വായനയുടെ മഹാമേളയ്ക്ക് കൊടിയിറക്കം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ സമാപിക്കും

പുത്തൻ പുസ്തക താളിന്റെ ഗന്ധമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച തലസ്ഥാന നഗരിയ്ക്ക്. ഗൗരവമേറിയ സാമൂഹ്യ-സാഹിത്യ-രാഷ്ട്രീയ സംവാദങ്ങൾക്കും കലാരാവുകൾക്കും നഗരം വേദിയായി. പുസ്തകങ്ങൾ വാങ്ങിച്ചും വായിച്ചും ഓർമ്മകളെ തിരിച്ചുവിളിച്ചും പ്രിയ എഴുത്തുകാർക്കൊപ്പം സെൽഫിയെടുത്തും കുടുംബമൊന്നിച്ചു ‘ലൈറ്റ് കണ്ടും’ ഭക്ഷണം കഴിച്ചും സൊറ പറഞ്ഞും ആളും ആരവവുമൊന്നു ചേർന്ന ആ ദിവസങ്ങൾക്ക് പരിസമാപ്തി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് നാളെ സമാപിക്കും.

നാളെ വൈകിട്ട് മൂന്നിന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കർ ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൗറീഷ്യസ് മുൻ പ്രസിഡന്റ് അമീന ഗുരീബ് ഫക്കിം മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ വി കെ പ്രശാന്ത്, രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. നിയമസഭ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും കേരള നിയമസഭ മാധ്യമ അവാർഡുകളുടെ വിതരണവും ചടങ്ങിൽ നടക്കും.

ALSO READ: ഇത് അതിജീവനത്തിലൂടെ നേടിയെടുത്ത കരുത്ത്: പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച റിയ ഇഷ

ജനുവരി ഏഴിന് ആരംഭിച്ച പുസ്തകോത്സവത്തിന്റെ ഭാഗമായി കെഎൽഐബിഎഫ് ടോക്ക് കെഎൽഐബിഎഫ് ഡയലോഗ്, സാഹിത്യ സദസ്സുകൾ, സംവാദങ്ങൾ, മീറ്റ് ദ ഓഥർ, കഥാപ്രസംഗം, കവിയരങ്ങ്, ഏകപാത്രനാടകം തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി പരിപാടികളും 300 ഓളം പുസ്‌തകപ്രകാശനങ്ങളും 75 ൽ അധികം പുസ്തകചർച്ചകളും നടന്നു. കുട്ടികൾക്കായി സജ്ജീകരിച്ച സ്റ്റുഡൻ്റ്സ് കോർണർ വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു. വടക്കേ മലബാറിലെ അനുഷ്ഠാന കലയായ തെയ്യം നിയമസഭാങ്കണത്തിൽ അരങ്ങേറിയത് ഇത്തവണത്തെ പ്രത്യേകതയായി. പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം, പടവീരൻ, കുട്ടിച്ചാത്തൻ തിറ, അഗ്നികണ്ഠാകർണൻ, തുടങ്ങിയ തെയ്യങ്ങൾ കാണാൻ ജനം ഒഴുകിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News