
വികാര നിർഭരമായ സുവർണ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് കൈരളി ടിവിയുടെ ജ്വാല പുരസ്കാര വേദി. കൊച്ചിയിൽ യുവ വനിത സംരംഭകർക്കുള്ള പുരസ്കാരം വിതരണം ചെയ്തപ്പോൾ മലയാളികൾ സാക്ഷ്യം വഹിച്ചത് ഒരുപിടി നല്ല മുഹൂർത്തങ്ങൾക്കാണ്.
കൈരളി ചെയർമാന്റെ പ്രത്യേക പുരസ്കാരം ജാസ്മിൻ അജിയ്ക്ക് സമാനിച്ചത് ജ്വാല അവാർഡ് വേദിയിലെ ഏറ്റവും വികാര നിർഭരമായ രംഗമായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച ജാസ്മിനും കുടുംബത്തിനും ഒപ്പം മറ്റു താരങ്ങളെയും ചേർത്തു നിർത്തി മമ്മൂട്ടി സെൽഫി എടുത്തതും വൈകാരിക നിമിഷമായി. ശോഭന ജോർജ് ജാസ്മിൻ അജിക്ക് മോതിരം സമ്മാനിച്ചപ്പോൾ വലിയ കരഘോഷമായിരുന്നു.
മികച്ച നവാഗത സംരംഭകയ്ക്കുള്ള കൈരളി ജ്വാലാ പുരസ്കാരം ഡോ ലിനി ബേസിലിന് കൈരളി ടി വി ചെയർമാൻ മമ്മൂട്ടി സമ്മാനിച്ചു. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന താരമായ മമ്മൂട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൻ്റെ സന്തോഷം ഡോ ലിനി പങ്കുവെച്ചു. ഡോ. ലിനിയുടെ കുടുംബത്തോടൊപ്പം മമ്മൂട്ടി സെൽഫി എടുത്തതും കൗതുകമായി.
മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള ജ്വാലാ പുരസ്കാരം ഏറ്റുവാങ്ങിയ ഡോ. മഞ്ജു വാസുദേവനും സഹപ്രവർത്തരും ചേർന്ന് തങ്ങൾ നിർമ്മിച്ച ഉൽപന്നങ്ങൾ മമ്മൂട്ടിക്ക് കൈമാറിയതും ശ്രദ്ധേയമായി. ആദിവാസി വിഭവങ്ങൾക്ക് ലോകവിപണി ഒരുക്കുന്നതാണ് ഡോ മഞ്ജുവിനെ അവാർഡിന് അർഹയാക്കിയത് നടി അപർണ ബാലമുരളി പാടുപാടിയതും സദസ്സിനെ ആകർഷിച്ചു.
മികച്ച യുവസംരംഭകർക്കുള്ള കൈരളി ജ്വാലാ പുരസ്കാരം നേടിയത് ഹിബ മറിയം മൊയ്ദീനും കൃഷ്ണ കരപ്പാത്തുമായിരുന്നു. തങ്ങളുടെ സൂയി എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിലുള്ള കൈത്തറി ഡിസൈൻ വസ്ത്രങ്ങൾ മമ്മൂട്ടിക്കും മുഖ്യാതിഥികളായ അപർണ ബാലമുരളി, നിഖില വിമൽ എന്നിവർക്കും ഇരുവരും ചേർന്ന് സമ്മാനിച്ചു. നിഖില വിമലിനും അപർണ ബാല മുരളിക്കും മമ്മൂട്ടി പുരസ്കാരങ്ങൾ നൽകി ആദരിച്ചതും ശ്രദ്ധേയമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


