
തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ കണ്ണൂർ ജില്ലയിൽ വലിയ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ തവണ നേടിയ വൻ വിജയം ആവർത്തിക്കുന്നതോടൊപ്പം കണ്ണൂർ കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് എൽ ഡിഎഫ് പ്രതീക്ഷ. അതേ സമയം കോർപ്പറേഷനിലെ അഴിമതി ആരോപണങ്ങൾക്കൊപ്പം വിമത ഭീഷണിയും യുഡിഎഫിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലയോര മേഖലയിലെ യുഡിഎഫ് കോട്ടകൾ പിടിച്ചെടുത്തു കൊണ്ടായിരുന്നു എൽഡിഎഫ് മുന്നേറ്റം.
ഇത്തവണ അത് നിലനിർത്തുന്നതോടൊപ്പം കണ്ണൂർ കോർപ്പറേഷൻ തിരിച്ചു പിടിക്കുക എന്ന ദൗത്യം കൂടിയാണ് എൽഡിഎഫിന് മുന്നിലുള്ളത്. കഴിഞ്ഞ തവണ 24 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 17 ലും ജയിച്ച എൽഡിഎഫ് ഇത്തവണ കൂടുതൽ ഡിവിഷനുകളിൽ വിജയം പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാറിൻ്റെ നേട്ടങ്ങൾ തന്നെയാണ് പ്രചരണ രംഗത്ത് എൽഡിഎഫിന് അനുകൂല ഘടകമാകുന്നത്.
ഭരണമുള്ള ഏക കോർപ്പറേഷനായ കണ്ണൂരിൽ യുഡിഎഫിന് ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാനാകാതെ പ്രചാരണ രംഗത്ത് വിയർക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. വിമത ഭീഷണി ഉയർത്തുന്ന വെല്ലുവിളിയും ചെറുതല്ല. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ജില്ലയിൽ 14 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതും യുഡിഎഫിൻ്റെ അത്മവിശ്വാസം തകർത്തു.
യു ഡി എഫി ൻ്റെ ജമാഅത്ത ഇസ്ലാമി സഖ്യവും ബിജെപി ബാന്ധവവും വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാണ്. മുൻ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കണ്ണൂർ ജില്ലയിൽ ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയാത്ത ബിജെപി ഇത്തവണയും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. കണ്ണൂർ ജില്ലയിൽ വ്യക്തമായ മേധാവിത്വമുള്ള എൽഡിഎഫ് പ്രചരണരംഗത്തും മേൽക്കെ നേടിക്കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

