
വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് പൂർണ്ണപിന്തുണയാണ് ധനകാര്യമന്ത്രി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിക മേഖലയെ സംബന്ധിച്ച് വലിയ കുതിച്ചു ചട്ടത്തിലേക്ക് നയിക്കുന്ന ബജറ്റ് ആണ് ഇന്നലെ അവതരിപ്പിച്ചത്. കെപിപിഎല്ലിന്‍റെ അടുത്ത ഫേസിനു വേണ്ടി 740 കോടി അനുവദിച്ചത് അടുത്ത കാലത്തെ ഏറ്റവും വലിയ നിക്ഷേപമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ വേണ്ടത്ര ഉപയോഗിക്കാതെ കിടക്കുന്ന ധാതുസമ്പത്ത് ഉപയോഗിക്കുന്നതിനായി കൊല്ലത്ത് പുതിയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. മിഷൻ വൺ ലാക്ക് എന്നപേരിൽ ഒരു കോടി ടേണോവറുള്ള ആയിരം സംരംഭങ്ങൾ, സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള വ്യവസായ പാർക്ക് എന്നിവ ആരംഭിക്കും. വിഴിഞ്ഞത്തിന്‍റെ സാധ്യതകൾ ഉപയോഗിക്കാൻ 1000 കോടി മാറ്റിവെക്കും.
ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തിനെതിരെ മന്ത്രി പി രാജീവ് ആഞ്ഞടിക്കുകയും ചെയ്തു. കഴിഞ്ഞ തവണ രമേശ് ചെന്നിത്തല ബജറ്റ് ‘ബഡായി ബജറ്റ്’ ആണെന്ന് പറഞ്ഞു. അതിന്റെ തനിയാവർത്തനമാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ക്ഷേമം മാത്രം അല്ല സർക്കാർ ചേർത്ത് പിടിക്കേണ്ട എല്ലാവരെയും ചേർത്ത് പിടിച്ചിട്ടുണ്ട്. ദീർഘ വീക്ഷണത്തോട് കൂടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇത് നടപ്പിലാക്കാൻ കഴിവുള്ള സർക്കാർ വീണ്ടും വരേണ്ട ആവശ്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിന് അനുകൂല വിധിയുണ്ടായതിലും മന്ത്രി പ്രതികരിച്ചു. കേരളത്തിൽ വരേണ്ട കമ്പനിയെ ഓടിപ്പിച്ചവർക്ക് വിധി വന്നപ്പോൾ സന്തോഷം ആയില്ലേ എന്ന് പി രാജീവ് ചോദിച്ചു. മീഡിയവരെ കൊട്ടിഘോഷിച്ചു. നമ്മുടെ നാട്ടിലേക്ക് വരേണ്ട നിക്ഷേപങ്ങളെ ഇല്ലാതാക്കി. ഇതിനെപറ്റി അറിയില്ല എങ്കിൽ അറിവുള്ളവരുമായി ചർച്ച നടത്തണമെന്നും സൂര്യന് കീഴിലുള്ള എല്ലാം അറിയാം എന്നു ധരിച്ച് ഇടങ്കോലിടരുതെന്നും പ്രതിപക്ഷത്തിനെതിരെ മന്ത്രി വിമർശനം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


