
എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ സ്വന്തമായി സ്ഥാനാർത്ഥി ഇല്ലാതായതോടെ യുഡിഎഫ് പ്രചരണരംഗത്ത് നിന്ന് പിന്മാറി. പ്രചരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ യുഡിഎഫ് പ്രവർത്തകർ അഴിച്ചുമാറ്റി. കോൺഗ്രസ് നേതൃത്വം കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്നാണ് എൽഡിഎഫ് സ്ഥാനാർഥി മേരി വിൻസന്‍റിന്‍റെ ഇക്കാര്യത്തിലുള്ള പ്രതികരണം.
യുഡിഎഫിന് നല്ല മേൽക്കൈ അവകാശപ്പെടാൻ കഴിയുന്ന സിറ്റിംഗ് സീറ്റായിരുന്നു കടമക്കുടി. എന്നാൽ ആത്മവിശ്വാസം അതിരു കടന്നത് വിനയായി. ഒരു ഡമ്മി സ്ഥാനാർഥി പോലും യുഡിഎഫിന്റേതായി കടമക്കുടിയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചില്ല.
ALSO READ; ലേബർ കോഡിനെതിരെ പ്രതിഷേധം ശക്തം: പുതുതൊഴിൽ ചട്ടം വൻതോതില്‍ ബാധിക്കുക ബാങ്കിംഗ് മേഖലയെ
നിലവിലുള്ള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഭൂരിപക്ഷം ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാകാനിടയുള്ള സ്ഥാനാർഥിയുമായിരുന്നു അഡ്വ. എൽസി ജോർജ്. ഫ്ലക്സ് ബോർഡുകളും മറ്റും സ്ഥാപിച്ച് പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് എൽസി ജോർജിൻ്റെ പത്രിക തള്ളിയത്. സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ അഴിച്ചുമാറ്റുന്ന തിരക്കിലാണ് ഇപ്പോൾ യുഡിഎഫ് പ്രവർത്തകർ. ഇതിനിടെ എൽഡിഎഫ് ക്യാമ്പ് കൂടുതൽ ഊർജ്ജിതമായ പ്രചരണത്തിലേക്ക് കടന്നു.
കടമക്കുടി പഞ്ചായത്ത് പ്രസിഡണ്ട് മേരി വിൻസൻ്റ് ആണ് ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥി. മേരി വിൻസെൻ്റിന് പുറമേ ബിജെപി സ്ഥാനാർഥി മാത്രമാണ് ഇനി മത്സരരംഗത്ത് ശേഷിക്കുന്നത്. കോൺഗ്രസ്ത്വം അൽപ്പം കൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു എന്നാണ് ഇക്കാര്യത്തിലുള്ള ഇടതു സ്ഥാനാർത്ഥിയുടെ നിലപാട്. ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള മേഖലയല്ല കടമക്കുടി. ഡിവിഷനിലെ യുഡിഎഫ് വോട്ടർമാർ ഒന്നുകിൽ ജില്ലാ പഞ്ചായത്ത് വോട്ട് ബഹിഷ്കരിക്കണം, അല്ലെങ്കിൽ ഇടതു / ബിജെപി സ്ഥാനാർത്ഥികളിൽ ഒരാൾക്ക് വോട്ട് ചെയ്യണം എന്ന നിലയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

