
സാധാരണക്കാരൻ്റെ വേദനയെ ചിരിയിലൂടെ ആവിഷ്കരിച്ച അതുല്യ കലാകാരന് നാടിൻ്റെ അന്ത്യാഞ്ജലി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്നു. ശ്രീനിവാസനെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. എറണാകുളം ഉദയംപേരൂർ കണ്ടനാട്ടുള്ള ശ്രീനിവാസൻ്റെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം.
തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് രാവിലെ മുതൽ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്. പത്തുമണിക്ക് നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങ് ജനത്തിരക്ക് മൂലം പതിനൊന്നരയ്ക്കു ശേഷമാണ് നടന്നത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ വിമലയും ഒപ്പമുണ്ടായിരുന്നു.
ALSO READ; നർമ്മവും നവീനതയും ഒന്നിച്ചപ്പോൾ: ശ്രീനിവാസൻ–പ്രിയദർശൻ കൂട്ടുകെട്ടിന്റെ സിനിമാ ചരിത്രം
എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന സന്ദേശമെഴുതിയ കടലാസും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് പൂക്കൾക്കൊപ്പം ആത്മ സുഹൃത്തിൻ്റെ ചിതയിൽ സമർപ്പിച്ചത് കണ്ടു നിന്നവരുടെ കണ്ണ് നനയിച്ചു. സർക്കാരിൻറെ പ്രതിനിധിയായി കൃഷി മന്ത്രി പി പ്രസാദ് ചടങ്ങിന്റെ ആദ്യാവസാനം വീട്ടിലുണ്ടായിരുന്നു. തമിഴ് നടൻ സൂര്യ, നടൻ പൃഥ്വിരാജ്, സംവിധായകൻ ഫാസിൽ എന്നിവർ ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖരും എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളും ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ശ്രീനിവാസൻ വിടപറഞ്ഞത്. രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


