
സാമ്പത്തിക വെല്ലുവിളികൾ ശക്തമായിരിക്കെ സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ടുള്ള 2026–27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. വരുമാന വർധന, സാമ്പത്തിക അച്ചടക്കം, സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളെ ഒരേസമയം മുന്നോട്ട് നയിക്കുന്ന ബജറ്റാണിതെന്ന് വൈദ്യുതമന്ത്രി കെ കഷ്ണൻ കുട്ടിയുടെ സമഗ്ര ബജറ്റ് വിശകലനത്തിൽ പറയുന്നു.
2026–27-ൽ 1.82 ലക്ഷം കോടി രൂപയുടെ റവന്യൂ വരവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. റവന്യൂ കമ്മി 34,587 കോടി രൂപയായി (GSDP-യുടെ 2.12%) പരിമിതപ്പെടുത്താൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെ വർധനവ് ലക്ഷ്യമിടുന്നതിലൂടെ നികുതി പിരിവ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള സർക്കാർ നീക്കം വ്യക്തമാണ്. കൊച്ചിയിൽ സ്ഥാപിക്കുന്ന ഫിനാൻസ് ടവർ, ജിഎസ്‌ടി നിരീക്ഷണ സംവിധാനങ്ങളുടെ ആധുനികവൽക്കരണം എന്നിവ ധനകാര്യ ഭരണം ശാസ്ത്രീയമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
Also read : പ്രതിസന്ധികളിലെ പ്രവാസി കരുതലിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഊർജ്ജമേഖലയ്ക്ക് 1309.84 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കും ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങൾക്കും ഊന്നൽ നൽകി. ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്കായി 7.18 കോടി രൂപയും ഗ്രീൻ എനർജി കോറിഡോർ ഉൾപ്പെടെയുള്ള ബാഹ്യസഹായ പദ്ധതികൾക്കായി 150 കോടി രൂപയും അനുവദിച്ചു.
ഗ്രാമപഞ്ചായത്തുകളെ ഊർജ്ജ സ്വയംപര്യാപ്തമാക്കുന്ന കമ്മ്യൂണിറ്റി സോളാർ പദ്ധതി ബജറ്റിലെ പ്രധാന ആകർഷണമായി. ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ വീതം നൽകുന്ന പദ്ധതിയുടെ പൈലറ്റ് പദ്ധതി തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്ത് നടപ്പാക്കും. ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങളും സ്മാർട്ട് മീറ്ററുകളും കെഎസ്ഇബിയുടെ ആധുനികവൽക്കരണത്തിന് വഴിയൊരുക്കും. വിദൂര ആദിവാസി ഊരുകളിൽ സൗരോർജ്ജം എത്തിക്കാൻ ഏഴ് കോടി രൂപയും നീക്കിവെച്ചു.
വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയും കൊച്ചിയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ പദ്ധതിയിലൂടെ കേരളത്തിന്റെ വ്യവസായ ഭൂപടം തന്നെ മാറുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. തോറിയം, സ്കാൻഡിയം തുടങ്ങിയ റെയർ എർത്ത് മൂലകങ്ങളെ ആധാരമാക്കി ചവറയെ പ്രധാന ഹബ്ബായി വികസിപ്പിക്കും. ബഹിരാകാശം, പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങൾ, ഡ്രോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ഏകദേശം 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
സാമൂഹിക സുരക്ഷാ മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകി. അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനം വർധിപ്പിച്ചു. ക്ഷേമപെൻഷനുകൾക്കായി 14,500 കോടി രൂപ വകയിരുത്തി.സർക്കാർ ജീവനക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പുനൽകുന്നതും ഡി.എ, ഡി.ആർ കുടിശ്ശികകൾ ഘട്ടംഘട്ടമായി തീർക്കുമെന്ന പ്രഖ്യാപനവും ജീവനക്കാർക്ക് വലിയ ആശ്വാസമായി.
Also read : പ്രതിസന്ധികളിലെ പ്രവാസി കരുതലിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
കാർഷിക മേഖലയ്ക്കായി 2071.95 കോടി രൂപയാണ് നീക്കിവെച്ചത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി 22.27 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം അങ്കമാലി എം.സി റോഡ് വികസനത്തിന് കിഫ്ബി വഴി 5217 കോടി രൂപ ഫണ്ട് നൽകും. തിരുവനന്തപുരം കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് തുടക്കം കുറിക്കുന്നതും ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
ആരോഗ്യ മേഖലയിലെ ‘ലൈഫ് സേവർ’ പദ്ധതിയിലൂടെ അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം പണരഹിത ചികിത്സ ഉറപ്പാക്കും. അശരണരായ വയോധികർക്കായി റിട്ടയർമെന്റ് ഹോമുകൾക്ക് സബ്സിഡിയും ഓൺ കോൾ വോളന്റിയർ സേവനവും പ്രഖ്യാപിച്ചു. ഐടി മേഖലയിലെ വികസനത്തിന് കൊച്ചി ഇൻഫോപാർക്കിൽ ‘സൈബർ വാലി’ സ്ഥാപിക്കും. ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക ഹബ്ബുകളും ഒരുക്കും. പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് സ്ക്രാപ്പേജ് ബോണസും ഇലക്ട്രിക് വാഹനങ്ങൾക്ക് പലിശയിളവും പ്രഖ്യാപിച്ചതിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനും പ്രോത്സാഹനം നൽകുന്നു.
Also read : ലോക കേരള സഭ: വിദേശകാര്യ മന്ത്രാലയം പോലും വിരൽ ചൂണ്ടുന്ന കേരള മാതൃക
സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന സമതുലിത ബജറ്റാണ് 2026–27ലെ സംസ്ഥാന ബജറ്റ്. പാരമ്പര്യ മേഖലകളെ സംരക്ഷിക്കുന്നതോടൊപ്പം ആധുനിക സാങ്കേതികവിദ്യകളും വൻ നിക്ഷേപങ്ങളും കേരളത്തിലേക്ക് ആകർഷിക്കാനുള്ള സർക്കാരിന്റെ ദീർഘദർശനമാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്. എന്നും വൈദ്യുത മന്ത്രിയുടെ ബജറ്റ് വിശകലനത്തിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

