വിദ്യാഭ്യാസ-തൊഴിൽ മേഖലകൾക്ക് കരുത്തായി സംസ്ഥാന ബജറ്റ്; വിപ്ലവകരമായ മാറ്റങ്ങളെന്ന് മന്ത്രി വി. ശിവൻകുട്ടി

minister v sivankutty

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനും തൊഴിൽ മേഖലയിൽ പുത്തൻ ഉണർവ് നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് 2026-27 സംസ്ഥാന ബജറ്റിലുള്ളതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനക്ഷേമകരമായ നിർദ്ദേശങ്ങളെ കൈയടിയോടെയാണ് കേരളം സ്വീകരിച്ചതെന്നും കഴിഞ്ഞ പത്ത് വർഷത്തെ വികസന കുതിപ്പിന് വേഗത കൂട്ടുന്ന പദ്ധതികളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ-തൊഴിൽ വകുപ്പുകളെ ബജറ്റിന്റെ ആദ്യ മുൻഗണനകളിൽ ഉൾപ്പെടുത്തിയതിനും കഴിഞ്ഞ വർഷത്തെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിന് വകുപ്പുകളെ അഭിനന്ദിച്ചതിനും അദ്ദേഹം ധനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി.

ALSO READ : കേരളത്തിന്റേത് ബദൽ വികസന മാതൃക; സംസ്ഥാനത്തിന് കുതിപ്പേകുന്ന ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി ആകെ 1128.71 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന 43 ലക്ഷത്തോളം വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ്. ഇതിനായി 15 കോടി രൂപ നീക്കിവെച്ചു.

അപകടം മൂലം മരണം സംഭവിച്ചാൽ മൂന്ന് ലക്ഷം രൂപയും, പരിക്കുകൾക്ക് 75,000 രൂപ വരെ ചികിത്സാ സഹായവും നൽകുന്ന ഈ പദ്ധതിയുടെ പ്രീമിയം മുഴുവനായും സർക്കാർ വഹിക്കും. രാജ്യത്ത് തന്നെ ആദ്യമായി സ്‌കൂൾ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടുത്തിയതും ഇതിനായി 20,000 റോബോട്ടിക് കിറ്റുകൾ അധികമായി വിതരണം ചെയ്യാൻ തീരുമാനിച്ചതും വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിപ്ലവത്തിന് കരുത്തേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ : കേന്ദ്ര അവഗണനയ്ക്കിടയിലും ജനകീയ മുന്നേറ്റം; ഇത് അതിജീവനത്തിന്റെ ബജറ്റെന്ന് സി.പി.ഐ എം

ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിലും സംസ്ഥാന സർക്കാർ 410.66 കോടി രൂപ വകയിരുത്തി പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും. കൂടാതെ, സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിൽ 25 രൂപയുടെയും പ്രീ-പ്രൈമറി അധ്യാപകരുടെ വേതനത്തിൽ 1000 രൂപയുടെയും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

എയ്ഡഡ് എൽ.പി മുതൽ സർക്കാർ യു.പി വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ട് ജോഡി കൈത്തറി യൂണിഫോം നൽകാനായി 150.34 കോടി രൂപയും അനുവദിച്ചു. സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിനായി 167 കോടി രൂപയും ഗോത്രമേഖലയിലെ വിദ്യാഭ്യാസത്തിനായി 60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തടസ്സരഹിത വിദ്യാലയങ്ങൾക്കായി 11 കോടി രൂപയും മാറ്റിവെച്ചു.

ALSO READ : സാധാരണക്കാരെ ചേർത്തുപിടിച്ച ജനപക്ഷ ബജറ്റ് : കെഎസ്കെടിയു

തൊഴിൽ മേഖലയിൽ യുവജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. 18 മുതൽ 30 വയസ്സ് വരെയുള്ള തൊഴിലില്ലാത്തവർക്ക് പരിശീലന കാലയളവിൽ പ്രതിമാസം 1000 രൂപ നൽകുന്ന ‘കണക്ട് ടു വർക്ക്’ സ്‌കോളർഷിപ്പിനായി 400 കോടി രൂപ നീക്കിവെച്ചു. അങ്കണവാടി, ആശാ വർക്കർമാർ എന്നിവരുടെ ഓണറേറിയത്തിൽ 1000 രൂപയുടെയും അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയുടെയും വർദ്ധനവ് വരുത്തി.

ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി 20 കോടി രൂപയും മോട്ടോർ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ വാങ്ങാൻ പ്രത്യേക ലോൺ പദ്ധതിയും പ്രഖ്യാപിച്ചു. ഐടിഐകളുടെ നവീകരണത്തിനായി 482 കോടി രൂപ ചെലവഴിക്കും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ : കേരള ബജറ്റ്: സാമൂഹിക പുരോഗതിക്കും പശ്ചാത്തല സൗകര്യ വികസനത്തിനും കരുത്തേകുന്നതെന്ന് ഫിക്കി

മന്ത്രി വി. ശിവൻകുട്ടി പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തിന് 24 കോടി രൂപയുടെ വികസന പദ്ധതികൾ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. പാപ്പനംകോട്-വിശ്വംഭരൻ റോഡ് വികസനത്തിന് 10 കോടി രൂപയും, ചാല സ്‌കൂൾ കെട്ടിടത്തിന് 1.85 കോടി രൂപയും ഉൾപ്പെടെയുള്ള പ്രവൃത്തികൾ മണ്ഡലത്തിൽ നടപ്പിലാക്കും. അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹിക സുരക്ഷയിലും ഊന്നിയുള്ള ഈ ബജറ്റ് കേരളത്തിന്റെ ഭാവിക്ക് കരുത്തുറ്റ അടിത്തറയാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News