
സംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും. പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് രണ്ടു പദ്ധതികളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഓട്ടോ സ്റ്റാൻഡുകൾ ആധുനികവൽക്കരിക്കാനും പദ്ധതിയുണ്ട്. പരിസ്ഥിതി സൗഹാർദമായ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയിലേക്കുള്ള മാറ്റത്തിനാണ് ഇതിൽ പ്രഥമ പിന്തുണ. പുതിയതിലേക്ക് മാറാനും പഴയത് മാറ്റാനുമായി രണ്ടു തലത്തിലുള്ള സഹായം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകും. ഇതിനൊപ്പം പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ALSO READ: കാർഷിക രംഗത്ത് വളർച്ചയുടെ കാലം; കാർഷിക മേഖലയ്ക്കായി 2000 കോടി രൂപ
കേരളത്തിലുടനീളമുള്ള 5000-ത്തിൽ അധികം അനൗപചാരിക ഓട്ടോ സ്റ്റാന്റുകൾ സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുന്നതും പദ്ധതിയിൽ പറയുന്നു. സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചർജിങ് സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾപ്പെടുന്നതാവും ഇവ. സംസ്ഥാനത്ത് വലിയ ഒരു വിഭാഗം ആളുകൾ പൊതു ഗതാഗതത്തിനായി പ്രാദേശിക തലത്തിൽ ആശ്രയിക്കുന്നത് ഓട്ടോ ആണ്. ഇത് മനസിലാക്കിയാണ് ഈ ബജറ്റിലെ പ്രഖ്യാപനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

