
മൃഗസംരക്ഷണ വകുപ്പിന്റെ 2024ലെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരത്തിന് വയനാട് ജില്ലയിലെ യവനാർകുളത്തെ പി ഐ തങ്കച്ചൻ അർഹനായി. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഒരു ദശാബ്ദമായി 40 ഓളം കാലികളെയാണ് ഇദ്ദേഹം വളർത്തുന്നത്. പ്രതിദിനം 500 ലിറ്ററോളം പാൽ ക്ഷീരസംഘങ്ങളിൽ അളക്കുന്നുണ്ട്. 48 ലിറ്റർ പാൽ പ്രതിദിനം കറവയുള്ള പശുക്കളും ഇദ്ദേഹത്തിനുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പശുക്കളെ വളർത്തുന്ന മികച്ച ക്ഷീര കർഷക പുരസ്കാരം വയനാട് ജില്ലയിലെ മാനന്തവാടിയിലെ ലില്ലി മാത്യു അർഹയായി. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 149 പശുക്കളെ ഇവർ വളർത്തുന്നുണ്ട്. ലില്ലീസ് ഫാം പ്രോഡക്ട്സ് എന്ന പേരിൽ 16 തരത്തിലുള്ള പാലുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്നു.
ALSO READ: ‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം
മികച്ച സമ്മിശ്ര കർഷകനുള്ള 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഇടുക്കി, പുറപ്പഴയിലെ നിഷ ബെന്നിയ്ക്ക് ലഭിച്ചു. മൂന്നോ അതിലധികമോ ഇനത്തിൽപെട്ട മൃഗ-പക്ഷി പരിപാലനം നടത്തുന്നവരെയാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. പശുക്കൾ, ആട്, പന്നി, എരുമ, മുട്ടക്കോഴികൾ, കാടക്കോഴികൾ, ടർക്കിക്കോഴികൾ, അലങ്കരപ്പക്ഷികൾ, കിവി എന്നിവയും നിഷ ബെന്നിക്കുണ്ട്.
മികച്ച വനിതാ കർഷകയ്ക്കുള്ള പുരസ്കാരത്തിന് (50,000/-രൂപ, പ്രശസ്തി പത്രം, ഫലകം) കൊല്ലം പുത്തൻകുളത്തെ പ്രമീള അർഹയായി. 200 കറവപ്പശുക്കൾ, എരുമകൾ, ആട്, മുട്ടക്കോഴികൾ, താറാവ്, ടർക്കി എന്നിവ വളർത്തുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ പന്തളം മാന്തറയിൽ എം ആനന്ദകൃഷ്ണൻ ആണ് മികച്ച യുവകർഷകൻ. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 35 വയസിൽ താഴെയുള്ള യുവതീ യുവാക്കളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്. ഫാമിലെ വരുമാനം, ശാസ്ത്രീയ പരിപാലനമുറകൾ, മാലിന്യ സംസ്കരണം, യന്ത്രവൽക്കരണം മുതലായ ഘടകങ്ങളെ ഇതിൽ പരിഗണിച്ചിട്ടുണ്ട്.
മികച്ച പൗൾട്രി കർഷകയ്ക്കുള്ള പുരസ്കാരം (50,000 രൂപ, പ്രശസ്തി പത്രം, ഫലകം) കണ്ണൂർ കാനൂർ , ബക്കളത്തെ കെ.വി.സിമിയ്ക്ക് ലഭിച്ചു. മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട, താറാവ് എന്നിവയെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന കർഷകരെയാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. വില്ലേജ് ടേസ്റ്റ് എന്ന പേരിൽ മുട്ടകൾ ബ്രാൻ്റ് ചെയ്ത് വിൽക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മൃഗസംരക്ഷണ വകുപ്പിലെ 7 ഉദ്യോഗസ്ഥർക്കാണ് മികവിന്റെ അടിസ്ഥാനത്തിൽ പുരസ്കാരങ്ങൾ നൽകിയത്. അവാർഡുകൾ ലഭിച്ചവർ ചുവടെ.
- മികച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസർ
ഡോ. പി കെ മനോജ് കുമാർ, കോട്ടയം
- മികച്ച ഡെപ്യൂട്ടി ഡയറക്ടർ
ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ, മലപ്പുറം
- മികച്ച ഫാം ഓഫീസർ
ഡോ. സിബി കെ ചാക്കോ, അസിസ്റ്റന്റ്റ് ഡയറക്ടർ, പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം, ചാത്തമംഗലം, കോഴിക്കോട്
- മികച്ച എക്സ്റ്റൻഷൻ ഓഫീസർ
ഡോ. മുഹമ്മദ് ആസിഫ്, വെറ്ററിനറി സർജൻ, കട്ടിപ്പാറ, കോഴിക്കോട്
- മികച്ച വെറ്ററിനറി സർജൻ
ഡോ. നെൽസൺ എം മാത്യു. വെറ്ററിനറി സർജൻ, പാറത്താനം, കോട്ടയം
- മികച്ച ഫീൽഡ് ഓഫീസർ
ബിജുക്കുട്ടി, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, തിരുവനന്തപുരം
- മികച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ
മനേഷ് കുമാർ എസ് എസ്, വെറ്ററിനറി ഡിസ്പെൻസറി, ഇലകമൺ, തിരുവനന്തപുരം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

