
ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാജൻ നടത്തിയ പ്രസംഗം തങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന കൽപ്പറ്റ എംഎൽഎയുടെ പ്രതികരണത്തിൽ മറുപടിയുമായി സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് പറയാതെ മന്ത്രി നടത്തിയ പരാമർശങ്ങൾ എംഎൽഎ ഏറ്റുപിടിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് കെ. റഫീഖ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്.
ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ, സർക്കാർ പദ്ധതികൾ വെറും തറക്കല്ലിടലിൽ മാത്രം ഒതുക്കില്ലെന്നും നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി രാജൻ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ വീട് കൈമാറ്റത്തിലൂടെ നാട് കണ്ടത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ മന്ത്രി ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് എടുത്ത് പറഞ്ഞിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ മന്ത്രിയുടെ വാക്കുകൾക്കെതിരെ കൽപ്പറ്റ എംഎൽഎ രൂക്ഷമായാണ് പ്രതികരിച്ചത്. “മന്ത്രി രാജൻ പറഞ്ഞത് ശരിയായില്ല, കോൺഗ്രസ് തറക്കല്ല് മാത്രമല്ല വീടും പണിയും” എന്ന് അദ്ദേഹം വേദിയിലും തുടർന്ന് മാധ്യമങ്ങളോടും പറഞ്ഞു.
എംഎൽഎയുടെ ഈ പ്രതികരണത്തെ പരിഹസിച്ചുകൊണ്ടാണ് കെ. റഫീഖ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. “സിഐഡി മൂസ” എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിൻ്റെ വിഖ്യാതമായ ഡയലോഗായ “എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്” എന്ന ലൈനിലാണ് എംഎൽഎയുടെ സംസാരമെന്ന് റഫീഖ് പരിഹസിച്ചു. മന്ത്രി ആരുടെയും പേര് പറയാതിരുന്നിട്ടും എന്തിനാണ് എംഎൽഎ ഇത് തനിക്കുനേരെയുള്ള വിമർശനമായി ഏറ്റെടുത്തത് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
സഖാവ് രാജൻ മിനിസ്റ്റർ ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞത് സർക്കാരിൻ്റെ കാര്യമാണ്.. തറക്കല്ലിടലിൽ ഒതുക്കില്ല , തറക്കല്ലിട്ടിട്ടുണ്ടെങ്കിൽ നിർമ്മാണവും പൂർത്തീകരിച്ചിരിക്കും എന്നാണ്. അതാണ് ഇന്നലെ വീട് കൈമാറ്റത്തിലുടെ നാട് കണ്ടതും. ഒരു പാർട്ടിയുടെയും പേര് അദ്ദേഹം പരാമർശിച്ചിട്ടുമില്ല.
എന്നിട്ടും , കൽപ്പറ്റ എം എൽ എ വേദിയിൽ സംസാരിക്കുമ്പോഴും പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും പറയുന്നത് കേട്ടു… “മന്ത്രി രാജൻ പറഞ്ഞത് ശരിയായില്ല, കോൺഗ്രസ് തറക്കല്ല് മാത്രമല്ല വീടും പണിയും എന്ന്”
എന്ത് കൊണ്ടാവും സി ഐ ഡി മൂസ എന്ന സിനിമയിൽ ശ്രീ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തിൻ്റെ ഡയലോഗ് പോലെ “എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്” എന്ന ലൈനിൽ കൽപ്പറ്റ എം എൽ എ പറഞ്ഞിട്ടുണ്ടാവുക 🤭

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

