ത് വന്ന ഗുരുതരമായ വെളിപ്പെടുത്തൽ രാഹുൽ മാങ്കൂട്ടത്തിന്റെ മാത്രം തലയിൽ വെച്ച് രക്ഷപ്പെടാമെന്ന് കോൺഗ്രസ്സ് നേതൃത്വം കരുതേണ്ടതില്ല. അന്നത്തെ മുഴുവൻ നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്ന കാര്യം പകൽപോലെ വ്യക്തമാണ്. കോൺഗ്രസ്സ് നേതൃത്വം അടിയന്തിരമായി മറുപടി പറയാൻ തയ്യാറാകണം.
ചൂരൽമല ദുരന്ത ബാധിതർക്കെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പണപ്പിരിവിൻ്റെ പേരിൽ നടത്തിയ ഹീനകൃത്യങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

